ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് മര്‍ദ്ദിച്ചെന്ന് എസ്.ഡി.പി.ഐ ആരോപണം; ബുധനാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച്
Kerala News
ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് മര്‍ദ്ദിച്ചെന്ന് എസ്.ഡി.പി.ഐ ആരോപണം; ബുധനാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st December 2021, 8:52 pm

അലപ്പുഴ: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ആഹ്വാനം ചെയ്ത് എസ്.ഡി.പി.ഐ. ബുധനാഴ്ച്ചയാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ എസ്.ഡി.പി.ഐ തീരുമാനിച്ചത്.

ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്നു പുറത്താക്കുക, കെ.എസ്. ഷാന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ വത്സന്‍ തില്ലങ്കേരിയെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.

ആലപ്പുഴയില്‍ നടന്ന കൊലപാതകക്കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ്, പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചതായിട്ടാണ് ആരോപണം.

എസ്.ഡി.പി.ഐയുടെ സംസ്ഥാന പ്രസിഡന്റ് അഷറഫ് മൗലവിയാണ് വാര്‍ത്തസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. ‘ഇന്നലെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്ന് രണ്ടു പേരെ പൊലീസ് കൊണ്ടുപോയി. രാത്രി കൊണ്ടുപോയ ഫിറോസ് എന്ന 25കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഡി.വൈ.എസ്.പി ഓഫീസില്‍ ക്യാമറയുള്ളതിനാല്‍ എ.ആര്‍ ക്യാമ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. അതിലൊരാള്‍ക്ക് മൂത്രം പോകാത്ത അവസ്ഥ വന്നു. മറ്റു ശാരീരിക പ്രശ്നങ്ങളും വന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ പറഞ്ഞത് പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്നാണ്. മാറ്റിനിര്‍ത്തി മര്‍ദ്ദിക്കുമ്പോള്‍ അവര്‍ പറയുന്നത് ജയ് ശ്രീറാം വിളിക്കാനാണ്. സനാതന ധര്‍മാധിഷ്ഠിത ഹൈന്ദവതയില്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് ശ്രീരാമന്‍. ഇന്നു ശ്രീരാമന്റെ പേരു കേള്‍ക്കുമ്പോള്‍ കുറേയാളുകള്‍ ഭയപ്പെടേണ്ട സ്ഥിതിയാണ് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ശ്രീരാമന്റെ പേരു പറഞ്ഞ് കൊല വിളിക്കുന്നു. പൊലീസുകാര്‍ അതുവിളിക്കാന്‍ നിര്‍ബന്ധിക്കുന്നു’- എന്നാണ് അഷ്റഫ് പറഞ്ഞത്.

അതേസമയം ആലപ്പുഴയില്‍ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്.

പ്രതികള്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ബൈക്കുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ണഞ്ചേരി ഭാഗത്തുനിന്നാണ് ബൈക്ക് കണ്ടെത്തിയത്. നിലവില്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.

12 പേരടങ്ങിയ സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമായിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം.

നേരത്തെ, എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായവരെന്ന് ആലപ്പുഴ എസ്.പി പറഞ്ഞു. ഗൂഢാലോചനയിലും ആസൂത്രണത്തിലുമടക്കം പങ്കെടുത്തവരാണ് പിടിയിലായതെന്ന് എസ്.പി പറഞ്ഞു.


ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാന്റെ കൊലപാതകത്തില്‍ ഇനി എട്ട് പേരെയാണ് പിടികൂടാനുള്ളത്.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡിയിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്താനെത്തിയ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായ രണ്ടുപേര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

SDPI alleges police beat ask call Jai sree Ram; Secretariat March on Wednesday