തിരക്കഥാകൃത്തും നിര്‍മാതാവും നടനും സംവിധായകനുമൊക്കെയായ രഞ്ജിത്തുമായുള്ള തന്റെ ഒരു അനുഭവം പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. മറുപുറം എന്ന ചിത്രത്തിന്റെ തിരക്കഥ എഴുത്ത് പാതിവഴിയില്‍ രഞ്ജിത്ത് നിര്‍ത്തിയതിനെ കുറിച്ചും ബാക്കി ഭാഗം തനിക്ക് എഴുതേണ്ടി വന്നതിനെ കുറിച്ചുമാണ് കലൂര്‍ ഡെന്നീസ് തന്റെ ആത്മകഥയായ നിറഭേദങ്ങളില്‍ പങ്കുവെക്കുന്നത്.
രഞ്ജിത്ത് സീന്‍ ഓര്‍ഡറൊക്കെ എഴുതിയെങ്കിലും തിരക്കഥ എഴുത്ത് മുന്നോട്ട് നീങ്ങിയില്ലെന്നും ഷൂട്ടിങ് പറഞ്ഞ ദിവസം തുടങ്ങണമെങ്കില്‍ വേറെ ആരെക്കൊണ്ടെങ്കിലും എഴുതിക്കുന്നതാണ് നല്ലതെന്ന് ഒടുവില്‍ രഞ്ജിത്ത് ചിത്രത്തിന്റെ സംവിധായകനോട് പറയുകയും പിന്നീട് ആ ജോലി തനിക്ക് ഏറ്റെടുക്കേണ്ടി വന്നതിനെ കുറിച്ചുമാണ് കലൂര്‍ ഡെന്നീസ് പറയുന്നത്.
അന്ന് തിരക്കഥ എഴുത്ത് നിര്‍ത്തി രക്ഷപ്പെടാന്‍ നോക്കിയ രഞ്ജിത്താണ് ഇന്ന് മലയാള സിനിമയിലെ തിരക്കഥാകാരനും സംവിധായകനും നിര്‍മാതാവും നടനുമൊക്കെയായി മാറിയെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.
‘ജൂബിലിക്കുവേണ്ടി വിജി തമ്പി സംവിധാനം ചെയ്യുന്ന മറുപുറം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥ എഴുതേണ്ടത് രഞ്ജിത്തായിരുന്നു. എറണാകുളം സണ്‍ ഇന്റര്‍നാഷനല്‍ ഹോട്ടലില്‍വെച്ചായിരുന്നു ഡിസ്‌കഷനും എഴുത്തും മറ്റും നടന്നിരുന്നത്. ഫസ്റ്റ് ഹാഫ് കോമഡിയും സെക്കന്‍ഡ് ഹാഫ് ആക്ഷനുമുള്ള കഥയായിരുന്നു ‘മറുപുറ’ത്തിന്റേത്.
രഞ്ജിത്ത് സീന്‍ ഓര്‍ഡറൊക്കെ എഴുതിയെങ്കിലും തിരക്കഥ എഴുത്ത് മുന്നോട്ട് നീങ്ങിയില്ല. ജയറാമും മുകേഷും ജഗതിയും ഉര്‍വശിയുമടങ്ങിയ നാല്‍വര്‍ സംഘത്തിന്റെ കോമഡി സിറ്റുവേഷന്‍സും ഡയലോഗ്‌സുമാണ് കൂടുതല്‍ എഴുതേണ്ടത്. രഞ്ജിത്ത് എഴുതാന്‍ ശ്രമിച്ചെങ്കിലും കോമഡി അത്ര വഴങ്ങുന്നില്ല.
