പത്രപ്രവര്‍ത്തകനായും പരസ്യ നിര്‍മാതാവായും പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ സിനിമാ തിരക്കഥാകൃത്തായി തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് കെ.ആര്‍. കൃഷ്ണകുമാര്‍.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത് മാനിന്റേതായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യത്തെ തിരക്കഥ. ഇപ്പോള്‍ ജീത്തുവിന്റെ തന്നെ സംവിധാനത്തില്‍ ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന കൂമന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും കൃഷ്ണകുമാര്‍ തന്നെയാണ്.
കൂമന്റെ വിശേഷങ്ങളും ഒപ്പം ട്വല്‍ത് മാനിലേക്ക് മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പോപ്പര്‍സ്റ്റോപ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം.
കൂമനില്‍ ഒരു സ്റ്റാര്‍ എന്നതിനപ്പുറം ആസിഫ് അലി എന്ന പെര്‍ഫോമറെ തെരഞ്ഞെടുത്തതിനെ കുറിച്ചാണ് കൃഷ്ണകുമാര്‍ മനസുതുറക്കുന്നത്.
”കൂമന്റെ സബ്ജക്ട് ചെയ്ത സമയത്ത് തന്നെ, ആരാണ് നായകനായി മനസിലുള്ളത്, എന്ന് ജീത്തു എന്നോട് ചോദിച്ചിരുന്നു. ട്വല്‍ത് മാന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ആയപ്പോഴും എന്നോട് ഇതേ ചോദ്യം ജീത്തു ചോദിച്ചിരുന്നു. ചന്ദ്രശേഖര്‍ എന്ന കഥാപാത്രമായി മനസിലാരെയെങ്കിലും വെച്ചിട്ടുണ്ടോ എന്നായിരുന്നു ജീത്തു ചോദിച്ചത്.
ലാലേട്ടന്‍ വരുമോ, എന്ന് ഞാന്‍ ജീത്തുവിനോട് തിരിച്ച് ചോദിച്ചു. ഞാന്‍ സംസാരിക്കാന്‍ പോകുകയാണ്, അതിന് വേണ്ടിയാണ് ചോദിച്ചത്, എന്ന് ജീത്തു പറഞ്ഞു.
ഇതുപോലെ കൂമന്റെ കേസിലും, എഴുത്തുകാരന്‍ എന്ന രീതിയില്‍ മനസില്‍ ആരെങ്കിലും ഉണ്ടോ, എന്ന് എന്നോട് ചോദിച്ചു. ആസിഫ് അലിയെ പോലൊരു ആളാണ് എന്റെ മനസില്‍, കാരണം ഒരു നല്ല നടനും പെര്‍ഫോമറുമായിരിക്കണം എന്ന് ഞാന്‍ പറഞ്ഞു.
കാരണം പെര്‍ഫോം ചെയ്യാന്‍ അത്രയും സാധ്യതകളുള്ള ഒരു ക്യാരക്ടറാണിത്. ഭയങ്കര ഹീറോ ഇമേജുള്ള കഥാപാത്രമല്ല ഇത്. ഇയാളൊരു സാധാരണ സി.പി.ഒ ആണ്. ആസിഫ് എന്റെ മനസിലുള്ള നടനാണ് എന്ന് ജീത്തുവിനോട് പറഞ്ഞു.
മൊത്തത്തില്‍ വായിച്ചിട്ട് എനിക്കും അങ്ങനെയാണ് തോന്നുന്നത്, ആസിഫിന്റെ കയ്യില്‍ ഈ കഥാപാത്രം സേഫ് ആയിരിക്കും, എന്ന് ജീത്തുവും പറഞ്ഞു. അത്തരം തീരുമാനങ്ങള്‍ ജീത്തുവിന് എപ്പോഴുമുണ്ട്.
ആ ക്യാരക്ടറിന് പറ്റിയ നടന്‍ ആരാണെന്ന് നോക്കിയാണ് ജീത്തു തീരുമാനങ്ങളെടുക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഭയങ്കര സ്റ്റാര്‍ഡം ഉള്ള ഒരാളെ കൊണ്ടുവന്ന്, അദ്ദേഹത്തിന് യോജിക്കാത്ത ഒരു കഥാപാത്രത്തെ കൊടുത്തിട്ട് കാര്യമില്ലല്ലോ. അങ്ങനെ ചിന്തിക്കുന്നതല്ലല്ലോ ഒരു ഡയറക്ടറുടെ ക്വാളിറ്റി,” കെ.ആര്‍. കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കിയ കൂമന്‍ മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആസിഫ് അലിയുടെ പ്രകടനവും ഏറെ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.
Content Highlight: Script Writer K.R Krishna Kumar about chosing Mohanlal for twelfth man and Asif Ali for Kooman