മനോരമ പുറത്ത് വിട്ട പ്രതിമ തന്റേതല്ലെന്ന് ശില്‍പി വില്‍സണ്‍ പൂക്കായി; 5 ലക്ഷം രൂപ നിര്‍മാണത്തിന് ചെലവായിട്ടില്ലെന്ന് അക്കാദമി മുന്‍ സെക്രട്ടറി
Kerala News
മനോരമ പുറത്ത് വിട്ട പ്രതിമ തന്റേതല്ലെന്ന് ശില്‍പി വില്‍സണ്‍ പൂക്കായി; 5 ലക്ഷം രൂപ നിര്‍മാണത്തിന് ചെലവായിട്ടില്ലെന്ന് അക്കാദമി മുന്‍ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th February 2023, 8:49 am

തിരുവനന്തപുരം: മുന്‍ സംഗീതനാടക അക്കാദമി ചെയര്‍മാനും നടനുമായ മുരളിയുടെ വെങ്കലപ്രതിമ നിര്‍മാണ വിവാദത്തില്‍ പ്രതിമ തന്റേതല്ലെന്ന് ശില്‍പി വില്‍സണ്‍ പൂക്കായി. നടന്‍ മുരളിയുടെ പ്രതിമ നിര്‍മിക്കുന്നതില്‍ പിഴവ് വരുത്തിയെന്ന് ആരോപിച്ച് ‘മനോരമ’ കഴിഞ്ഞ ദിവസം വാര്‍ത്ത കൊടുത്തിരുന്നു. അതില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ശില്‍പി വില്‍സണ്‍ പൂക്കായി.

സംഗീത നാടക അക്കാദമി വളപ്പിന് മുന്നില്‍ സ്ഥാപിച്ച വേറൊരു ശില്‍പിയുടെ രണ്ട് പ്രതിമകളില്‍ ഒന്നാണ് തന്റേതായി മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വെങ്കല പ്രതിമ നിര്‍മാണ ചുമതലയുണ്ടായിരുന്ന ശില്‍പി വില്‍സണ്‍ മാതൃഭൂമിയോട് പറഞ്ഞു.

മുരളിയുടെ അര്‍ധകായ പ്രതിമ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും തയ്യാറാക്കിയ മുഖത്തിന്റെ മാതൃക കൊച്ചിയിലെ വാടകവീട്ടിലായിരുന്നെന്നും വില്‍സണ്‍ പറഞ്ഞു. ആ പ്രതിമ പുറത്ത് പോയിട്ടില്ലെന്നും താനുണ്ടാക്കിയതെന്ന പേരില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന പ്രതിമ രാജന്‍ എന്ന ശില്‍പിയുടേതാണെന്നും വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ‘പ്രതിമ കുളമായി എങ്കിലും ശില്‍പിയെ വെറുതെവിട്ടു’വെന്ന തലക്കെട്ടോട് കൂടി മനോരമ വാര്‍ത്തയിറക്കിയിരുന്നു. അതിന് പിന്നാലെ മറ്റ് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഈ വിഷയം ഏറ്റെടുത്തു.

മുരളിയുടെ പ്രതിമയ്ക്കായി 5.70 ലക്ഷം രൂപ നിര്‍മാണച്ചെലവ് കണക്കാക്കിയാണ് കരാര്‍ നല്‍കിയതെന്നും നിര്‍മിച്ച പ്രതിമക്ക് മുരളിയുമായി സാദൃശ്യം ഇല്ലായിരുന്നുവെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തു. രൂപമാറ്റം വരുത്താന്‍ ശില്‍പിക്ക് അവസരം നല്‍കിയിട്ടും പരാജയപ്പെടുകയും പിഴവുണ്ടായിട്ടും പ്രതിമ അക്കാദമി വളപ്പില്‍ സ്ഥാപിക്കുകയായിരുന്നു. തുക തിരിച്ചടക്കാന്‍ തനിക്ക് വരുമാനമാര്‍ഗമില്ലെന്നും തിരിച്ചടക്കുന്നതില്‍ നിന്ന് ഒഴിവാക്കണെന്ന് അഭ്യര്‍ത്ഥിച്ച ശില്‍പി കത്തയക്കുകയും സര്‍ക്കാര്‍ 5.70 ലക്ഷം രൂപ എഴുതിത്തള്ളുകയായിരുന്നുവെന്നും മനോരമ പറഞ്ഞു. കൂടെ മുരളിയുടെയും പ്രതിമയുടെയും ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.

ഈ വ്യാജ വാര്‍ത്ത നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളും മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍ അക്കാദമി വളപ്പില്‍ ഇപ്പോഴുള്ളത് കല്‍പ്രതിമയാണെന്നും അത് മറ്റൊരു ശില്‍പിയുടേതാണെന്നും പറഞ്ഞ് അക്കാദമി മുന്‍ സെക്രട്ടറി സി.രാവുണ്ണിയും രംഗത്തെത്തി.

‘ഇപ്പോള്‍ അക്കാദമി വളപ്പിലുള്ളത് കല്‍പ്രതിമയാണ്. ഇത് മുരളിക്ക് ആദരാഞ്ജലിയായി, ‘ലങ്കാലക്ഷ്മി’ നാടകത്തിലെ രാവണരൂപത്തെ ശില്‍പി രാജന്‍ കരിങ്കല്ലില്‍ തീര്‍ത്തതാണ്. ഇതിന് 50,000 രൂപയില്‍ താഴെ മാത്രമാണ് അക്കാദമിക്ക് ചെലവായത്,’സി.രാവുണ്ണി പറഞ്ഞു.

വില്‍സണ്‍ തയ്യാറാക്കിയ കളിമണ്‍ മാതൃകക്ക് മുരളിയോട് രൂപസാദൃശ്യമില്ലെന്നും വിലയിരുത്തി നിര്‍മാണം സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു.
അക്കാദമിയുടെ ഭാരവാഹികള്‍ നിര്‍മാണത്തിന് മുരളിയുടെ രണ്ട് ചിത്രങ്ങള്‍ മാറ്റിനല്‍കി. ആദ്യത്തേത് നോക്കി നിര്‍മാണം നടത്തിയെങ്കിലും അന്ന് അധ്യക്ഷയായിരുന്ന കെ.പി.എ.സി ലളിതയുടെ നിര്‍ദേശപ്രകാരം മാറ്റുകയായിരുന്നു. ശില്‍പം പൂര്‍ത്തിയാക്കാന്‍ താല്‍പര്യമുണ്ടെന്ന് അക്കാദമി ചെയര്‍മാനോടും സാംസ്‌കാരിക മന്ത്രിയോടും അറിയിച്ചിട്ടുണ്ടെന്നും വില്‍സണ്‍ പറഞ്ഞു.

ഈ വാര്‍ത്ത വ്യാജമാണെന്ന് അറിഞ്ഞതോട് കൂടി മനോരമക്കും മറ്റ് മാധ്യമങ്ങള്‍ക്കുമെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങള്‍ വഴി വരുന്നത്.

content highlight: Sculptor Wilson claimed that the statue released by Manorama was not his; The former secretary of the academy said that Rs 5 lakh was not spent on the construction