Entertainment news
ജന ഗണ മന രണ്ടാം ഭാഗത്തിന്റെ പേരെന്ത്? പ്രീക്വല്‍ ആണോ സീക്വല്‍ ആണോ: മറുപടിയുമായി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 08, 04:24 pm
Wednesday, 8th June 2022, 9:54 pm

രാജ്യത്തേറെ ചര്‍ച്ചയായ ആനുകാലിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വേറിട്ടൊരു വീക്ഷണരീതിയില്‍ അവതരിപ്പിച്ച സിനിമയാണ് ‘ജന ഗണ മന’. ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തിയ ചിത്രം ജൂണ്‍ രണ്ടിനാണ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഇതിനോടകം തന്നെ പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ നേടിയെടുക്കാന്‍ ജന ഗണ മനക്ക് കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിന്റെ രണ്ടാം ഭാഗം നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. പക്ഷെ എന്താവും ചിത്രത്തിന്റെ പേരെന്നോ, എന്നാവും ചിത്രം വരിക എന്ന് ഒന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എപ്പോഴുണ്ടാകും എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥകൃത്തായ ഷാരിസ് മുഹമ്മദ്.

മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരിസ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ജന ഗണ മന പാര്‍ട്ട് 2 എന്ന് തന്നെയാണ് പേര്. കഥ ഫിക്‌സ് ചെയ്തിട്ടുണ്ട്. ആദ്യ ഭാഗം പറഞ്ഞപ്പോള്‍ തന്നെ മുഴുവന്‍ കഥയും വണ്‍ലൈനായി പൃഥ്വിരാജിനോട് പറഞ്ഞതാണ്.

തിരക്കഥ മുഴുവനായും എഴുതിയിട്ടില്ല. അതാണോ അടുത്ത സിനിമയെന്നത് ഡിജോയും നിര്‍മാതാക്കളുമാണ് തീരുമാനിക്കേണ്ടത്. അവര്‍ ഒരു തീരുമാനത്തിലെത്തുമ്പോള്‍ അതിന്റെ ജോലി തുടങ്ങും.

ജന ഗണ മന 2 കുറച്ചു കൂടി വലിയ കാന്‍വാസില്‍ ചെയ്യേണ്ട ഒരു സിനിമയാണ്. പാന്‍ ഇന്ത്യന്‍ സിനിമയല്ല, ഇന്ത്യന്‍ സിനിമയായിരിക്കും. ജന ഗണ മന ‘ഇന്ത്യന്‍ സിനിമ’ എന്ന് തന്നെയാണ് പറഞ്ഞത്. ഒരു ഇന്ത്യന്‍ ഫീല്‍ കിട്ടുന്ന സിനിമയായിരിക്കും ജനഗണമന 2. പ്രീക്വല്‍ ആണോ സീക്വല്‍ ആണോ എന്ന കാര്യം കാത്തിരിക്കുക തന്നെ വേണം.

26 ദിവസങ്ങളില്‍ 50 കോടിയാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight : Script writter Sharis Muhammed about janaganamana second part