|

ലൂക്ക് എവിടെ എന്ന് നിസാം ചോദിക്കുമ്പോഴാണ് ഞാനും അതോര്‍ക്കുന്നത്, റോഷാക്കിന്റെ സ്‌ക്രിപ്റ്റിങ്ങിനിടെ കിളി പോയ അവസ്ഥ വന്നു: സമീര്‍ അബ്ദുള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്കിന്റെ സ്‌ക്രിപ്റ്റിങ്ങിനിടയില്‍ കിളി പോയ അവസ്ഥ വന്നുവെന്ന് തിരക്കഥാകൃത്ത് സമീര്‍ അബ്ദുള്‍. സീത, സുജാത, ദിലീപ് എന്നീ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയപ്പോഴേക്കും ലൂക്ക് ആന്റണിയെ നഷ്ടപ്പെട്ടുവെന്നും എം3ഡിബിക്ക് നല്‍കിയ അഭിമുഖത്തില്‍ സമീര്‍ പറഞ്ഞു.

‘ലൂക്ക് ആന്റണിയുമായി ബന്ധപ്പെട്ട ഒരു ചെറിയ ആശയത്തില്‍ നിന്ന് തുടങ്ങി, ബാക്കി ക്യാരക്ടേഴ്‌സ് റെഡിയാക്കുന്ന സമയമാണ്. ഓരോരുത്തരെയായി റെഡിയാക്കുകയാണ്. സുജാത കയറുന്നു, സീത കയറുന്നു, ദിലീപ് കയറുന്നു. അങ്ങനെ ഓരോരുത്തരേയും കുറിച്ച് വളരെ ഡീറ്റെയിലായി എഴുതി ഒരു പോയിന്റില്‍ എത്തിയപ്പോള്‍ ഞാന്‍ നിസാമിനെ വിളിച്ച് കേള്‍പ്പിക്കുകയാണ്.

അതുവരെയുള്ളതെല്ലാം കേട്ടിട്ട് അവസാനം നിസാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അപ്പോള്‍ ലൂക്ക് എവിടെ? അപ്പോഴാണ് ഞാനും മനസിലാക്കുന്നത്, ചുറ്റുമുള്ളവരെ എല്ലാം റെഡിയാക്കി വന്നപ്പോള്‍ ലൂക്ക് എന്റെ കയ്യില്‍ നിന്നും പോയിരിക്കുന്നു. എന്റെ കിളിപോയ അവസ്ഥ. എനിക്ക് തന്നെ അറിയില്ല എന്റെ ലൂക്ക് എവിടെ നഷ്ടപ്പെട്ടു എന്ന്.

പിന്നീട് ചിന്തിക്കുമ്പോള്‍ രോമാഞ്ചം തോന്നുന്ന അവസ്ഥ. അതിന്റെ ആ കൃത്യമായ കാര്യം പറഞ്ഞ് തരാനാവില്ല. വലിയ വലിയ എഴുത്തുകാര്‍ക്ക് സംഭവിക്കാറുള്ളതായി പറയുന്ന ഒരു അവസ്ഥയുടെ ചെറിയ പതിപ്പ്. എന്റെ റൈറ്റിങ് പ്രോസസിലെ ഏറ്റവും ഗ്രേറ്റ് ആയി തോന്നിയ ഒരു നിമിഷമായിരുന്നു അത്,’ സമീര്‍ പറഞ്ഞു.

‘ഓമനക്കുട്ടനും, ഇബ്ലീസും ഒട്ടും ചലനമുണ്ടാക്കാതെ പോയ ചിത്രങ്ങളാണ്. ഇബ്ലീസ് കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെട്ടതായി പറയുന്നുണ്ട്. ഇന്‍ഫാക്ട് എന്റെയും പ്രിയപ്പെട്ട ചിത്രമാണ് ഇബ്ലീസ്. എന്നാല്‍ പോലും സാമ്പത്തികമായി വിജയിക്കാന്‍ കഴിഞ്ഞില്ല.

അതുകൊണ്ട് തന്നെ റോഷാക്ക് എഴുതുമ്പോള്‍ അത്രമേല്‍ ശ്രദ്ധ കൊടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലും റോഷാക്ക് വിജയിച്ചാലും ഇല്ലെങ്കിലും എനിക്കും നിസാമിനും ഇതൊരു വലിയ എക്‌സ്പീരിയന്‍സ് തന്നെ ആയിരുന്നു. അത്രക്ക് അതിന്റെ ആത്മാവിനോട് ചേര്‍ന്നാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. മമ്മൂക്ക ഇതിലേക്ക് വന്നപ്പോള്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒന്നുകൂടി റെസ്‌പോണ്‍സിബിള്‍ ആകേണ്ടി വന്നു. അതിന്റെ പ്രതിഫലനം ഉണ്ട് ഇപ്പോള്‍ കാണുന്ന വിജയത്തില്‍,’ സമീര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: script writer sameer abdul says that he became confused while writing the script of rorschach