| Tuesday, 23rd March 2021, 12:12 pm

'തിരക്കഥ എഴുത്ത് എനിക്ക് പറ്റിയ പണിയല്ല, പൈസ കിട്ടുമെന്ന മോഹം കൊണ്ട് എഴുതിപ്പോകുന്നതാ'; ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതിനെ കുറിച്ച് കലൂര്‍ ഡെന്നീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കവിയും തിരക്കഥാകൃത്തുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊത്തുള്ള തന്റെ ഒരു അനുഭവം പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്.

നിറഭേദങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ട് തൃശൂരില്‍ നടക്കുന്ന സമയം ഹോട്ടല്‍ മുറിയില്‍ തന്നെ കാണാനായി ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തിയതിനെ കുറിച്ചും എഴുതിക്കൊണ്ടിരിക്കുന്ന തിരക്കഥ പൂര്‍ത്തിയാക്കാനാകാതെ താന്‍ ബുദ്ധിമുട്ടുകയാണെന്ന കാര്യമായിരുന്നു അന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് തന്നോട് പറയാനുണ്ടായിരുന്നതെന്നും കലൂര്‍ ഡെന്നീസ് നിറഭേദങ്ങള്‍ എന്ന തന്റെ ആത്മകഥയില്‍ പറയുന്നു.

തിരക്കഥ എഴുത്ത് തനിക്ക് പറ്റിയ പണിയല്ലെന്നും പിന്നെ പൈസ കിട്ടുമെന്ന മോഹം കൊണ്ട് എഴുതിപ്പോകുന്നതാണ് എന്ന് പറഞ്ഞ് അന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ചിരിക്കുകയായിരുന്നെന്നും ”നിങ്ങള്‍ നല്ലൊരു കവിയും നടനുമൊക്കെയല്ലേ? നിങ്ങള്‍ വിചാരിച്ചാല്‍ നന്നായിട്ട് തിരക്കഥ എഴുതാന്‍ പറ്റും, ട്രൈ ചെയ്തു നോക്ക് എന്ന് പറഞ്ഞ് താന്‍ പ്രോത്സാഹിപ്പിച്ചെങ്കിലും ചുള്ളിക്കാടിന് അതിനോടൊന്നും പൊരുത്തപ്പെടാനായില്ലെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

‘ നിറഭേദ’ങ്ങളുടെ ഷൂട്ടിങ് തൃശൂര്‍ നടക്കുമ്പോള്‍ കാസിനോ ഹോട്ടലിലായിരുന്നു ഞാനും സംവിധായകന്‍ സാജനും താമസിച്ചിരുന്നത്. ഒരു ദിവസം ഉച്ചക്ക് ഒട്ടും പ്രതീക്ഷിക്കാതെ ബാലചന്ദ്രന്‍ ചുള്ളിക്കാട് മുറിയിലേക്ക് കയറിവന്നു. ചുള്ളിക്കാട് ഏതോ ഒരു സിനിമക്ക് തിരക്കഥ എഴുതാന്‍ വന്ന് ഇവിടെ റൂം എടുത്തിരിക്കുകയാണ്. ഞാന്‍ ഇവിടെ ഉണ്ടെന്നറിഞ്ഞ് വന്നതാണ്. ഞങ്ങള്‍ രണ്ടാളും എറണാകുളത്തുകാരാണെന്നുള്ള ഒരു ആധികാരികതയും വരവിനുണ്ട്. ”നിങ്ങള്‍ ഇവിടെയുണ്ടെന്ന് ഞാനിപ്പോഴാണ് അറിഞ്ഞത്… ഹോ. ഇപ്പോഴാണെനിക്ക് ആശ്വാസമായത്…’

”ങും… അതെന്താ?’ ഞാന്‍ ചോദിച്ചു.

”നിങ്ങളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. നിങ്ങളെങ്ങനെയാണ് ഇത്രയധികം സിനിമകള്‍ക്ക് തിരക്കഥ എഴുതുന്നത്?” ചുള്ളിക്കാടിന്റെ മുഖത്ത് അത്ഭുതം.

”അതെന്റ ജോലിയല്ലേ… എഴുതിയല്ലേ പറ്റൂ..” ”ഞാന്‍ ഒരു സീനെഴുതിയിട്ട് മുഴുവനാക്കാന്‍ പറ്റാതെ രണ്ടു ദിവസമായിട്ട് ബേജാറായിട്ട് നടക്കുകയാണ്.’ ”അതെന്താ..? കഥയും സിസ്റ്റേഷനുമൊക്കെ മനസ്സിലില്ലേ പിന്നെന്താ പ്രശ്‌നം. എഴുതിക്കൂടെ?’

‘ഹാ. ഞാന്‍ വിചാരിച്ച മൊഴികള്‍ നിറുകയില്‍നിന്ന് ഇങ്ങുവരണ്ടേ’ അതുകേട്ടപ്പോള്‍ ഞാന്‍ ചിരിച്ചുപോയി. ”ഏറ്റവും സുഖം എഴുത്താണിഷ്ടാ.

തിരക്കഥ എഴുത്ത് എനിക്ക് പറ്റിയ പണിയല്ല. പിന്നെ പൈസ കിട്ടുമെന്ന മോഹം കൊണ്ട് എഴുതിപ്പോകുന്നതാ…” എന്നു പറഞ്ഞുകൊണ്ട് മുഴങ്ങുന്ന ശബ്ദത്തില്‍ ചുള്ളിക്കാട് ചിരിച്ചു. ”നിങ്ങള്‍ നല്ലൊരു കവിയും നടനുമൊക്കെയല്ലേ? നിങ്ങള്‍ വിചാരിച്ചാല്‍ നന്നായിട്ട് തിരക്കഥ എഴുതാന്‍ പറ്റും. ട്രൈ ചെയ്തു നോക്ക്.

ഞാന്‍ പലതും പറഞ്ഞ് പ്രോത്സാഹിപ്പിച്ചെങ്കിലും ചുള്ളിക്കാടിന് അതിനോടൊന്നും പൊരുത്തപ്പെടാനായില്ല. മിക്കവാറും ഇതോടുകൂടി എന്റെ തിരക്കഥ എഴുത്ത് അ വസാനിപ്പിക്കുമെന്നും പറഞ്ഞാണ് ചുള്ളിക്കാട് മുറിയില്‍നിന്ന് പോയത്. പിന്നീട് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഞാന്‍ കാണുന്നത് സിനിമയിലും സീരിയലുകളിലും സജീവസാന്നിധ്യമായ ഒരഭിനേതാവായിട്ടാണ്, കലൂര്‍ ഡെന്നീസ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Script Writer Kaloor Dennis About Balachandran Chullikkadu

We use cookies to give you the best possible experience. Learn more