മലയാള സിനിമയില്‍ നെപ്പോട്ടിസമുണ്ടെങ്കിലും അത് മോശമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് തിരക്കഥാകൃത്തും സാഹിത്യകാരനുമായ സന്തോഷ് എച്ചിക്കാനം.
നടന്‍ സുകുമാരന്റെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ വന്നതുപോലെ സോമന്റെ മകനും സിനിമയില്‍ വന്നിരുന്നുവെന്നും പക്ഷെ അദ്ദേഹത്തിന് പിടിച്ച് നില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് പോവുകയായിരുന്നുവെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു.
കഴിവുണ്ടെങ്കില്‍ സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ ആളുകള്‍ക്ക് കഴിയുമെന്നും അതിന്റെ പേരില്‍ ഇപ്പോള്‍ അഭിനയിക്കുന്ന താരങ്ങളുടെ മക്കളെ കുറ്റം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് എച്ചിക്കാനം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മലയാള സിനിമയില്‍ നെപ്പോട്ടിസമെന്ന ട്രെന്‍ഡ് ഉണ്ട്. എത്ര നടന്മാരുടെ മക്കളാണ് ഇവിടെ വന്ന് അഭിനയിച്ച് പോകുന്നത്. അത് മോശമാണെന്ന് ഞാന്‍ പറയുന്നില്ല. അവര്‍ക്ക് കഴിവുണ്ടെങ്കില്‍ അവര്‍ക്ക് നില്‍ക്കാം. കഴിവുണ്ടെങ്കില്‍ വലിയ നടന്മാരായിട്ട് മാറുകയും ചെയ്യാം.
മലയാള സിനിമയെ പിടിച്ച് അടക്കിയ രണ്ട് പേരാണ് സുകുമാരനും സോമനും. സോമന്റെ മകനും സിനിമയിലേക്ക് വന്നിരുന്നു. പക്ഷെ അദ്ദേഹത്തിന് ഇവിടെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒരു നടനെന്ന നിലയില്‍ ചിലപ്പോള്‍ അദ്ദേഹത്തിന് തന്നെ ആവിഷ്‌കരിക്കാന്‍ കഴിയാതെ പോയിക്കാണും. അതുകൊണ്ട് അദ്ദേഹം പോയി.
എന്നാല്‍ സുകുമാരന്റെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും ഇവിടെ സജീവമായി നില്‍ക്കുകയാണ്. ദുല്‍ഖര്‍ നല്ലൊരു നടനല്ലേ, അദ്ദേഹവും മലയാള സിനിമയില്‍ നില്‍ക്കുന്നു. ഫാസിലിന്റെ മകനായ ഫഹദ് ഫാസിലിനെക്കുറിച്ച് ചോദിക്കേണ്ടതേയില്ല, മലയാളത്തിലെ ഏറ്റവും മികച്ച നടനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അതൊരു തെറ്റാണെന്ന് പറയാന്‍ പറ്റില്ല.
കഴിവുണ്ടെങ്കില്‍ ആളുകള്‍ സിനിമയില്‍ നിലനില്‍ക്കും. വിനീത് ശ്രീനിവാസനും ഇവിടെ നില്‍ക്കാന്‍ പറ്റും. ഒരു റൈറ്റര്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും അദ്ദേഹത്തിന് കഴിവുണ്ട്. അതുകൊണ്ട് അവരെ ആരെയും കുറ്റം പറയാന്‍ പറ്റില്ല.
അവരുടെ അച്ഛനും കുടുംബവും സിനിമയില്‍ ഉള്ളതുകൊണ്ട് അവര്‍ക്ക് വരാനുള്ള വഴി കുറച്ചുകൂടെ എളുപ്പമാണ്. മുന്‍നിര നായകന്മാരുടെ മക്കള്‍ സിനിമയിലുണ്ടെന്ന് വെച്ച് പുതുമുഖങ്ങളായി എത്തുന്നവര്‍ക്ക് അവസരം കുറയുന്നുണ്ടെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.
കഴിവുണ്ടെങ്കില്‍ അവര്‍ വരുക തന്നെ ചെയ്യും. അങ്ങനെയുള്ള ആളുകള്‍ വരുന്നില്ലയെന്നാണെങ്കില്‍ അതിനര്‍ത്ഥം കഴിവുള്ളവര്‍ ഇവിടെ ഇല്ലായെന്നാണ്,” സന്തോഷ് എച്ചിക്കാനം പറഞ്ഞു.
content highlight: script writer santhosh echikkanam about nepotism