സി.ബി.ഐ 5 ദി ബ്രെയിനിന്റെ വിജയത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി.
കഴിഞ്ഞ ദിവസം സി.ബി.ഐയിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ്.എന്‍.സ്വാമി.
”ഞാന്‍ ഇതിനു മുമ്പ് എഴുതി പുറത്തുവന്ന സിനിമകളൊന്നും ഇന്നത്തെപ്പോലെ ഡിജിറ്റല്‍ മീഡിയയുടെ പ്രസരമുള്ള സമയത്തല്ല. ആറേഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഞാന്‍ ഈ സിനിമ ചെയ്യുന്നത്.
ഈ സിനിമ വന്നപ്പോള്‍ അതിന്റെ ഒരുപാട് മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും ടെക്‌നോളജിയും എല്ലാം മാറിയിട്ടുണ്ട്. വളരെ മാറിയ ഒരു കാലഘട്ടത്തിലാണ് ഞങ്ങള്‍ ഈ സിനിമയുമായി വരുന്നത്.
ഇതിന്റെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് അത്ര കൃത്യമായി അറിയില്ലായിരുന്നു. പിന്നീട് ഓരോ അനുഭവത്തില്‍ കൂടെയാണ് പലതും പഠിച്ചത്.
നേരത്തെ മധു സാര്‍ (സംവിധായകന്‍ കെ. മധു) പറഞ്ഞു, ഡീഗ്രേഡിങ്ങ് എന്ന വിഷയം വളരെ സീരിയസായി സിനിമയെ ബാധിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല എന്ന്.
അതിന് ഈ നാട്ടിലെ വളരെ പ്രബുദ്ധരായ പ്രേക്ഷകരോടാണ് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ചും ഫാമിലി സ്്ത്രീ ജനങ്ങളോട്. അവര്‍ ഒന്നടങ്കം ഈ സിനിമയെ വളരെയധികം ഇഷ്ടപ്പെടുകയും ഇതിനെക്കുറിച്ച് വളരെ വിശദമായി സംസാരിക്കുകയുമുണ്ടായി.
അത്തരം അനുഭവങ്ങളാണ് മറ്റുള്ളവരെ ഈ സിനിമ കാണാന്‍ പ്രേരിപ്പിച്ചത്. ഒരുപാട് പേര്‍ വീണ്ടും വീണ്ടും ഈ സിനിമ കാണാന്‍ വന്നതിന്റെ കാരണം കണ്ടവര്‍ പറഞ്ഞ അഭിപ്രായം കേട്ടതാണ്,” എസ്.എന്‍. സ്വാമി പറഞ്ഞു.
അതേസമയം, സി.ബി.ഐ 5 ദി ബ്രെയിന്‍ സമ്മിശ്ര പ്രതികരണം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
അഭിനേതാക്കളായ സായ് കുമാര്‍, മുകേഷ് എന്നിവരും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
മറ്റ് സിനിമകളുടെ ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണം നടന്‍ മമ്മൂട്ടിയും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ജഗതി ശ്രീകുമാറും ചടങ്ങില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഓണ്‍ലൈനായായിരുന്നു ഇരുവരും പരിപാടിയില്‍ പങ്കെടുത്തത്.