വിജി തമ്പിയും അസിസ്റ്റന്റ് വി.എം. വിനുവും കൂടെയിരുന്നു പ്രോത്സാഹിപ്പിച്ചെങ്കിലും എഴുത്ത് ഒട്ടും മുന്നോട്ട് നീങ്ങിയില്ല. അവസാനം നിവൃത്തിയില്ലാതെ രഞ്ജിത്ത് തമ്പിയോട് പറഞ്ഞു. എന്റെ എഴുത്ത് മുന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. ‘ ഷൂട്ടിങ് പറഞ്ഞ ദിവസം തുടങ്ങണമെങ്കില്‍ തമ്പി വേറെ ആരെക്കൊണ്ടെങ്കിലും എഴുതിക്കുന്നതാണ് നല്ലത്…”
രഞ്ജിത്തിന്റെ വാക്കുകള്‍ തമ്പിക്ക് ഒരു ഷോക്കായി. ജൂബിലിയുടെ ബാനറിലുള്ള വലിയ ഒരു പടം കിട്ടിയിട്ട് അത് നടക്കാതെ പോകുമോ എന്ന ടെന്‍ഷനായിരുന്നു. തമ്പിക്ക്. ഫുള്‍ സ്‌ക്രിപ്റ്റാകാതെ ജൂബിലി ജോയ് പടം തുടങ്ങുകയുമില്ല. ഇനി എന്താ ചെയ്യുക? എഴുത്തുകാരന് എഴുത്ത് വന്നില്ലെങ്കില്‍ എത്ര നിര്‍ബന്ധിച്ചിട്ടും പ്രയോജനമില്ലല്ലോ.
തമ്പി വല്ലാത്തൊരവസ്ഥയിലിരിക്കുമ്പോഴാണ് എവര്‍ഷൈന്‍ മണിയണ്ണന്‍ അവിടെ കയറിച്ചെല്ലുന്നത്. തമ്പി എല്ലാ വിവരങ്ങളും മണിയണ്ണനോട് പറഞ്ഞു. അവര്‍ പല എഴുത്തുകാരെയും ആലോചിച്ചെങ്കിലും ജോയിക്ക് താല്‍പര്യമുള്ള ആളല്ലെങ്കില്‍ പ്രോജക്ട് തന്നെ വേണ്ടെന്നുവെച്ചേക്കാം. അപ്പോള്‍ മണിയണ്ണനാണ് എന്നെ വിളിക്കാന്‍ പറയുന്നത്.
‘ഡെന്നിച്ചായന്‍ ഭയങ്കര തിരക്കാണ്. സമയത്ത് സ്‌ക്രിപ്റ്റ് എഴുതി കിട്ടുമോ?’
”അവന്‍ ഇങ്ങനെയുള്ള പ്രതിസന്ധികളില്‍ എല്ലാവരെയും സഹായിക്കുന്നവനല്ലേ. തമ്പി വിളിച്ചുനോക്ക്..’ മണിയണ്ണന്‍ തമ്പിക്ക് പ്രത്യാശ നല്‍കി.
അങ്ങനെ തമ്പി എന്നെ വിളിക്കുന്നു. വിവരങ്ങളൊക്കെ പറയുന്നു. ഞാനുടനെ സണ്‍ ഇന്റര്‍നാഷനല്‍ ഹോട്ടലിലെത്തുന്നു. ഞാനവിടെ ചെല്ലുമ്പോള്‍ മുറിയില്‍ തമ്പിയും രഞ്ജിത്തും മണിയണ്ണനും എന്നെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഞാന്‍ ചെന്നപാടെ ഒരാമുഖവുമില്ലാതെ രഞ്ജിത്ത് താന്‍ എഴുതിയ സീന്‍ ഓര്‍ഡറും മറ്റുമെടുത്ത് എന്റ കൈയില്‍ തന്നിട്ട് പറഞ്ഞു:
”ഞാനിതെല്ലാം ഡെന്നിച്ചായനെ അങ്ങ് ഏല്‍പിക്കുകയാണ്. എനിക്കിതെഴുതി മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ല…’
പെട്ടെന്ന് കേട്ടപ്പോള്‍ രഞ്ജിത്ത് വെറുതെ തമാശ പൊട്ടിക്കുകയാണെന്നാണ് കരുതിയത്. പിന്നെ വിജി തമ്പി അതിന്റെ കാര്യകാരണങ്ങള്‍ പറഞ്ഞപ്പോഴാണ് രഞ്ജിത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റത്തെക്കുറിച്ച് എനിക്ക് മനസ്സിലായത്.
