ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അജഗജാന്തരം. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു ഉത്സവപ്പറമ്പും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങളുമാണ് കാണിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന മേക്കിങും ആക്ഷന്‍ രംഗങ്ങളും കൊണ്ട് ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരുന്നു ചിത്രം സമ്മാനിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ ഇല്ലയോ എന്ന ചര്‍ച്ചയിലാണ് സമൂഹ മാധ്യമങ്ങള്‍. സിനിമയുടെ തിരക്കഥാകൃത്തും അഭനേതാവുമായ കിച്ചു ടെല്ലസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. അജഗജാന്തരത്തിന്റെ പോസ്റ്ററിനോടൊപ്പം വെയിറ്റ് എന്ന ക്യാപ്ഷനോടെയാണ് കിച്ചു പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പിന്നാലെ ചര്‍ച്ചകളും ആരംഭിച്ചു.
‘രണ്ടാം ഭാഗത്തിനുള്ള സൂചനയാണോ’, ‘ഒരു സീക്വല്‍ മണക്കുന്നു’, തുടങ്ങി നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെ വരുന്നുണ്ട്. എന്നാല്‍ സിനിമയെ മുന്നോട്ടു കൊണ്ടുപോയ നെയ്‌ശ്ശേരി പാര്‍ത്ഥനായി എത്തിയ നടക്കല്‍ ഉണ്ണികൃഷ്ണന്‍ എന്ന ആന 2022ല്‍ ചെരിഞ്ഞിരുന്നു. ‘ഉണ്ണികൃഷ്ണന്‍ ഇല്ലാതെ എങ്ങനെ രണ്ടാം ഭാഗം എടുക്കും’ എന്നും ചിലര്‍ കമന്റ് ബോക്‌സില്‍ ചോദിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തിയേറ്ററില്‍ മികച്ച പ്രകടനം നടത്തി. ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതവും, ജിന്റോ ജോര്‍ജിന്റെ ഛായാഗ്രഹണവും ചിത്രത്തെ മറ്റൊരു ലെവലില്‍ എത്തിച്ചിരുന്നു. രണ്ടാം ഭാഗം വരുന്നുണ്ടെങ്കില്‍ ആദ്യ ഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന ഒന്നാകണമെന്നാണ് ആരാധകരുടെ അവശ്യം. എന്നാല്‍ സംവിധായകന്‍ ടിനു പാപ്പച്ചന്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlight: Script writer of Ajagajantharam gives a hint of sequel for the movie