| Thursday, 27th October 2022, 9:07 am

റോഷാക്കിലെ ആ റോളിലേക്ക് ആദ്യം പരിഗണിച്ചത് ഇന്ദ്രന്‍സിനെ, മാറ്റാന്‍ കാരണമിതാണ്: സമീര്‍ അബ്ദുള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്കിലേക്ക് മമ്മൂട്ടിയെ കാസ്റ്റ് ചെയ്തതിന് ശേഷം മറ്റ് നടീനടന്മാരെ തീരുമാനിക്കാന്‍ ഒരുപാട് സമയമെടുത്തിരുന്നുവെന്ന് തിരക്കഥാകൃത്ത് സമീര്‍ അബ്ദുള്‍. കഥാപാത്രങ്ങളൊന്നും പ്രെഡിക്റ്റബിളാവാതിരിക്കാനാണ് ജഗദീഷിലേക്കും കോട്ടയം നസീറിലേക്കുമൊക്കെ വന്നതെന്നും എം3ഡിബി കഫേക്ക് നല്‍കിയ അഭിമുഖത്തില്‍ സമീര്‍ പറഞ്ഞു.

‘മമ്മൂക്ക പിക്ച്ചറില്‍ വന്നതിനു ശേഷം ഒരുപാട് സമയമെടുത്തു ബാക്കി കാസ്റ്റിങ് നടക്കുന്നതിന്. നിസാം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതുപോലെ ഞങ്ങള്‍ പല ഓപ്ഷന്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പോലും വളരെ ചിന്തിക്കേണ്ടിയിരുന്നു. ഉദാഹരണത്തിന് സീത എന്ന ക്യാരക്ടര്‍. അതായത് സിനിമയില്‍കാണിക്കുന്ന സമയത്തിന് മുമ്പുള്ള സീത ആരായിരുന്നു എന്നത് പ്രധാനമാണ്. അന്നവര്‍ നല്ല ഫാമിലിയില്‍ ജനിച്ചതാണ്, ഇന്നിപ്പോള്‍ ബുദ്ധിമുട്ടിലാണ് ഈ രണ്ട് കാര്യങ്ങളും അവരുടെ ബോഡി ലാംഗ്വേജിലും രൂപത്തിലും തോന്നണം. അങ്ങനെ ഒക്കെ കാറ്റഗറൈസ് ചെയ്താണ് ഓരോരുത്തരിലേക്കും എത്തിച്ചേര്‍ന്നത്.

പിന്നെ പ്രെഡിക്റ്റബിള്‍ ആവരുത് എന്നുണ്ടായിരുന്നു. ഉദാഹരണത്തിന് ബാലന്‍ എന്ന് വേഷത്തില്‍ ഇന്ദ്രന്‍സ് ചേട്ടനെ വെച്ച് ചിന്തിച്ചിരുന്നു. പക്ഷെ ഇപ്പോഴത്തെ ഒരു രീതി വച്ച് ഇന്ദ്രന്‍സ് ചേട്ടന്‍ അങ്ങനെ കുറെ റോളുകള്‍ മനോഹരമായി ചെയ്യുന്നുണ്ട്.

അങ്ങനെ പ്രെഡിക്റ്റബിള്‍ ആവാത്തവര്‍ വേണം എന്നൊരു ചിന്ത ഉണ്ടായിരുന്നു. അങ്ങനെയാണ് കോട്ടയം നസീറിലേക്കും ജഗദീഷേട്ടനിലേക്കും ഒക്കെ എത്തുന്നത്. സീത എന്ന ക്യാരക്ടറിലേക്ക് പലരും ചിന്തയില്‍ ഉണ്ടായിരുന്നു. അങ്ങനെ ഒരു ഡിസ്‌കഷനില്‍ വച്ച് മമ്മൂക്കയാണ് ബിന്ദു പണിക്കര്‍ നന്നാവും എന്ന് പറയുന്നത്. അത് 100% കറക്റ്റായിരുന്നു,’ സമീര്‍ പറഞ്ഞു.

സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമയായി എത്തിയ റോഷാക്ക് ഒക്‌ടോബര്‍ ഏഴിനാണ് റിലീസ് ചെയ്തത്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്.

Content Highlight: script writer sameer abdul says another actor was initially considered for Balan Chetan in rorschach

We use cookies to give you the best possible experience. Learn more