കൊച്ചി: മമ്മൂട്ടിയുമായുണ്ടായ ഒരു പിണക്കത്തിന്റേയും അത് തങ്ങളെ രണ്ട് പേരേയും ബാധിച്ചതിനേയും കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്.
നിര്‍മാതാവ് ബേബി പോളിന്റെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് മമ്മൂട്ടിയുമായി ഒരു വാഗ്വാദം ഉണ്ടാകുന്നതെന്നും കോള്‍ഷീറ്റിന്റെ കാര്യങ്ങളൊക്കെ സംസാരിച്ചുതുടങ്ങിയപ്പോഴായിരുന്നു ക്ലാഷുണ്ടായതെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.
മമ്മൂട്ടിയുമായി കൂടുതല്‍ അടുപ്പമുള്ളതുകൊണ്ട് അനുബന്ധമായി തനിക്ക് ഇടപെടേണ്ടി വരികയായിരുന്നെന്നും എന്നാല്‍ അതിഷ്ടപ്പെടാത്ത മമ്മൂട്ടി തന്റെ നേരെ വല്ലാതെ ചൂടായി സംസാരിക്കുകയും ആ വാക്കുകള്‍ കേട്ടപ്പോള്‍ താനും എന്തൊക്കെയൊ തിരിച്ചുപറഞ്ഞെന്നും കലൂര്‍ ഡെന്നീസ് നിറഭേദങ്ങള്‍ എന്ന ആത്മകഥയില്‍ പറയുന്നു.
‘ മമ്മൂട്ടി എന്നോട് അങ്ങനെ സംസാരിക്കരുതായിരുന്നു. എനിക്കത് വല്ലാതെ ഫീല്‍ ചെയ്തു. അന്തരീക്ഷം ആകെ മോശമായി. ഞങ്ങളുടെ വിജയകൂട്ടുകെട്ടിന് ദോഷം സംഭവിച്ച ദിവസമായിരുന്നു അത്. ഞാന്‍ അപ്പോള്‍ തന്നെ മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും ഇറങ്ങി.
ഈവിവരം എങ്ങനെയോ മണത്തറിഞ്ഞ് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ പ്രതിനിധി എന്നെ കാണാന്‍ മാതയില്‍ വന്നു. കൂടെ ഫോട്ടോഗ്രാഫറുമുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായിത്തന്നെ ഞാന്‍ മറുപടിയും കൊടുത്തു. അടുത്ത ഞായറാഴ്ചത്തെ വാരാന്ത്യ പതിപ്പില്‍ എന്റെ ഫുള്‍പേജ് ഇന്റര്‍വ്യൂ ആണ് അച്ചടിച്ചു വന്നത്.
ഞാന്‍ പറഞ്ഞതും പറയാത്തതുമായ പലതും പൊടിപ്പും തൊങ്ങലും വെച്ചാണ് അവര്‍ എഴുതി പ്പിടിപ്പിച്ചിരിക്കുന്നത്. അതു കണ്ട് ഞാനൊന്ന് ഞെട്ടി. ഉടനെതന്നെ ഇന്റര്‍വ്യൂ എടുത്ത റിപ്പോര്‍ട്ടറെ വിളിച്ചെങ്കിലും അയാളെ കിട്ടിയില്ല. ലാന്‍ഡ്‌ഫോണായതുകൊണ്ട് വിളിക്കുമ്പോഴെല്ലാം ആള് സ്ഥലത്തില്ലെന്ന മറുപടിയാണ് കിട്ടിയത്.
പത്രം കണ്ട് എന്റെ അഭ്യുദയകാംക്ഷികളായ എല്ലാവരും എന്നെ തുരുതുരെ വിളിക്കാന്‍ തുടങ്ങി. ഇതു വേണ്ടിയിരുന്നില്ലെന്നാണ് കൂടുതല്‍ പേരും പറഞ്ഞത്. പക്ഷേ, ഇനി എന്തു ചെയ്യാനാവും? അച്ചടിച്ചുവന്നുപോയില്ലേ?
