ശാപം കിട്ടുമെന്ന ഭീഷണിക്ക് പിന്നാലെ തുടര്‍മരണങ്ങള്‍, അപകടങ്ങള്‍; ക്രൈം ഫയല്‍ കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് തിരക്കഥാകൃത്ത്‌ എ.കെ സാജന്‍
Dool Talk
ശാപം കിട്ടുമെന്ന ഭീഷണിക്ക് പിന്നാലെ തുടര്‍മരണങ്ങള്‍, അപകടങ്ങള്‍; ക്രൈം ഫയല്‍ കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് തിരക്കഥാകൃത്ത്‌ എ.കെ സാജന്‍
അശ്വിന്‍ രാജ്
Tuesday, 22nd December 2020, 8:52 pm

സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകം തന്നെയാണെന്ന് ചൊവ്വാഴ്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി പ്രഖ്യാപിച്ചിരുന്നു. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.

സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഇറങ്ങി സൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു ക്രൈം ഫയല്‍. സുരേഷ് ഗോപിയെ നായകനാക്കി കെ.മധു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എ.കെ സാജനും എ.കെ സന്തോഷുമായിരുന്നു.

28 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വിധി വന്ന പശ്ചാത്തലത്തില്‍ 1999 ല്‍ റിലീസ് ചെയ്ത ക്രൈംഫയല്‍ എന്ന ചിത്രത്തിനെ കുറിച്ചും ചിത്രീകരണ സമയത്ത് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ചും തിരക്കഥാകൃത്ത് എ.കെ സാജന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

………………………………………………………………………………………………………..

28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിധി വന്നിരിക്കുകയാണ്, ഈ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു 1999 ല്‍ ക്രൈം ഫയല്‍ എന്ന സിനിമ വന്നത്, വിധിയെ കുറിച്ച് എന്ത് തോന്നുന്നു ?

ഏത് മലയാളിയെയും പോലെ പരമോന്നത കോടതിയുടെ ഈ വിധിയില്‍ ഞാന്‍ സന്തോഷിക്കുകയാണ്.

സിനിമയുമായി ബന്ധപ്പെട്ട് നമുക്കൊരു അവകാശവാദവും ഇല്ല. അന്ന് ഒരു കച്ചവട സിനിമയുടെ ചേരുവകള്‍ ഉപയോഗിച്ച് സിനിമ ചെയ്തു എന്നേയുള്ളു. അന്ന് സജീവമായി നിലനിന്നിരുന്ന, പത്രമാധ്യമങ്ങളിലൂടെ കേട്ടിരുന്ന കേസിനെയും അതിന്റെ കച്ചവട സാധ്യതകളെയും ഫോളോ ചെയ്യുകയായിരുന്നു. ഏതൊരു വായനക്കാരനെയും പോലെ ഞാനും അത് ഫോളോ ചെയ്തതുകൊണ്ട് ഇത്തരമൊരു വിഷയത്തില്‍ സിനിമയെടുത്തു എന്നേ ഉള്ളൂ.

മറ്റൊരു കാര്യം പ്രതികളായി അന്ന് ഫാദര്‍ കോട്ടൂരിനെയോ സെഫിയെയോ ഒന്നും അറസ്റ്റ് ചെയ്തിട്ടിയില്ലായിരുന്നു എന്നതാണ്. ഊഹാപോഹങ്ങള്‍ മാത്രമാണ് അന്ന് നിലനിന്നിരുന്നത്.

എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ അന്ന് അനുഭവിച്ചിരുന്ന ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഞാനിത് ചെയ്യുന്നത് ശരിയാണോ എന്ന തോന്നലാണ്. പടത്തില്‍ ഇന്റര്‍വെല്‍ വരെ കാളിയാര്‍ അച്ചന്‍ എന്ന വൈദികനാണ് സിസ്റ്റര്‍ അമലയെ കൊന്നു എന്ന് പറയുന്നത്. സിസ്റ്റര്‍ അഭയയും അമലയും തമ്മില്‍ ഒരു സാമ്യമുണ്ടല്ലോ. പിന്നെയാണ് വൈദികന്‍ അല്ല വൈദികന്റെ മൂത്ത ഒരു സഹോദരനാണ് അമലയെ കൊന്നതെന്ന് കാണിക്കുന്നത്.

