നായകൻ തൊട്ട് വാലിബൻ വരെ ഞങ്ങളുടെ സിനിമയിൽ അതുണ്ട്, ഇതൊന്നും മനഃപൂർവമല്ല: വാലിബന്റെ തിരക്കഥാകൃത്ത്
Entertainment
നായകൻ തൊട്ട് വാലിബൻ വരെ ഞങ്ങളുടെ സിനിമയിൽ അതുണ്ട്, ഇതൊന്നും മനഃപൂർവമല്ല: വാലിബന്റെ തിരക്കഥാകൃത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th January 2024, 9:15 am

കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ എത്തിയത്.

വലിയ ഹൈപ്പോടെ എത്തിയ ചിത്രം ആദ്യ ദിനം തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് നേടിയത്. സിനിമയ്ക്കെതിരെ വലിയ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുവെന്ന ആരോപണമായി സംവിധായകനും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി. എസ്‌. റഫീഖ്

ലിജോയും റഫീക്കും മുമ്പൊന്നിച്ച ചിത്രങ്ങൾ ആയിരുന്നു നായകനും ആമേനും. വാലിബൻ ഇറങ്ങിയ ശേഷം കുറച്ച് പേർ പറയുന്നത്, സിനിമ വളരെ നാടകീയമാണെന്ന് ആയിരുന്നു. എന്നാൽ റഫീഖ് പറയുന്നത് ഡ്രാമയില്ലാത്ത സിനിമകൾ ഇല്ല എന്നാണ്.

വാലിബൻ ഒരിക്കലും റിയൽ ആയിട്ട് കഥ പറയുന്ന സിനിമയല്ലെന്നും ആദ്യ സിനിമയായ നായകൻ ശ്രദ്ധിച്ചാലും അത് മനസിലാവുമെന്നും  റിപ്പോർട്ടർ ടി.വിയോട് അദ്ദേഹം പറഞ്ഞു.

‘നാടകീയത എന്തായാലും ഈ സിനിമയ്ക്ക് ഉണ്ടല്ലോ. റിയലായിട്ട് പോവുന്ന സിനിമയല്ലല്ലോ. ഡ്രാമയുണ്ട്. ആ ഡ്രാമ സിനിമയിൽ വന്നിട്ടുണ്ട്. ഡയലോഗുകളിലുമുണ്ട്. ഡ്രാമ ഒഴിവാക്കിയിട്ട് ഒരു സിനിമ ഇല്ലായെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിലുമുണ്ട്.

പഴയ പോലെ ആയിരിക്കില്ല. ഇതിൽ വർക്ക്‌ ചെയ്ത ഡ്രാമ ആയിരിക്കില്ല, മഹേഷിന്റെ പ്രതികാരത്തിലുണ്ടാവുക, അല്ലെങ്കിൽ തൊട്ടപ്പനിലോ, ആമേനിലോ ഒന്നും വർക്ക്‌ ചെയ്യുന്നത് ഇതിൽ ഉള്ള പോലെ ആയിരിക്കില്ല.

ലിജോ ഒരു വലിയ ഡ്രാമ ആർട്ടിസ്റ്റിന്റെ മകൻ ആയിരുന്നു. ഞാൻ ചെറുപ്പം മുതൽ നാടകം കളിച്ചു വളർന്ന് വന്ന ഒരാളാണ്. നായകൻ എന്ന സിനിമ തൊട്ട് ആ ഡ്രാമ ഞങ്ങളുടെ ചിത്രങ്ങളിൽ ഉണ്ട്. നായകനിൽ ഒരു തിയേറ്റർ സ്വഭാവമുണ്ട്.

ആമേനിലുണ്ട്, വാലിബനിലുമുണ്ട്. ഇതൊന്നും ഞങ്ങൾ മനഃപൂർവം കൊണ്ട് വരുന്നതല്ല,’പി. എസ്‌. റഫീഖ് പറയുന്നു.

Content Highlight: Script Writer Of Malikotte Valiban Talk About Drama In Movies