അഭിമന്യു കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായത് എസ്.ഡി.പി.ഐ നേതാവ്
abhimanyu murder
അഭിമന്യു കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായത് എസ്.ഡി.പി.ഐ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 9:39 am

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കാലാവാലാ നവാസ്, ജഫ്രി എന്നിവരാണ് അറസ്റ്റിലായത്.

ഇയാള്‍ കൊലപാതകം നടക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കൊലപാതകം നടത്തിയ 11 അംഗ സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് നിഗമനം.


Also Read:ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് കേന്ദ്രമന്ത്രിയുടെ സ്വീകരണം


അതേസമയം, പ്രതികള്‍ക്ക് മഹാരാജാസ് കോളജിലെത്താനും കൃത്യം നടത്തിയശേഷം രക്ഷപ്പെടാനും ഇയാള്‍ സഹായം ചെയ്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നവാസ് ഉള്‍പ്പെടെ 100 ഓളം പ്രവര്‍ത്തകരുടെ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ച് പൊലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയാണ് നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മട്ടാഞ്ചേരി ജ്യൂടൗണ്‍ സ്വദേശിയാണ് നവാസ്.

കേസിലെ പ്രതികളായ പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ്, കോട്ടയം കറുകച്ചാല്‍ കങ്ങഴ ബിലാല്‍, ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ്, നെട്ടൂര്‍ പഴയ ജുമാ മസ്ജിദിനു സമീപം നങ്ങ്യാരത്തു പറമ്പ് വീട്ടില്‍ സൈഫുദ്ദീന്‍ എന്നിവരെ കഴിഞ്ഞദിവസങ്ങളില്‍ അറസ്റ്റു ചെയ്തിരുന്നു. കൂട്ടുപ്രതികളായവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


Also Read:യുവാവിനെ വെടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു


സംഭവ ദിവസം ഇവര്‍ 12 പേരുടെ സാന്നിധ്യം മഹാജാരാജ് കോളജ് പരിസരത്തുണ്ടായിരുന്നതായി സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളജ് വിദ്യാര്‍ഥികളായ അറസ്റ്റിലായ പ്രതി ഫറൂക്ക്, ഒളിവില്‍ പോയ എ.ഐ മുഹമ്മദ് എന്നിവരെ കോളജില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. പുറത്തുനിന്നുള്ള പ്രതികളെ ക്യാമ്പസിലേക്കു കൊണ്ടുവന്നത് മുഹമ്മദാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.


Also Read:“കാനറി പട അല്ല, കാലിടറി പട”; ബെല്‍ജിയത്തിനെതിരായ ബ്രസീലിന്റെ പ്രകടനത്തില്‍ കടകംപള്ളിയെ ട്രോളി എം.എം മണി


കൂടാതെ കൊല്ലപ്പെട്ട ദിവസം രാവിലെ മുതല്‍ അഭിമന്യുവിനെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതും മുഹമ്മദാണെന്നാണ് സൂചന. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ഇടുക്കി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ ഏറണാകുളത്തുനിന്നും തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് മുഹമ്മദാണോയെന്ന് ഉറപ്പുവരുത്താന്‍ അഭിമന്യുവിന്റെ ഫോണ്‍ വിളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സൈബര്‍ സെല്‍ നടത്തുന്നുണ്ട്. മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയാണ് മുഹമ്മദ്.