| Monday, 24th May 2021, 10:43 am

തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ്, പറ്റില്ലെന്ന് വിനയന്‍; ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ നിന്നും ദിലീപിനെ മാറ്റിയതിനെ കുറിച്ച് കലൂര്‍ ഡെന്നീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ ദിലീപിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ജയസൂര്യയെ വെച്ചതിനെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയ തിരക്കഥാകൃത്തിനെ കൊണ്ട് എഴുതിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നും എന്നാല്‍ അത് സാധിക്കില്ലെന്ന് വിനയന്‍ ഉറപ്പിച്ചു പറയുകയായിരുന്നെന്നും അങ്ങനെയാണ് ചിത്രത്തിലേക്ക് ജയസൂര്യ എത്തുന്നതെന്നും കലൂര്‍ ഡെന്നീസ് മാധ്യമം ആഴ്ചപ്പതിപ്പിലെ നിറഭേദങ്ങള്‍ എന്ന ആത്മകഥയില്‍ എഴുതി.

‘നീണ്ട ഒരു ഇടവേളക്കു ശേഷം പി.കെ.ആര്‍. പിള്ളച്ചേട്ടന്‍ ഒരു സിനിമ ചെയ്യാനായി ആദ്യം പോയത് തന്നോട് സ്‌നേഹവും കടപ്പാടുമൊക്കെ ഉണ്ടെന്ന് ഉത്തമവിശ്വാസം തോന്നിയവരുടെ അടുത്തേക്കാണ്.

എന്നാല്‍ അവരൊക്കെ ഓരോ ഒഴിവുകള്‍ പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഈ കഥകളൊക്കെ അന്ന് പലരും പറഞ്ഞ് ഞാന്‍ കേട്ടിട്ടുള്ളതാണെങ്കിലും പിള്ളച്ചേട്ടന്‍ ആരെയും കുറ്റപ്പെടുത്തി എന്നോടു ഒന്നും പറഞ്ഞിട്ടില്ല. ഉള്ളില്‍ എന്തൊക്കെ അരുതായ്മകള്‍ ഉണ്ടെങ്കിലും അറിയാതെ ഒരു അനിഷ്ടവാക്കുപോലും പുറത്തേക്ക് വരാതെ സൂക്ഷിക്കാന്‍ പിള്ളച്ചേട്ടന്‍ നന്നായി പാടുപെടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

മോഹന്‍ലാലിനെ വെച്ച് തുടര്‍ച്ചയായി ഒത്തിരി ഹിറ്റുകള്‍ ഒരുക്കിയ വിജയലഹരിയില്‍ കഴിയുമ്പോള്‍ ഓരോ സ്തുതിഗീതവുമായി വന്നവരുടെയെല്ലാം താരമൂല്യമില്ലാത്ത ചിത്രങ്ങള്‍ ചെയ്തപ്പോഴുണ്ടായ കനത്ത പരാജയത്തിന് ശേഷം ഒരു തിരിച്ചുവരവിന് വേണ്ടിയുള്ള യാത്രയിലായിരുന്നു പിള്ളച്ചേട്ടന്‍.

കാര്‍ കുറെ ദൂരം മുന്നോട്ട് നീങ്ങിയപ്പോള്‍ ഞങ്ങള്‍ കോട്ടക്കലില്‍ ചായ കുടിക്കാനിറങ്ങി. ഹോട്ടലിലെ എ.സി റൂമിലിരുന്നപ്പോള്‍ പിള്ളച്ചേട്ടന്‍ നന്നായിട്ടൊന്ന് തണുത്തു. പിന്നെ എന്നെ നോക്കി ചെറു ചിരിയോടെ ചോദിച്ചു: ”ഡെന്നീസ്… നമുക്ക് പറ്റിയ ഒരു സംവിധായകന്‍ ആരാണുള്ളത്?

പിള്ളച്ചേട്ടന്‍ എങ്ങനെയുള്ള സംവിധായകനെയാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ”അത്ര ബജറ്റൊന്നുമാകാതെ നമ്മുടെ കൂടെ നിന്ന് ചെയ്യാന്‍ പറ്റുന്ന ആളായിരിക്കണം.

