ദളിത് പ്രക്ഷോഭം: ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകനെതിരെ കേസെടുത്തു
National
ദളിത് പ്രക്ഷോഭം: ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകനെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd April 2018, 10:28 pm

 

ഗ്വാളിയോര്‍: എസ്.സി-എസ്.ടി നിയമം ദുര്‍ബലപ്പെടുത്താനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ മധ്യപ്രദേശ് ഗ്വാളിയോറില്‍ നടന്ന ദളിത് പ്രക്ഷോഭത്തില്‍ സമരക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തതിന് ബി.ജെ.പി പ്രവര്‍ത്തകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രക്ഷോഭ സമയത്ത് ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെയാണ് രാജ ചൗഹാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

എസ്.സി-എസ്.ടിക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുന്നതില്‍ വ്യവസ്ഥകള്‍ ചേര്‍ത്ത നിയമം ദുര്‍ബലപ്പെടുത്താനുള്ള സുപ്രീം കോടതി നീക്കത്തിനെതിരെയാണ് വിവിധ ദളിത് സംഘടനകള്‍ രാജ്യവാപക സമരങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, സമരം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിച്ചത് സംഘര്‍ഷത്തിലെത്തിക്കുകയായിരുന്നു. മധ്യപ്രദേശില്‍ സംഘര്‍ഷത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

 

 

തിങ്കളാഴ്ചയോടെ രാജ്യത്ത് പ്രതിഷേധം വ്യാപകമാവുകയും ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അക്രമാസക്തമാകുകയും ചെയ്തു. തിങ്കളാഴ്ചത്തെ ബന്ദിന്റെ ഭാഗമായി വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദി ഭരണകക്ഷിയായ ബി.ജെ.പിയാണെന്നാണ് ദളിത് ഗ്രൂപ്പുകള്‍ പറഞ്ഞിരുന്നു.


Also read: ഭാരത് ബന്ദിനെതിരെ സര്‍വണ മാര്‍ച്ച്; രണ്ട് ദളിത് എം.എല്‍.എമാരുടെ വീടുകള്‍ കത്തിച്ചു


“ഈ അതിക്രമങ്ങളെ ഞങ്ങള്‍ അപലപിക്കുകയും ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ബി.ജെ.പി പ്രവര്‍ത്തകരാണ് അതിന് ഉത്തരവാദികള്‍. ദളിതരെയും അവര്‍ നടത്തുന്ന ജനാധിപത്യ പ്രക്ഷോഭത്തേയും മോശമാക്കി ചിത്രീകരിക്കാനാണ് അവര്‍ ഇതു ചെയ്യുന്നത്”, ദളിത് ആക്ടിവിസ്റ്റ് അശോക് ഭാരതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജനക്കുട്ടത്തിനുനേരെ വെടിയുതിര്‍ക്കുന്ന ചിത്രത്തിന്റ അടിസ്ഥാനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Watch DoolNews Video: