| Monday, 22nd March 2021, 12:41 pm

മമ്മൂട്ടിയുടെ വാക്കുകളില്‍ കുറ്റബോധത്തിന്റെ നിഴല്‍പാടുകള്‍ വീണിരുന്നു, വേറെ ഏതൊരു നടനാണെങ്കിലും ഇക്കാര്യങ്ങള്‍ ആരോടും തുറന്നുപറയില്ല: കലൂര്‍ ഡെന്നീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മമ്മൂട്ടിയുമായി വര്‍ഷങ്ങളോളം പിണങ്ങിയിരുന്നതിനെ കുറിച്ചും പിന്നീട് തികച്ചും അപ്രതീക്ഷിതമായി മമ്മൂട്ടിയുമായി വീണ്ടും സൗഹൃദത്തിലായതിനെ കുറിച്ചും പറയുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. മാധ്യമത്തില്‍ എഴുതിയ നിറഭേദങ്ങള്‍ എന്ന ആത്മകഥയിലാണ് മമ്മൂട്ടിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും പിണക്കത്തെ കുറിച്ചും അദ്ദേഹം എഴുതിയത്.

പിണക്കത്തിനുശേഷം നാലഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് താന്‍ മമ്മൂട്ടിയെ വീണ്ടും കാണുന്നതെന്നും ടി.എസ്. സുരേഷ് ബാബുവിന്റെ പുതിയൊരു ചിത്രത്തിന്റെ പൂജാ വേളയില്‍ തിരുവനന്തപുരത്തുവെച്ചായിരുന്നു ആ കണ്ടുമുട്ടലെന്നും കലൂര്‍ ഡെന്നിസ് പറയുന്നു.

‘ആ ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയല്ലെങ്കിലും സുരേഷ് ബാബു പ്രത്യേകം ക്ഷണിച്ചതുകൊണ്ടാണ് മമ്മൂട്ടി പൂജാചടങ്ങിനെത്തിയത്. തിരുവനന്തപുരത്തെ പല സിനിമാക്കാരും അവിടെ ഉണ്ട്. പൂജ കഴിഞ്ഞ് ഞാന്‍ ഒരിടത്ത് ഒതുങ്ങി മാറിനിന്ന് ഒരാളോട് സംസാരിച്ചുനില്‍ക്കുമ്പോഴാണ് പെട്ടെന്ന് മമ്മൂട്ടി എന്നെ കണ്ടത്.

അപ്പോള്‍തന്നെ പഴയ പിണക്കത്തിന്റെ ഒരു ലാഞ്ചന പോലുമില്ലാതെ മമ്മൂട്ടി അടുത്തേക്ക് വന്നു. പിന്നെ എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി. മമ്മൂട്ടി പഴയതുപോലെ കുശലങ്ങളും പൊടിനര്‍മങ്ങളും വിതറി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള പിണക്കം മാറിയോ എന്നുള്ള അത്ഭുതമായിരുന്നു എല്ലാവരുടെയും മുഖത്ത്. തെല്ലുനേരം കഴിഞ്ഞ് മമ്മൂട്ടി പുറപ്പെടാനൊരുങ്ങിയപ്പോള്‍ എന്നോട് ചോദിച്ചു: ”താന്‍ എറണാകുളത്തേക്കാണെങ്കില്‍ വൈകീട്ട് നമുക്കൊരുമിച്ചു പോകാം…”

അതു കേട്ടപ്പോള്‍ എന്റെ മുഖത്ത് വിസ്മയം പടര്‍ന്നു. വൈകീട്ട് ട്രെയിനില്‍ വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഞാനുടനെ വിളിച്ച് ടിക്കറ്റ് കാന്‍സല്‍ ചെയ്തു. വൈകീട്ട് അഞ്ചു മണിയോടെ ഞങ്ങളൊരുമിച്ച് എറണാകുളത്തേക്ക് പുറപ്പെട്ടു. ഡ്രൈവറുണ്ടായിരുന്നെങ്കിലും കാറോടിച്ചത് മമ്മൂട്ടിയായിരുന്നു. കാര്‍ നഗരം വിട്ട് മുന്നോട്ട് നീങ്ങിയപ്പോള്‍ മമ്മൂട്ടി വാചാലനാകാന്‍ തുടങ്ങി. കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു: ”ഞാന്‍ കാരണം തനിക്ക് എട്ടൊമ്പത് പടങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടല്ലോ?”

വാക്കുകളില്‍ കുറ്റബോധത്തിന്റെ നിഴല്‍പാടുകള്‍ വീണിരുന്നു. വേറെ ഏതൊരു നടനാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ആരോടും തുറന്നുപറയില്ല. നേരില്‍ കാണുമ്പോള്‍ സ്‌നേഹം നടിച്ച് കെട്ടിപ്പുണര്‍ന്ന് സ്തുതിവചനങ്ങള്‍ ചൊരിഞ്ഞ് കപടനാട്യത്തോടെ അഭിനയിക്കും. മമ്മൂട്ടി നല്ല നടനാണെങ്കിലും ജീവിതത്തില്‍ അഭിനയിക്കാനറിയില്ല. മനസ്സിലുള്ളത് അപ്പോള്‍ പുറത്തുവരും.

യാത്രയില്‍ മൂന്നാലു മണിക്കൂര്‍ സമയം കിട്ടിയതുകൊണ്ട് പഴയകാല ഓര്‍മകള്‍ പങ്കുവെച്ച് തേച്ചുമിനുക്കാത്ത വാക്കുകളും കനംകുറഞ്ഞ മനസ്സുമായി ഞങ്ങള്‍ എറണാകുളത്തെത്തിയപ്പോള്‍ രാത്രി ഒമ്പതു കഴിഞ്ഞിരുന്നു. പിന്നീട് ആ സൗഹൃദത്തിന്റെ രസഘടനക്ക് ബലക്ഷയം വരാതെ കാത്തുപോന്നിട്ടുണ്ട്.

1990 മുതല്‍ 95 വരെ ലോ ബജറ്റ് ചിത്രങ്ങളുടെ പുഷ്പകാലമായതുകൊണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റാത്തതിന്റെ ആകുലത ഒന്നും എന്റെ മനസ്സിലുണ്ടായിരുന്നില്ല. സൂപ്പര്‍താരങ്ങളുടെ പല ചിത്രങ്ങളോടും ഞങ്ങളുടെ ചെറിയ സിനിമകള്‍ മത്സരിച്ച് വിജയിക്കുകകൂടി ചെയ്തപ്പോള്‍ പിന്നെ അവരുടെ ചിത്രങ്ങള്‍ ചെയ്യണമെന്ന താല്‍പര്യവും എനിക്കുണ്ടായില്ല,’ കലൂര്‍ ഡെന്നീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Script Writer Kaloor Dennis Share Experience With Mammootty

We use cookies to give you the best possible experience. Learn more