കുരുക്ക് മുറുകും; സത്യഭാമക്കെതിരെ അന്വഷണം നടത്താൻ ഡി.ജി.പിക്ക് നിർദേശം നൽകി പട്ടികജാതി കമ്മീഷൻ
Kerala
കുരുക്ക് മുറുകും; സത്യഭാമക്കെതിരെ അന്വഷണം നടത്താൻ ഡി.ജി.പിക്ക് നിർദേശം നൽകി പട്ടികജാതി കമ്മീഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2024, 7:58 pm

തിരുവന്തപുരം: ആര്‍.എല്‍.വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തില്‍ സത്യഭാമക്കെതിരെ അന്വേഷണം നടത്താന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍. അന്വേഷണം നടത്തി പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്.

ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചതില്‍ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം നടത്താൻ ഡി.ജി.പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

അതിനിടെ, നൃത്തം അവതരിപ്പിക്കാന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് ശനിയാഴ്ച കേരള കലാമണ്ഡലത്തില്‍ നിന്നും ക്ഷണം ലഭിച്ചു. സത്യഭാമയുടെ പരാമര്‍ശത്തിന് പിന്നാലെ കലാമണ്ഡലം തന്നെ നേരിട്ട് ആര്‍.എല്‍.വി രാമകൃഷ്ണനെ ക്ഷണിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് കലാമണ്ഡസത്തില്‍ അദ്ദേഹം മോഹിനിയാട്ടം അവതരിപ്പിക്കുക.

ഒരു യൂറ്റൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർ.എൽ.വി രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയത്.

ആർ.എൽ.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷൻമാർക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞത്. ‘മോഹിനിയാട്ടം കളിക്കുന്ന ആളുകൾ എപ്പോഴും മോഹിനി ആയിരിക്കണം. ഇയാളെ കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. മോഹിനിയാട്ടം കളിക്കുന്ന പുരുഷൻമാർക്ക് നല്ല സൗന്ദര്യം വേണം. ഇവനെ കണ്ട് കഴിഞ്ഞാൽ ദൈവം പോലും സഹിക്കില്ല’, സത്യഭാമ പറഞ്ഞു.

സത്യഭാമയുടെ പരാമർശം അപമാനകരമാണെന്നാണ് ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചത്. കറുപ്പ് നിറമുള്ളവർ മോഹിനിയാട്ടം കളിക്കാൻ പാടില്ലെന്നത് അപമാനകരമായ പ്രസ്താവന ആണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരം എന്നതിന് അപ്പുറം കലയിലേക്ക് കടന്ന് വരുന്ന പുതിയ തലമുറക്ക് വേണ്ടി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: scst commission also directed to dgp to conduct investigation against sathyabhama