ന്യൂദല്‍ഹി: പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം മാതൃസംസ്ഥാനത്ത് മാത്രമേ ലഭ്യമാകൂവെന്ന് സുപ്രീം കോടതി. മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് അവിടെ ആനുകൂല്യം ലഭിക്കില്ലെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, എന്‍.വി രാമണ, ആര്‍ ഭാനുമതി, എം.എം ശന്തനഗൗണ്ടര്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. ഏകകണ്ഠമായാണ് ബെഞ്ച് ഈ തീരുമാനത്തിലെത്തിയത്. കേന്ദ്രഭരണ പ്രദേശമായ ദല്‍ഹിയുടെ കാര്യത്തില്‍ ഈ വിധി ശരിയല്ലെന്ന നിലപാട് ജസ്റ്റിസ് ഭാനുമതി ഉയര്‍ത്തിയിരുന്നു.
ഒരു പ്രത്യേക സമുദായത്തെ എസ്.സി/എസ്.ടിയായി പ്രഖ്യാപിക്കുന്നത് സംസ്ഥാനവുമായി ബന്ധപ്പെട്ടാണ്. കുടിയേറിയവരെക്കൂടി ഈ പരിധിക്കുള്ളില്‍ കൊണ്ടുവരികയാണെങ്കില്‍ ഈ ആശയം തന്നെ “നിരര്‍ത്ഥകമാകും” എന്നും കോടതി അഭിപ്രായപ്പെട്ടു.
“അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിനോ ജോലിക്കോ ആയി ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തിയെ ആ സംസ്ഥാനത്ത് പട്ടികജാതി വിഭാഗക്കാരായി കാണാനാവില്ല.” എന്നും കോടതി പറഞ്ഞു.