എം. പദ്മകുമാറിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ സിനിമയാണ് ജോസഫ്. ജോജു ജോര്‍ജ് നായകനായെത്തിയ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ഷഹി കബീറാണ്. അവയവദാന മാഫിയയെ കുറിച്ചും അതിന്റെ പിന്നിലെ മറ്റ് ബിസിനസുകളെ കുറിച്ചുമൊക്കെ അന്വേഷിക്കുന്ന ജോസഫ് എന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യേഗസ്ഥന്റെ കഥയാണ് സിനിമ പറയുന്നത്.
എന്നാല്‍ അതൊരു ഫേക്ക് കഥയാണെന്നാണ് തിരക്കഥാകൃത്ത് ഷഹി കബീര്‍ പറയുന്നത്. പക്ഷെ സിനിമ കണ്ട പലരും അത് യഥാര്‍ത്ഥ കഥയാണെന്ന് വിശ്വസിച്ചുവെന്നും എന്നാല്‍ അതൊന്നും ഒരിക്കലും നടക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ജോസഫ് ശരിക്കുമൊരു ഫേക്ക് സ്റ്റോറിയാണ്. പക്ഷെ റിയലിസ്റ്റിക്കാണെന്ന് ആളുകള്‍ വിശ്വസിച്ചു. കഴിഞ്ഞ ദിവസം എന്നെയൊരു മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച് പറഞ്ഞിരുന്നു, ജോസഫിന്റെ സ്വാധീനം കൊണ്ട് അവയവ കടത്ത് ഭയങ്കരമായി കുറഞ്ഞുവെന്ന്. ശരിക്കും പറഞ്ഞാല്‍ അതൊരിക്കലും നടക്കാത്ത കഥയാണ്. ഒരാളുടെ തലക്ക് ചുറ്റികയടിച്ചിട്ടൊന്നും അവയവം എടുക്കാന്‍ സാധിക്കില്ല.
പിന്നെ മറ്റൊരു പ്രശ്‌നം ഒരു പൊലീസുകാരന്‍ തിരക്കഥ എഴുതിയത് കൊണ്ട് അത് യഥാര്‍ത്ഥ സംഭവമാണെന്ന് പലരും വിശ്വസിക്കും. ശരിക്കും അങ്ങനെയൊരു പ്രശ്‌നമുണ്ട്. ജോസഫ് എഴുതാന്‍ നേരത്ത് എന്നോടൊരു കുറ്റാന്വേഷണ കഥ എഴുതാമോ എന്നുമാത്രമാണ് ചോദിച്ചത്. അപ്പോള്‍ ഞാന്‍ പഴയ ക്ലീഷേകള്‍ ഒന്ന് മാറ്റാനായിട്ട് ശ്രമിച്ചത്. അങ്ങനെയാണ് സര്‍വ്വീസിലിരിക്കുന്നയാള്‍ വേണ്ടെന്ന് തീരുമാനിക്കുന്നത്.
അതുപോലെ തന്നെ കേരളത്തിലെ ഏത് ക്രൈം സിനിമകളെടുത്ത് നോക്കിയാലും അവിഹിതവുമായി ബന്ധപ്പെട്ടൊക്കെയായിരിക്കും കഥ വരുന്നത്. അങ്ങനെ അതും വേണ്ടായെന്ന് വെച്ചു. അപ്പോഴാണ് അവയവ മാറ്റം നടത്തിയ അമ്പിളി ഫാത്തിമ എന്നുപറയുന്ന ഒരു പെണ്‍കുട്ടി മരിച്ച കഥ അറിയുന്നത്. അങ്ങനെയാണ് ആ ചിന്തയിലേക്ക് വരുന്നത്.
അതുപോലെ എല്ലാ സിനിമയുടെ അവസാനവും നായകന്‍ വന്ന ഡയലോഗൊക്കെ പറഞ്ഞ് കയ്യടി വാങ്ങി പോകുന്നതാണല്ലോ രീതി. അതും ഈ സിനിമയില്‍ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. നായകനെ കൊലപ്പെടുത്തിക്കൊണ്ട് നമുക്കിത് നടത്താം എന്ന ചിന്തിയിലേക്ക് അങ്ങനെയാണ് വരുന്നത്,’ ഷഹി കബീര്‍ പറഞ്ഞു.
content highlight: script writer shahi kabir about joseph movie