അപ്പോഴും എന്നെ അലട്ടിയിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. നാളെ ഇതൊന്നുമല്ല സത്യമെന്ന് വന്നാല്‍ അത് പ്രശ്‌നമാകുമോയെന്ന്. അഭയയുടെ കൊലപാതകം പോലെ തന്നെ സഭയെ കൊന്നപോലെയുണ്ടാകും. ഇന്ന് ആ ഭയത്തില്‍ നിന്ന് വിമുക്തനാണ്. വിധി തിരിച്ചാണ് വരുന്നെങ്കില്‍ സഭയെ കളങ്കപ്പെടുത്തി എന്നൊക്കെയുള്ള തരത്തില്‍ ആയിരിക്കും എന്നോട് ചോദ്യം വരിക.

അന്ന് എഴുതാന്‍ ഇരുന്നത് മുതല്‍ കഴിഞ്ഞ 21 വര്‍ഷമായി ഈ പ്രശ്‌നം ഞാന്‍ നേരിട്ടിരുന്നു. ക്രൈം ഫയല്‍ എഴുതാനിരുന്ന് മറ്റൊരു ക്രൈം ആകുമോയെന്ന് ഭയമുണ്ടായിരുന്നു. ഇന്ന് എനിക്ക് സന്തോഷം തോന്നി. ഞാന്‍ അതിന്റെ സത്യം കണ്ടെത്തി എന്നൊന്നുമല്ല. ഒരു കന്യാസ്ത്രീ മഠത്തില്‍ നടന്ന സംഭവം ആയതുകൊണ്ട് തന്നെ അന്നവിടെ കയറിപറ്റാന്‍ സാധ്യതയുള്ളതാരാണ് എന്നൊക്കെ സമൂഹത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങളും ഊഹാപോഹങ്ങളും വായിച്ചറിഞ്ഞതും വെച്ചായിരുന്നു അത് എഴുതിയിരുന്നത്. കാളിയാര്‍ അച്ചന്‍ എന്നൊരാളെ പ്രതിസ്ഥാനത്ത് നിര്‍ത്തി സിനിമയില്‍ ചിത്രീകരിച്ചതൊക്കെ തിരിച്ചായിരുന്നു വന്നിരുന്നതെങ്കില്‍ ആകെ പ്രശ്‌നമായേനെ.

ഈ സിനിമ പ്രഖ്യാപിച്ച സമയത്ത് എന്തെങ്കിലും ഭീഷണികളോ, അല്ലെങ്കില്‍ എന്തെങ്കിലും തടസങ്ങളോ നേരിട്ടിരുന്നോ ?

നമ്മളെ തട്ടികളയുമെന്നോ അല്ലെങ്കില്‍ കൊന്നുകളയുമെന്നോ ഉള്ള തരത്തില്‍ ഭീഷണി ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ നമ്മുടെ അടുത്ത സുഹൃത്തുക്കള്‍ വഴി വളരെ തന്മയത്തോടെയും സ്‌നേഹത്തോടെയും വന്ന് നമ്മളെ ഉപദേശിക്കും ഇത് ചെയ്യേണ്ട. ഇത് പ്രശ്‌നമാണ്, ഒന്നാമതായി കേസ് തെളിയിക്കപ്പെട്ടിട്ടില്ല, 2000 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ സഭയെ അപമാനിക്കുന്നതാണ് ഇത് എന്നിങ്ങനെയെല്ലാം ഉള്ള ഉപദേശങ്ങളായിരുന്നു.

നമ്മുടെ സൗഹൃദങ്ങള്‍ വെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു ഉണ്ടായിരുന്നത്. എഴുത്തുകാരന്‍ എന്ന നിലയില്‍ അന്ന് അതെന്നെ വലിയ സംഘര്‍ഷത്തിലേക്ക് കൊണ്ടുപോയിരുന്നു.

ഇടയ്ക്ക് ഒരു സുഹൃത്ത് ചോദിച്ചു. കേസില്‍ ഒരു വൈദികനാണ് പ്രതിയെങ്കിലും രണ്ട് വ്യക്തികളായി മാറ്റി നിര്‍ത്തിയാല്‍ മതി ലക്ഷകണക്കിന് പേരുള്ള സഭയില്‍ അങ്ങിനെ ചിലര്‍ ഉണ്ടാവാം,  എന്നു കരുതി മൊത്തം സഭയെയും കുറ്റം പറയുന്നത് വലിയ കുറ്റമല്ലെ. അതിന്റെ ‘ശാപം’ നിങ്ങള്‍ക്ക് കുടുംബം കുടുംബമായി നിലനില്‍ക്കുമെന്നും എന്നെ പറഞ്ഞ്  ഭയപ്പെടുത്തുകയായിരുന്നു.

