ലോക്‌സഭാ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുമായി എസ്.ഡി.പി.ഐക്ക് സഖ്യം
national news
ലോക്‌സഭാ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുമായി എസ്.ഡി.പി.ഐക്ക് സഖ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2024, 7:28 pm

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം ചേര്‍ന്ന് എസ്.ഡി.പി.ഐ. സഖ്യകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചകള്‍ ഇതിനോടകം പൂര്‍ത്തിയായെന്ന് എ.ഐ.എ.ഡി.എം.കെ (ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.

ദിണ്ടിഗല്‍ മണ്ഡലത്തില്‍ എസ്.ഡി.പി.ഐ മത്സരിക്കുമെന്ന് കെ. പളനിസ്വാമി വ്യക്തമാക്കി. എസ്.ഡി.പി.ഐ തമിഴ്‌നാട് ഘടകം തലവന്‍ നെല്ലായി മുബാറകുമായി നടന്ന ചര്‍ച്ചക്ക് പിന്നാലെയാണ് പളനിസ്വാമിയുടെ പ്രഖ്യാപനം.

എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന് പാര്‍ട്ടി ജനറല്‍ കെ. പളനിസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എസ്.ഡി.പി.ഐക്ക് പുറമെ ഡി.എം.ഡി.കെ (ദേശീയ മൂര്‍പ്പോക്കു ദ്രാവിഡ കഴകം), പുതിയ തമിഴകം എന്നീ പാര്‍ട്ടികളാണ് എ.ഐ.എ.ഡി.എം.കെ സഖ്യത്തിലുള്ളത്. പുതിയ തമിഴകം (പി.ടി) തെങ്കാശി മണ്ഡലത്തില്‍ മത്സരിക്കും. തിരുവള്ളൂര്‍, സെന്‍ട്രല്‍ ചെന്നൈ, കടലൂര്‍, തഞ്ചാവൂര്‍, വിരുദുനഗര്‍ എന്നീ മണ്ഡലങ്ങളില്‍ ഡി.എം.ഡി.കെയും മത്സരിക്കും.

നോര്‍ത്ത് ചെന്നൈ, സൗത്ത് ചെന്നൈ, ആരക്കോണം, കാഞ്ചീപുരം, വില്ലുപുരം ഉള്‍പ്പെടെയുള്ള 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എ.ഐ.എ.ഡി.എം.കെ നേരത്തെ പുറത്തുവിട്ടിരുന്നു. മുന്‍ എം.പി ജെ. ജയവർധൻ, മുന്‍ എം.എല്‍.എ ഡോ. പി. ശരവണന്‍ എന്നിവരടങ്ങുന്നതാണ് സ്ഥാനാര്‍ത്ഥികള്‍.

Content Highlight: SDPI alliance with AIADMK in Tamil Nadu