”അയ്യോ… എഴുതാനൊന്നും എനിക്ക് സമയമില്ല. ഞാന്‍ വേറൊരു പടത്തിന്റെ തിരക്കിലാ… രഞ്ജിത്ത് തന്നെ എഴുതിയാല്‍ മതി.’പറഞ്ഞാഴിയാന്‍ നോക്കിയെങ്കിലും തമ്പിയും രഞ്ജിത്തും എന്നെ വിടാന്‍ ഭാവമില്ലായിരുന്നു. അവസാനം അവരുടെ നിര്‍ബന്ധം കൂടിയപ്പോള്‍ തമ്പിക്ക് കിട്ടിയ നല്ലൊരവസരം നഷ്ടപ്പെടാതിരിക്കാനായി ഞാനൊരു കണ്ടീഷന്‍ വെച്ചു:
”വേണമെങ്കില്‍ കോമഡി ട്രാക്കുള്ള ഫസ്റ്റ് ഹാഫ് ഞാനെഴുതാം. ആക്ഷനും സെന്റിമെന്റ്‌സുമുള്ള സെക്കന്‍ഡ് ഹാഫ് രഞ്ജിത്ത് എഴുതട്ടെ. രഞ്ജിത്ത് ഇല്ലാതെ ഞാനിതേറ്റെടുക്കില്ല…’ രഞ്ജിത്ത് അപ്പോഴും നിസ്സംഗനായി നില്‍ക്കുകയാണ്.
തിരക്കഥ എഴുത്ത് തനിക്ക് വഴങ്ങുന്നതല്ലെന്ന് രഞ്ജിത്ത് ഇടക്കിടക്ക് ഉരുവിടുന്നുമുണ്ടായിരുന്നു. എനിക്കും തുടക്കകാലത്ത് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ളതാണ്. എത്ര വലിയ എഴുത്തുകാരായാലും ‘റൈറ്റേഴ്‌സ് ബ്ലോക്ക്’ ഉണ്ടാവുക സ്വാഭാവികമാണ്. രഞ്ജിത്ത് മൂന്നാല് സിനിമകള്‍ക്ക് തിരക്കഥ എഴുതിയ അനുഭവവുമായിട്ടാണ് വന്നതെങ്കിലും ‘മറുപുറ’ത്തിലെ ഫസ്റ്റ് ഹാഫിലുള്ള കോമഡി സിറ്റുവേഷന്‍സ് എഴുതാന്‍ തുടങ്ങിയപ്പോഴാണ് ബ്ലോക്കായത്.
ഞാന്‍ സിനിമയിലേക്ക് വന്നകാലത്ത് എസ്.എല്‍. പുരം സദാനന്ദനും എഴുത്ത് മുന്നോട്ടുനീങ്ങാഞ്ഞിട്ട് കഥകള്‍ വരെ മാറ്റിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്കങ്ങനെയുണ്ടായ സമയത്ത് ഞാന്‍ ആ സീന്‍സൊന്നും അപ്പോള്‍ എഴുതാതെ മാറ്റിവെക്കുകയാണ് പതിവ്. ബാക്കിയുള്ള സീന്‍സൊക്കെ എഴുതി ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ അവസാനം എഴുതാനായി വെച്ച സീന്‍സ് എഴുതാനുള്ള പുതിയ ആശയങ്ങള്‍ മനസ്സില്‍ രൂപപ്പെട്ടിരിക്കും.
അങ്ങനെ ‘മറുപുറ’ത്തിന്റെ ഫസ്റ്റ് ഹാഫ് ഞാനും സെക്കന്‍ഡ് ഹാഫ് രഞ്ജിത്തും എഴുതി. അന്ന് തിരക്കഥ എഴുത്ത് നിര്‍ത്തി രക്ഷപ്പെടാന്‍ നോക്കിയ രഞ്ജിത്താണ് ഇന്ന് മലയാള സിനിമയിലെ പ്രമുഖനായ തിരക്കഥാകാരനും സംവിധായകനും നിര്‍മാതാവും നടനുമൊക്കെയായി മാറിയ ചലച്ചിത്രകാരന്‍. ഈ സംഭവങ്ങളൊക്കെ രഞ്ജിത്ത് ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുമോ?,’ കലൂര്‍ ഡെന്നിസ് കുറിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight: Script Writer Kaloor Dennis About Director Renjith