| Wednesday, 17th June 2020, 1:59 pm

'കയ്യോ കാലോ ഒടിഞ്ഞാല്‍ നമ്മള്‍ ആശുപത്രിയില്‍ പോകില്ലേ'; വിഷാദവും അങ്ങനെ തന്നെയാണ്; 'സജി'യെ കുറിച്ച് ശ്യാം പുഷ്‌ക്കരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ മരണത്തിന് പിന്നാലെ വിഷാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു. വിഷാദം നേരിട്ട അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് നിരവധി താരങ്ങള്‍ രംഗത്തെത്തി.

മലയാളത്തില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സജി എന്ന കഥാപാത്രത്തിന്റെ മീം അടക്കം വലിയ ചര്‍ച്ചയായി.

മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ക്ക് എത്രയും പെട്ടെന്ന് അടിയന്തരമായി ചികിത്സ നല്‍കണമെന്ന ഒരു സന്ദേശമായിരുന്നു തിരക്കഥാകൃത്ത് ശ്യാം പുഷക്കരന്‍ അത്തരമൊരു രംഗത്തിലൂടെ നല്‍കിയത്.

അത്തരമൊരു രംഗം മനപൂര്‍വം തന്നെയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നും ഡിപ്രഷനിലേക്ക് പോകുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശമെന്നും ശ്യാം പൂഷ്‌ക്കരന്‍ റെഡ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫറഞ്ഞു.

സജിയുടെ ക്യാരക്ടര്‍ ഗ്രാഫ് വന്നപ്പോള്‍ തന്നെ സ്വന്തമായി വിലയില്ലാത്ത ആളാണെന്ന് സ്വയം തോന്നുന്ന വ്യക്തിയായിട്ടാണ് എടുത്തത്. പിന്നീട് അത് കൂടിക്കൂടി ഡിപ്രഷനിലേക്ക് പോകുകയാണ്. ഡിപ്രഷന്‍ പണക്കാര്‍ക്ക് മാത്രം വരുന്ന അസുഖമാണെന്നാണ് പൊതുവെ വരുന്ന ധാരണ.

നമുക്ക് എല്ലാമുണ്ട് ഡിപ്രഷന്‍ സമയം. സജിയെപ്പോലൊരാള്‍ക്ക് അറിയില്ല എന്താണ് അയാള്‍ക്ക് സംഭവിക്കുന്നതെന്ന്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ അടുത്ത് പോകണമെന്ന് സജിയ്ക്ക് അറിയില്ല.

വയ്യാത്തതുകൊണ്ട് ആശുപത്രിയില്‍ പോകണമെന്നാണ് അയാള്‍ പറയുന്നത്. അനിയനായ പയ്യന്‍ സ്‌കൂളില്‍ പോകുന്ന ആളായതുകൊണ്ടും കൗണ്‍സിലിങ് എല്ലാം കിട്ടുന്ന ആളായതുകൊണ്ടും അവന്‍ കൊണ്ടുപോയി എന്നതാണ് കഥയിലുള്ളത്.

സജിയുടെ എക്‌സ്‌പോഷറോ സജിയുടെ നാട്ടറിവോ ഉള്ള ആള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് ആശുപത്രിയില്‍ പോകണമെന്ന് തോന്നില്ല. നാട്ടിലുള്ള ഒരുപാട് ചേട്ടന്‍മാരുടെ പ്രതിനിധിയാണ് സജി. കുറച്ചുപ്രായം കഴിയുമ്പോള്‍ കള്ളുകുടിയൊക്കെ തുടങ്ങി സ്വന്തം വിലയില്ലെന്ന് തോന്നുന്ന ഒരുപാട് പേര്‍ നമ്മുടെ നാട്ടിലുണ്ട്.

മെന്റല്‍ ഇല്‍നെസ് എന്നത് കയ്യോ കാലോ ഒടിയുന്നതുപോലെ തന്നെയാണ്. അങ്ങനെ വരുമ്പോള്‍ നമ്മള്‍ ആശുപത്രിയില്‍ പോകില്ല. ഡിപ്രഷന്‍ വരുമ്പോള്‍ ഏറ്റവും അടിയന്തരമായ മെഡിക്കല്‍ അറ്റന്‍ഷന്‍ കൊടുക്കുക എന്നതാണ് ചെയ്യേണ്ടത്.

സജി ചര്‍ച്ച ചെയ്യപ്പെടുന്നത് തന്നെ വലിയ കാര്യമാണ്.ഇത്തരമൊരു അവസ്ഥയില്‍ സഹായം തേടാന്‍ ഡിപ്രഷന്‍ ഉള്ളവര്‍ക്ക് പെട്ടെന്ന് തോന്നില്ല. ചുറ്റുമുള്ളവര്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്- ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more