ഇന്റര്‍വ്യൂ വന്ന ഞായറാഴ്ച ഉത്രാട ദിവസമായിരുന്നു സംവിധായകന്‍ കെ. മധുവിന്റെ വിവാഹം. അന്ന് ഞാനും ജോഷിയും കൂടി കല്യാണത്തിന് മാവേലിക്കരയില്‍ പോകാനായിരിക്കുമ്പോഴാണ് രാവിലെ ഈ ബോംബ് പൊട്ടിയത്. ഇനി കല്യാണത്തിന് പോകണോ വേണ്ടയോ എന്ന് ഞാന്‍ ശങ്കിച്ചു നിന്നപ്പോള്‍ ജോഷി നിര്‍ബന്ധിച്ച് കൊണ്ടുപോയി. ഞങ്ങള്‍ ചെല്ലുമ്പോള്‍ എം. കൃഷ്ണന്‍ നായര്‍, ഹരികുമാര്‍, എ.കെ. സാജന്‍ തുടങ്ങിയ പല സിനിമാക്കാരും അവിടെ ഉണ്ടായിരുന്നു. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ഞാനായിരുന്നു.
ഞാനും ജോഷിയും ഹരികുമാറും കൂടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ തോളില്‍ ഒരു കരസ്പര്‍ശം. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നു സാക്ഷാല്‍ മമ്മൂട്ടി. ”കൊള്ളാം. ഇന്റര്‍വ്യൂ നന്നായിട്ടുണ്ട്, ക്യാരി ഓണ്‍ എന്നു പറഞ്ഞ് മമ്മൂട്ടി വധൂവരന്മാരുടെ അടുത്തേക്ക് പോയി. അതു കേട്ട് ഞാന്‍ വല്ലാതെ ചമ്മി- ഒരു കുന്നിക്കുരുപോലെ ചെറുതായതായി എനിക്ക് തോന്നി.
ഒരു ചെറിയ നടനാണെങ്കില്‍പോലും എന്നെ കണ്ട ഭാവംപോലും നടിക്കാതെ മുഖം കനപ്പിച്ച് പോകുമായിരുന്നു. പക്ഷേ, മമ്മൂട്ടി അങ്ങനെയൊന്നും ചെയ്തില്ല. ഓണം കഴിഞ്ഞ പ്പോള്‍ മറ്റൊരു പത്രക്കാരന്‍ മമ്മൂട്ടിയെ സമീപിച്ച് എന്റെ അഭിമുഖത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു:
”നമ്മുടെ കലൂരാനല്ലേ. എനിക്കൊന്നും പറയാനില്ല…” വേണമെങ്കില്‍ മമ്മൂട്ടിക്ക് എന്തും പറയാം, വിമര്‍ശിക്കാം. പക്ഷേ, മമ്മൂട്ടി വളരെ പക്വതയോടെയാണ് പ്രതികരിച്ചത്. ഞങ്ങള്‍ തമ്മിലുള്ള പിണക്കം ശരിക്കും ബാധിച്ചത് എന്നെയാണ്. എല്ലാവര്‍ക്കും ആവശ്യം വാണിജ്യമൂല്യമുള്ള സൂപ്പര്‍സ്റ്റാറിനെയല്ലേ? എനിക്ക് മമ്മൂട്ടി പടങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങി. ജോഷി-മമ്മൂട്ടി-കലൂര്‍ ഡെന്നീസ് ടീം അതോടെ ഇല്ലാതായി. തുടര്‍ന്ന് വന്ന മറ്റുസംവിധായകരുടെ മമ്മൂട്ടി ചിത്രങ്ങളും പരാജയപ്പെടാന്‍ തുടങ്ങി. ഈ പരാജയം ഏറ്റവും കൂടുതല്‍ ബാധിച്ചത് മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടിയെ വെച്ച് പടം തുടങ്ങാനിരുന്ന പല നിര്‍മാതാക്കളും പിന്മാറാനുള്ള ആലോചന തുടങ്ങിയിരുന്നു.’, കലൂര്‍ ഡെന്നീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Script Writter Kaloor Dennis Share Experience With Actor Mammooty