കൊവിഡ് സ്ഥിരീകരിച്ച ദല്‍ഹി ആരോഗ്യമന്ത്രിക്ക് പ്ലാസ്മ തെറാപ്പി നടത്തി; 24 മണിക്കൂര്‍ നിരീക്ഷണത്തില്‍
national news
കൊവിഡ് സ്ഥിരീകരിച്ച ദല്‍ഹി ആരോഗ്യമന്ത്രിക്ക് പ്ലാസ്മ തെറാപ്പി നടത്തി; 24 മണിക്കൂര്‍ നിരീക്ഷണത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th June 2020, 12:20 pm

ന്യൂദല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന് പ്ലാസ്മ തെറാപ്പി നടത്തി. ഇപ്പോള്‍ പനിയില്ലെന്നും 24 മണിക്കൂര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷിക്കുമെന്നും സത്യേന്ദര്‍ ജെയിനിന്റെ ഓഫീസ് വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് ആരോഗ്യമന്ത്രിയെ പ്ലാസ്മ തെറാപ്പിക്കായി ദല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജൂണ്‍ 17നാണ് സത്യേന്ദര്‍ ജെയിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ന്യുമോണിയ ബാധയുണ്ടായതിനെ തുടര്‍ന്ന് മന്ത്രിയുടെ ആരോഗ്യ നിലമോശമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ അദ്ദേഹം രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലായിരുന്നു. ആരോഗ്യ നിലമോശമായതിനെ തുടര്‍ന്നാണ് പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കുന്നത്.

സത്യേന്ദര്‍ ജെയിനിന് കൊവിഡ് സ്ഥിരീകരിച്ച അതേ ദിവസം ദല്‍ഹിയില്‍ ഒരു ആം ആദ്മി പാര്‍ട്ടി എം.എല്‍.എയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം ദല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ദല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരെ നിര്‍ബന്ധമായും അഞ്ച് ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ ആക്കിയതിന് ശേഷം മാത്രമേ ഹോം ക്വാറന്റീനില്‍ വിടാവൂ എന്ന് ദല്‍ഹി ലഫ്. ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കി.

3137 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53,116 ആയി. 27,512 പേരാണ് ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

66 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,035 ആയി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