ന്യൂദല്‍ഹി: സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ദല്‍ഹി കോര്‍പ്പറേഷനില്‍ ആം ആദ്മി പാര്‍ട്ടി-ബി.ജെ.പി കൂട്ടത്തല്ല്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തര്‍ക്കം രൂക്ഷമായതോടെ വീണ്ടും വോട്ട് എണ്ണാന്‍ മേയര്‍ നിര്‍ദേശം നല്‍കിയിരുന്നു. മേയര്‍ക്കെതിരെ ബി.ജെ.പി മുദ്രാവാക്യം വിളിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെണ്ണലിനിടെ ഇരുപാര്‍ട്ടിയിലെ അംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ അംഗങ്ങള്‍ പരസ്പരം ചെരുപ്പൂരി അടിക്കുകയും കുപ്പി, പഴങ്ങള്‍ എന്നിവ വലിച്ചെറിയുകയുമായിരുന്നു എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ ഒഒരു വോട്ട് അസാധുവാണെന്ന് മേയര്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു കൂട്ടത്തല്ല്. മേയറുടെ പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി വോട്ട് തടസ്സപ്പെടുത്തി. മേയറുടെ നിലപാട് തെറ്റാണെന്നും വിജയിക്കാന്‍ വേണ്ടി എ.എപി നടത്തിയ കള്ളക്കളിയാണെന്നുമായിരുന്നു ബി.ജെ.പിയുടെ ആരോപണം.
ഏതാനും ബി.ജെ.പി നേതാക്കള്‍ ഇരിപ്പിടത്തിന് മുകളില്‍ കയറി ജയ്ശ്രീ റാം വിളിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇവര്‍ ജയ് വിളിച്ചു. ഇതില്‍ പ്രകോപിതരായ എ.എ.പി കേജ്‌രിവാളിന് ജയ് വിളിക്കുകയായിരുന്നു.
Content Highlight: scuffle in between AAP and BJP in delhi coorporation