'ഏതെങ്കിലും ഒരു പെണ്ണ് അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് വരുമ്പോഴേക്കും 'ചീത്ത'യായിപ്പോകുമെന്ന് പറഞ്ഞ് അവരെ പറഞ്ഞ് വിടും'; സിദ്ദിഖും ജഗദീഷും ദേഷ്യപ്പെട്ട അനുഭവം പങ്കുവെച്ച് കലൂര്‍ ഡെന്നിസ്
1992 ലാണ് ഏറ്റവും കൂടുതല്‍ സിനിമക്ക് കലൂര്‍ ഡെന്നീസ് തിരക്കഥയെഴുതുന്നത്. 12 സിനിമകളാണ് ആ വര്‍ഷം മാത്രം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്.
‘1992ലെ കലൂര്‍ ഡെന്നീസിന്റെ ആദ്യ ചിത്രം സിംപിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ കുണുക്കിട്ട കോഴി’യായിരുന്നു. കോഴിക്കോടായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. ജഗദീഷിനോടും സിദ്ദീഖിനോടുമൊപ്പം രൂപിണിയും പാര്‍വതിയുമായിരുന്നു നായികമാര്‍.
ജഗതി, ഫിലോമിന, കെ.പി.എ.സി. സണ്ണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. വിജി തമ്പിയായിരുന്നു സംവിധായകന്‍.
ഷൂട്ടിങ് തുടങ്ങുമ്പോള്‍ സ്‌ക്രിപ്റ്റ് എഴുതിത്തീരാത്തതിനാല്‍ കോഴിക്കോട് മഹാറാണിയിലിരുന്നാണ് താന്‍ ബാക്കി എഴുതിത്തീര്‍ത്തതെന്നും ആ സമയത്ത് സിനിമയില്‍ ഒരു ചാന്‍സ് ചോദിച്ച് ഒരു അമ്മയും മകളും എത്തിയ അനുഭവവും പങ്കുവെക്കുകയാണ് കലൂര്‍ ഡെന്നീസ്. ഇന്നത്തെ ഒരു പ്രധാനതാരമായി മാറിയ ആ നടിയെ താന്‍ അന്ന് ചാന്‍സ് ഒന്നും ഇല്ലെന്ന് പറഞ്ഞ് പറഞ്ഞുവിട്ടതിനെ കുറിച്ചും അതിന്റെ പേരില്‍ നടന്മാരായ സിദ്ദിഖും ജഗദീഷും തന്നെ വഴക്കുപറയുകയും ചെയ്ത അനുഭവമാണ് കലൂര്‍ ഡെന്നീസ് മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ പംക്തിയില്‍ പങ്കുവെച്ചത്.
‘ഞാന്‍ കോഴിക്കോട്ടെത്തി മൂന്നാംദിവസം രാവിലെ പതിനൊന്നരയോടടുത്ത സമയത്ത് ഒരു അമ്മയും മകളും കൂടി എന്നെ കാണാന്‍ മുറിയില്‍ വന്നു. എന്റെ കൂടെ അസിസ്റ്റന്റ് കുഞ്ഞുമോനുമുണ്ടായിരുന്നു. വിസിറ്റേഴ്‌സ് എഴുത്തിന് ഭംഗം വരുത്തുമല്ലോ എന്നോര്‍ത്തെങ്കിലും എറണാകുളത്തുനിന്നാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ നാട്ടുകാരാണെന്നുള്ള പരിഗണനയില്‍ ഞാനവരെ വിളിച്ചിരുത്തി ആഗമനോദ്ദേശ്യം അന്വേഷിച്ചു.
മകളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍വേണ്ടി വന്നതാണത്രെ. പെണ്‍കുട്ടിക്ക് അല്‍പം ഉയരം കുറവാണെങ്കിലും കാണാന്‍ ചന്തവും ചിരിക്കുമ്പോള്‍ പ്രത്യേക ഭംഗിയുമുണ്ട്. എറണാകുളം മഞ്ഞമ്മലാണ് സ്വദേശം. എന്നെ പോയി കണ്ടാല്‍ ‘കുണുക്കിട്ട കോഴി’യില്‍ അഭിനയിക്കാന്‍ അവസരം കിട്ടുമെന്ന് ആരോ പറഞ്ഞതനുസരിച്ച് വലിയ പ്രതീക്ഷയോടെയാണ് അവര്‍ വന്നിരിക്കുന്നത്.
സിനിമയിലെ ചതിക്കുഴികളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് ഇങ്ങനെ അഭിനയമോഹവുമായി വരുന്ന പെണ്‍കുട്ടികളെ ആരെയും ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. ഈ കുട്ടിയോടും ഞാന്‍ ഇതേ പല്ലവി തന്നെ ആവര്‍ത്തി ച്ച് നിരുത്സാഹപ്പെടുത്തി. ഞാന്‍ പറഞ്ഞതൊക്കെ നിസ്സം ഗതയോടെ കേട്ടിരുന്ന അമ്മയോടും മകളോടും അനുബന്ധമായി ചില ചുഷണകഥകള്‍കൂടി ഞാന്‍ നിരത്തിയപ്പോള്‍ അവരുടെ മുഖത്ത് നിരാശ പടരുന്നത് കണ്ടു.
അല്‍പം കഴിഞ്ഞ് അമ്മയും മകളും പോകാനിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്തെ വിഷാദഭാവം കണ്ട് ഞാനവരെ ആശ്വസിപ്പിച്ചുവിടാനും മറന്നില്ല. അന്ന് രാത്രി ഷൂട്ടിങ് കഴിഞ്ഞ് ഞങ്ങളുടെ മുറിയില്‍ വന്ന ജഗദീഷും സിദ്ദീഖും രാവിലെ ഇവിടെ വന്നിട്ടുപോയ പുതുമുഖ നടിയെക്കുറിച്ചാണ് ആദ്യം അന്വേഷിച്ചത്. ഞങ്ങളില്‍ നിന്ന് എല്ലാ വിവരങ്ങളും അറിഞ്ഞ സിദ്ദീഖിന്റെ പ്രതികരണം ഇതായിരുന്നു:
”ഒരു ഡെന്നിസ് ഉപദേശി വന്നിരിക്കുന്നു.ഏതെങ്കിലും ഒരു പെണ്ണ് അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് വന്നാല്‍ ‘ചീത്ത’യായിപ്പോകുമെന്നും പറഞ്ഞ് അവരെ ഓരോന്ന് പറഞ്ഞ് വിടും. അതിന് പറ്റിയ ഒരു സഹനും..” അന്ന് നിരാശയോടെ മുറിയില്‍നിന്നിറങ്ങിപ്പോയ പെണ്‍കുട്ടിയാണ് ഇന്നത്തെ സിനിമ-സീരിയല്‍ താരം ബീന ആന്റണി, കലൂര്‍ ഡെന്നീസ് കുറിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക