ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് വിശകലന വിധേയമാക്കപ്പെടേണ്ടതാണ്.
ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ഡി.വൈ ചന്ദ്രചുദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹാദിയ കേസില്‍ ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്‍.ഐ.യുടെ വിശ്വാസ്യത സംബന്ധിച്ച് ഷെഫിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ആര്‍.വി രവീന്ദ്രന്റെ സഹായം തേടാന്‍ കോടതി അനുമതി നല്‍കിയത്.
ആദ്യം കേരളത്തില്‍ നിന്നുള്ള മുന്‍ ജഡ്ജിമാരായിരുന്ന കെ.എസ് രാധാകൃഷ്ണന്‍, കെ.ടി തോമസ് എന്നിവരുടെ പേരാണ് നിര്‍ദേശിച്ചിരുന്നെങ്കിലും ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ പേര് നിര്‍ദേശിച്ചപ്പോഴാണ് യോജിപ്പിലെത്തിയത്. മേല്‍നോട്ട ചുമതലയുള്ള ജഡ്ജി സംസ്ഥാനത്തിന് പുറത്തുള്ള ആളാവണമെന്നുള്ള ഷെഫിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ജഡ്ജിയാകുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനാകിടയുണ്ടെന്നായിരുന്നു ഷെഫിന്റെ വാദം.
ആര്‍.വി രവീന്ദ്രനെ പോലുള്ള ഒരു ന്യൂട്രലായ വ്യക്തി നേതൃത്വം നല്‍കിയില്ലെങ്കില്‍ നീതിപൂര്‍വ്വമായ അന്വേഷണം എന്‍.ഐ.എയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് കോടതിക്കും ബോധ്യമായി എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
എന്‍.ഐ.എയുമായുള്ള ബംഗളൂരുവിലെ സിറ്റിങ്ങിന് കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് രവീന്ദ്രന് ഒരു ലക്ഷം രൂപ നല്‍കണം. അതു പോലെ ബംഗളൂരുവിന് പുറത്തേക്ക് പോകുന്നതിന് പ്രതിദിനം 2 ലക്ഷം രൂപയും യാത്ര, താമസമടക്കമുള്ള ചിലവുകള്‍ക്കുള്ള പൈസയും കൂടാതെ ജീവനക്കാരുടെ ചിലവുകളും. ബില്ല് സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കകം ചിലവാക്കിയതിന്റെ പണം അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കണമെന്നാണ്.
റിട്ടയേര്‍ഡ് ജഡ്ജിക്ക് ഇത്രയധികം വലിയ തോതില്‍ സൗകര്യങ്ങള്‍ നല്‍കി അന്വേഷണം നടത്തുന്നത് പൊരുത്തക്കേടായി വിലയിരുത്തപ്പെടാം. കോടതി ഉത്തരവില്‍ തന്നെ പറയുന്നത് പോലെ നീതിയുക്തമായ അന്വേഷണം എന്നതിനോട് യോജിക്കുന്നതല്ല ഇത്.
വിധി പറയുന്നതിന് മുമ്പ് വീഡിയോ കോണ്‍ഫറന്‍സ് വഴി അഖിലയുമായി സംസാരിക്കുമെന്നാണ് കോടതി പറയുന്നത്. ഹാദിയ എന്നതിന് പകരം അഖില എന്ന് ഹാദിയയെ കോടതി വിളിക്കുമ്പോള്‍ അവരുടെ മതംമാറ്റത്തെ കോടതി അംഗീകരിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.
അന്തിമവിധിക്ക് മുമ്പ് ഹാദിയയുമായി സംസാരിക്കണമെന്ന് കോടതി പറയുമ്പോള്‍ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലുകളെ ഹാദിയ തള്ളിപറഞ്ഞാല്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് ബാധ്യതയാവില്ലെന്നാണ് മനസിലാക്കാവുന്നത്. അങ്ങനെയാണെങ്കില്‍ ഇത്രയധികം പണം നല്‍കി പ്രമുഖനായ റിട്ടയേര്‍ഡ് ജഡ്ജിന് കീഴില്‍ നടത്തിയ അന്വേഷണം തള്ളുമെന്നാണോ.
ഇനി ഹാദിയയുടെ വിശദീകരണം കോടതി കേള്‍ക്കുന്നില്ലെങ്കില്‍ അവസാന നിമിഷം അവരെ കാണണമെന്ന് പറയുന്നതില്‍ കാര്യമില്ല.
ഹാദിയ കുട്ടിയല്ലെന്നും മാതാപിതാക്കളുടെ അവരെ തടങ്കലില്‍ ഇട്ടിരിക്കുകയാണെന്നും കോടതി ഉടന്‍ അവരോട് സംസാരിക്കണമെന്നുമുള്ള കപില്‍സിബലിന്റെയും ഇന്ദിര ജെയ്‌സിങ്ങിന്റെയും വാദം കോടതിക്ക് സ്വീകാര്യമായില്ല. വാദത്തിനിടെ ചീഫ് ജസ്റ്റിസ് ബ്ലൂവെയ്ല്‍ ഗെയ്മിനെ പരാമര്‍ശിച്ചതും അത് യുവാക്കളെയടക്കം എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പറഞ്ഞതും മനസിലാക്കി തരുന്നത് ഹാദിയ സ്വാധീനത്തിന് അടിമപ്പെട്ട് മതപരിവര്‍ത്തനത്തിന് വിധേയായെന്ന് കോടതി വിശ്വസിക്കുന്നുവെന്നാണ്.
ഹാദിയ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മതംമാറിയതെന്ന് കരുതുന്നത് പ്രീ ജഡ്ജിംഗ് ആയിരിക്കുമെന്ന സിബലിന്റെ വാദം കോടതി തള്ളുകയാണുണ്ടായത്.
ഹാദിയയുടെ വിവാഹം റദ്ദാക്കിയുള്ള രണ്ട് ഹൈക്കോടതി ജഡ്ജിമാരുടെ അനുമാനം കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ ഹൈക്കോടതിയിലെ തന്നെ മറ്റൊരു വിധിയില്‍ വിപരീത ഉത്തരവ് വന്നത് സിബല്‍ ചൂണ്ടിക്കാണിക്കുയുണ്ടായി. ഇക്കാര്യത്തില്‍ ഒരു വിധിയെ മാത്രം വിശ്വസിക്കുന്നത് എന്തിനാണെന്ന സിബലിന്റെ ചോദ്യത്തിന് കോടതിക്ക് മറുപടി ഉണ്ടായിരുന്നില്ല.
ഹാദിയ മാതാപിതാക്കളുടെ വീട്ടുതടങ്കലിലാണെന്നും അതു കൊണ്ട് അന്വേഷണത്തില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നുമുള്ള ഷെഫിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ഹാദിയയെ കേള്‍ക്കുന്നതിന് മുമ്പ് മറ്റെല്ലാ ഘടകങ്ങളും പരിശോധിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ നിരീക്ഷിച്ചത്. ഇതിലൂടെ തുറന്ന മനസോടെ ഹാദിയയുമായി സംസാരിച്ച് അവരുടെ ഇഷ്ടം ആരായുന്നതിന് പകരം പക്ഷപാതപരവും മുന്‍വിധികള്‍ നിറഞ്ഞതുമായ പ്രചരണങ്ങളെ കോടതി ആശ്രയിക്കുകയാണ്.