| Wednesday, 19th April 2023, 5:10 pm

എന്റെ നാട്ടില്‍ സമ്പന്നരായിട്ടുള്ള മുസ്‌ലിം ജനതയുടെ ഇടയില്‍ ഭക്ഷണ ധൂര്‍ത്തുണ്ട്, 'ബിരിയാണി' എങ്ങനെയാണ് ഇസ്‌ലാമോഫോബിയ ഉണ്ടാക്കുന്നത്: സന്തോഷ് എച്ചിക്കാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിരിയാണി എന്ന തന്റെ കഥ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായതിനെക്കുറിച്ച് പറയുകയാണ് സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം.

തന്റെ കഥ ഇസ്‌ലാമോഫോബിയ ഉണ്ടാക്കുന്നില്ലെന്നും വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഒരാള്‍ വന്ന് പറഞ്ഞതാണെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു.

ഭക്ഷണത്തിന്റെ ധൂര്‍ത്തിനെക്കുറിച്ചാണ് ബിരിയാണിയില്‍ പറയുന്നതെന്നും തന്റെ നാട്ടില്‍ കണ്ട് പരിചയിച്ച സമ്പന്നരായിട്ടുള്ള മുസ്‌ലിം ജനതയുടെ ഇടയില്‍ ഭക്ഷണ ധൂര്‍ത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് എച്ചിക്കാനം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എങ്ങനെയാണ് ഇസ്‌ലാമോഫോബിയ ഉണ്ടാകുന്നത്. അത് വെറുതെ കോണ്‍ട്രവേഴ്സി ഉണ്ടാക്കാന്‍ ഒരാള്‍ വന്ന് പറഞ്ഞതാണ്. അത് നന്നായി, മതത്തിന്റെ അഴുക്കെല്ലാം ഓടയില്‍ കെട്ടി കിടക്കുന്നതുപോലെ ഒരുപാട് ആളുകളുടെ മനസില്‍ കെട്ടി കിടക്കുന്നുണ്ടായിരുന്നു.

അതൊരു പ്രളയത്തില്‍ പോയതുപോലെ ഒരുപാട് ആളുകളുടെ ഉള്ളിലുള്ള മതവും ജാതിയും ആ ചര്‍ച്ചയില്‍ ഇല്ലാതെ ആയി. അങ്ങനെ സമൂഹം ഒന്ന് ക്ലീനായി.

ഞാന്‍ പറഞ്ഞിട്ടുള്ളത് ഭക്ഷണത്തിന്റെ ധൂര്‍ത്തിനെക്കുറിച്ചാണ്. ഈ ഭക്ഷണത്തിന്റെ ധൂര്‍ത്തിനെക്കുറിച്ച് പറയുമ്പോള്‍, എന്റെ നാട്ടില്‍ ഞാന്‍ കണ്ട് പരിചയിച്ച സമ്പന്നരായിട്ടുള്ള മുസ്‌ലിം ജനതയുടെ ഇടയില്‍ ഭക്ഷണ ധൂര്‍ത്ത് ഉണ്ട്.

ബിരിയാണി കാസര്‍ഗോഡ് വെച്ച് നടക്കുന്ന കഥയായതുകൊണ്ട് അതില്‍ കുറച്ച് മുസ് ലിം പേരുകളൊക്കെ വന്നു എന്നേയുള്ളൂ. അത് തിരുവല്ലയില്‍ നടക്കുന്ന കഥയാണെങ്കില്‍ ക്രിസ്ത്യന്‍ പേര് വന്നേനെ, കൊട്ടാരക്കരയില്‍ ആണെങ്കില്‍ നായന്മാരെ പേര് വന്നേനെ. അത്രമാത്രമെ അതില്‍ ഉള്ളൂ.

കഥയില്‍ ഒരു പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും. നമ്മള്‍ ജനാധിപത്യ രാജ്യത്തല്ലെ താമസിക്കുന്നത്. ഒരു ഏകാധിപത്യ രാജ്യത്തൊന്നുമല്ലല്ലോ നമ്മള്‍ താമസിക്കുന്നത്. അവിടെയല്ലെ ഞാന്‍ കഥയെഴുതി കൊണ്ടിരിക്കുന്നത്.

പിന്നെ ഞാന്‍ അതില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്, ഇത് നിങ്ങള്‍ തല്ലു പുല്ല് മുസ് ലിങ്ങള്‍ക്കുള്ള ബിരിയാണിയല്ല. അത് പാവപ്പെട്ട മുസ്‌ലിങ്ങളാണ് അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ആ കഥ എഴുതികൊണ്ടിരിക്കുന്നത്.

പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ പറയുന്നത് തല്ല് പുല്ല് മുസ്‌ലിങ്ങള്‍ എന്നാണ്. ബസുമതി എന്ന് പറയുന്നത് സമ്പന്നരായിട്ടുള്ള മുസ്‌ലിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.

അപ്പുറത്ത് ഒരാള്‍ പട്ടിണി കിടക്കുമ്പോള്‍ നിങ്ങളിവിടെ വന്നിട്ട് സമൃദ്ധമായി ഭക്ഷണം കഴിക്കരുത്, അവനും കൂടെ കൊടുക്കണം എന്നാണ് ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്നത്. പൊളിറ്റിക്‌സ് അല്ലെ ഞാന്‍ എന്റെ കഥയിലൂടെ പറഞ്ഞിരിക്കുന്നത്,” സന്തോഷ് എച്ചിക്കാനം പറഞ്ഞു.

content highlight: script writer santhosh echikkanam about biriyani

We use cookies to give you the best possible experience. Learn more