എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
Kerala News
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2020, 12:11 pm

കണ്ണൂര്‍: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന ബി.ജെ.പി പ്രവര്‍ത്തകരാണ് പിടിയിലായത്.

പിടിയിലായവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ പ്രധാന ബി.ജെ.പി പ്രവര്‍ത്തകരാണ് ഇവര്‍. മൂവര്‍ക്കും കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.

അതിനിടെ കൊലയാളികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ കണ്ടെത്തി. വാടകക്ക് എടുത്ത റിറ്റ്സ് കാറാണ് നമ്പൂതിരി കുന്നിലെ റബര്‍ എസ്റ്റേറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. കോളയാട് സ്വദേശിയുടേതാണ് കാര്‍.

ബൈക്കിലെത്തിയ കൊലയാളികള്‍ കൊലപാതക ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയും പിന്നീട് കാര്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് നിഗമനം.

അതേസമയം സലാഹുദ്ദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആണ്. മരണശേഷം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.

വെട്ടേറ്റ ശേഷം സലാഹുദ്ദീനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാര്‍, ആംബുലന്‍സ് ഡ്രൈവര്‍, പൊലീസുകാര്‍, ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വെച്ചായിരുന്നു സലാഹുദ്ദീന് വെട്ടേറ്റത്. സഹോദരിമാരോടൊപ്പം കാറില്‍ പോകവേ ഒരു ബൈക്ക് വന്നു കാറില്‍ തട്ടി. രണ്ടാളുകള്‍ നിലത്തു വീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചുതന്നെ സലാഹുദ്ദീന്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

2018 ജനുവരിയില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീന്‍. കണ്ണവത്തെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവായ സലാഹുദ്ദീന്‍ ശ്യാമപ്രസാദ് കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.

ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സലാഹുദ്ദീനെ കൊലപ്പെടുത്തിയതെന്നും പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

കൂടാതെ കൂത്തുപറമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ സലാഹുദ്ദീനെ ഒരു സംഘം പിന്തുടര്‍ന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തുനിന്നിരുന്നതായും പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍ പതിനൊന്ന് പേരുണ്ടായിരുന്നതായും കാറില്‍ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിര്‍ണായകമാണെന്നും പൊലീസ് പറയുന്നു.

സലാഹുദ്ദീന്റെ കാറില്‍ ബൈക്ക് ഇടിച്ചാണ് കുറ്റവാളികള്‍ അപകടം സൃഷ്ടിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ശബ്ദം കേട്ട് പ്രദേശവാസികള്‍ വന്നുവെങ്കിലും പ്രശ്‌നം ഞങ്ങള്‍തന്നെ പറഞ്ഞുതീര്‍ത്തോളാം എന്ന് പറഞ്ഞ് അവരെ കുറ്റവാളികള്‍ പറഞ്ഞുവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SDPI Salahudheen Murder BJP