അയോധ്യ: മൂന്നു ദശാബ്ദത്തിനിടെ ആദ്യമായി അയോധ്യയില്‍ രാമക്ഷേത്രത്തിനു വേണ്ടി നടന്നുകൊണ്ടിരുന്ന കൊത്തുപണി നിര്‍ത്തിവെച്ചു. 10 ദിവസത്തിനുള്ളില്‍ അയോധ്യാക്കേസില്‍ വിധി വരാനുള്ള സാധ്യത കണക്കിലെടുത്താണിത്.
1990 മുതല്‍ അയോധ്യയിലെ നിര്‍മാണ്‍ കാര്യശാലയില്‍ നടന്നുകൊണ്ടിരുന്ന കല്ലിന്റെയും മാര്‍ബിളിന്റെയും കൊത്തുപണിയാണ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
എപ്പോഴാണു കൊത്തുപണി ആരംഭിക്കുന്നതെന്ന കാര്യം രാമ ജന്മഭൂമി ന്യാസ് തീരുമാനിക്കുമെന്നും സംഘനേതൃത്വമാണ് ഇപ്പോള്‍ ഈ തീരുമാനം എടുത്തതെന്നും വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി) വക്താവ് ശരദ് ശര്‍മ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.
ഇതോടെ കര്‍സേവകപുരത്തു പണിയെടുത്തുകൊണ്ടിരുന്നവര്‍ ഗുജറാത്തിലെ ഭുജിലേക്കും സൗരാഷ്ട്രയിലേക്കും മടങ്ങി. അതേസമയം ക്ഷേത്രത്തിനു വേണ്ടിയുള്ള സംഭാവന വാങ്ങിക്കുന്നത് കര്‍സേവകപുരത്തെ വി.എച്ച്.പി ഡെസ്‌കില്‍ നടക്കുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവ് മുഖ്യമന്ത്രിയായിരുന്ന 1990-ലാണ് വി.എച്ച്.പി ക്ഷേത്രത്തിനു വേണ്ടിയുള്ള കൊത്തുപണി ആരംഭിച്ചത്. ഇതുവരെ ഒന്നേകാല്‍ ലക്ഷം ക്യുബിക് അടി കല്ലിന്റെ പണി കഴിഞ്ഞതായാണ് വി.എച്ച്.പിയുടെ അവകാശവാദം.
1992-ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത സമയത്ത് ആര്‍.എസ്.എസിനെയും വി.എച്ച്.പിയെയും ആറുമാസത്തേക്ക് നിരോധിച്ചപ്പോള്‍പ്പോലും കൊത്തുപണി നടന്നിരുന്നതായി അയോധ്യയിലെ പുരോഹിതരിലൊരാളായ യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി പറഞ്ഞു.
അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നും സ്ഥിരമായി അയോധ്യയിലേക്കു കല്ലുകള്‍ ഇറക്കുമതി ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊത്തുപണി നിര്‍ത്തിവെച്ചതില്‍ പുരോഹിതരും ഭക്തരും അടക്കമുള്ളവര്‍ അതിശയം പ്രകടിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.