അപ്പോള്‍ പെട്ടെന്ന് എന്റെ മനസ്സില്‍ വന്നത് സംവിധായകന്‍ വിനയനാണ്. വിനയന്‍ സിനിമാ സങ്കല്‍പവുമായി എറണാകുളത്ത് താമസിക്കാന്‍ എത്തിയ കാലം മുതലുള്ള അടുപ്പമാണ് ഞങ്ങള്‍ തമ്മില്‍. കോമഡി സിനിമകള്‍ ചെയ്ത് നടന്നിരുന്ന കലാഭവന്‍ മണിയെ നായകനാക്കി വാസന്തിയും ലക്ഷ്മിയും, കരുമാടിക്കുട്ടനുമൊക്കെ ചെയ്ത് വിനയന്‍ നന്നായി തിളങ്ങി നില്‍ക്കുകയുമാണ്.

പിറ്റേന്ന് രാവിലെതന്നെ ഞാന്‍ പിള്ളച്ചേട്ടനെയും കൂട്ടി വിനയനെ പോയി കണ്ടു. അവര്‍ തമ്മില്‍ അത്ര പരിചയമൊന്നുമില്ലെങ്കിലും ചിരപരിചിതരെപോലെയാണ് ഇരുവരുടെയും സംസാരവും പെരുമാറ്റവും. തലേ ദിവസം രാത്രി തന്നെ ഞാന്‍ വിനയനെ വിളിച്ച് സിനിമ ചെ യ്യുന്ന കാര്യം പറഞ്ഞിരുന്നതുകൊണ്ട് ഒരാമുഖത്തിന്റെയും ആവശ്യം വന്നില്ല. പിള്ളച്ചേട്ടനു ഒന്ന് മാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ- ”ദിലീപിനെ നായകനായി കിട്ടിയാല്‍ നന്നായിരുന്നു.” ”ദിലീപിന് പറ്റിയ കഥ കിട്ടിയാല്‍ അവനെ അഭിനയിപ്പിക്കാം” -വിനയന്‍ പറഞ്ഞു.

അടുത്തയാഴ്ച വിനയന്റെ പുതിയ പടം തുടങ്ങുന്ന തിന്റെ തിരക്കിലായിരുന്നതുകൊണ്ട് അധികം സമയമെടുക്കാതെ ഞങ്ങള്‍ അവിടെനിന്നിറങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിനയന്റെ പുതിയ സിനിമ എറണാകുളത്ത് തുടങ്ങി. ഇതിനിടയില്‍ വിനയന്‍ പിള്ളച്ചേട്ടന്റെ സിനിമയുടെ കാര്യം ദിലീപിനെ വിളിച്ചു പറഞ്ഞിരുന്നു.

വിനയന്റെ ഷൂട്ടിങ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു സൗഹൃദ സന്ദര്‍ശനംപോലെ ദിലീപ് വിനയന്റെ ലൊക്കേഷനില്‍ ചെന്നു. വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ പിള്ളച്ചേട്ടന്റെ സിനിമയുടെ തിരക്കഥ ആരാണ് എഴുതുന്നതെന്ന് ദിലീപ് ചോദിച്ചു. കലൂര്‍ ഡെന്നീസാണെന്ന് വിനയന്‍ പറഞ്ഞപ്പോള്‍ ദിലീപ് കൂടെ കൊണ്ടു വന്നിരുന്ന തിരക്കഥാകൃത്തിനെകൊണ്ട് എഴുതിക്കാമെന്ന് പറഞ്ഞു. അത് ഒരിക്കലും നടക്കില്ലെന്ന് വിനയന്‍ അപ്പോള്‍ തന്നെ പറയുകയും ചെയ്തു.

അന്നു രാത്രി തന്നെ ദിലീപ് പറഞ്ഞതൊക്കെ വിനയന്‍ എന്നെ വിളിച്ചറിയിച്ചിരുന്നു. സിനിമയില്‍ ഇതിന് മുമ്പും ഇങ്ങനെയൊക്കെ നടന്നിട്ടുള്ളതുകൊണ്ട് അത് കേട്ടിട്ടും ഞാന്‍ പ്രതികരിക്കാനൊന്നും പോയില്ല.

അങ്ങനെയാണ് ദിലീപിനെ മാറ്റി ജയസൂര്യ എന്ന പുതുമുഖ നായകനെ വെച്ച് പിള്ളച്ചേട്ടനു വേണ്ടി വിനയന്‍ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന സിനിമ ചെയ്യുന്നത് ജയസൂര്യ നായകനായ ഊമപ്പെണ്ണ് വന്‍ വിജയമായി മാറുകയും ചെയ്തു, കലൂര്‍ ഡെന്നീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Script Writter Kaloor Dennis About The film Oomappenninu Uriyada payyan

We use cookies to give you the best possible experience. Learn more