ഇതൊക്കെ വളരെ അടുപ്പമുള്ള സുഹൃത്തുക്കളെ കൊണ്ടാണ് പറയിപ്പിച്ചിരുന്നത്. ഈ ശാപം എന്ന വാക്ക് സാധാരണ മനുഷ്യര്‍ ഭയപ്പെടുന്ന ഒന്നാണല്ലോ. നമ്മളെ കത്തിയെടുത്ത് കുത്തിക്കൊല്ലും എന്ന് പറയുന്നതിനേക്കാള്‍ ഭീകരമാണല്ലോ നമ്മളെ ശപിച്ച് കുടുംബം മൊത്തം അത് പിന്തുടരുമെന്ന് പറയുന്നത്. ഇതൊക്കെ എഴുതുന്ന സമയത്ത് ഉള്ളതായിരുന്നു.

സിനിമയുടെ ഷൂട്ടിംഗിന്റെ രണ്ടാം ദിവസം ലോകത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ അമ്മ മരിച്ചു. ‘ശാപം ഫലിച്ചു’ തുടങ്ങി എന്നായിരുന്നു പറഞ്ഞത്. അന്ന് ഷൂട്ടിംഗ് പത്ത് ദിവസം നിര്‍ത്തിവെയ്ക്കാമെന്ന് പറഞ്ഞു, അത് ചെയ്യേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഭാഗ്യത്തിന് അന്ന് പത്ത് ദിവസത്തേക്കുള്ള സീനുകള്‍ എഴുതിയിരുന്നു. അതെടുക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. എനിക്ക് ഒരു അഞ്ച് – ആറ് ദിവസം റെസ്റ്റ് വേണം. തല്‍ക്കാലം ഇത് വെച്ച് ഷൂട്ട് ചെയ്യാന്‍ പറഞ്ഞു. മധു ചേട്ടന്‍ (സംവിധായകന്‍ കെ.മധു) അതിനനുസരിച്ച് ചെയ്തു.

പക്ഷേ വീണ്ടും ഒരു പത്ത് ദിവസം കഴിഞ്ഞപ്പോള്‍ മധു ചേട്ടന്റെ ഏറ്റവും അടുത്ത ഒരു ഇളയച്ഛന്‍ മരിച്ചു. മരണത്തിന്റെ ഒരു ഘോഷയാത്ര തന്നെ വന്നു. ശാപത്തിന്റെ കഥ വീണ്ടും ശക്തമായി വന്നു. ഈ പടം നിര്‍ത്തികൊള്ളുവെന്ന് പലരും പറഞ്ഞു. റിലീസിന്റെ തലേ ദിവസം പ്രൊഡ്യൂസറുടെ കൊച്ചച്ചന്‍ മരിച്ചിട്ടാണ് പരമ്പര അവസാനിക്കുന്നത്.

ശരിക്കും ഒരു ഡാര്‍ക് കോമഡി എന്ന് പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നു അല്ലെ?

അതെ. ഡാര്‍ക് കോമഡിയുടെ അങ്ങേയറ്റം ആയിരുന്നു. ഇതിനിടയ്ക്ക് മധുചേട്ടന്‍ വിളിച്ചിട്ട് പറയുന്നുണ്ട് ഷൂട്ടിംഗിന് പലയിടത്തും അനുമതി കിട്ടുന്നില്ല. പലയിടത്തും പടം ഇതാണെന്ന് വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് എതിര്‍പ്പുകള്‍ വരുന്നത്. പലരും എല്ലാം സെറ്റ് ആക്കി ഷൂട്ടിന് ചെല്ലുമ്പോള്‍ അനുമതി തരില്ല. ചിലയിടത്ത് പേര് മാറ്റി പറഞ്ഞൊക്കെ ചിത്രം ഷൂട്ട് ചെയ്തിട്ടുണ്ട്. പകുതി ഷൂട്ട് ചെയ്യമ്പോ തന്നെ തിരിച്ചറിഞ്ഞ് ഇറങ്ങിക്കോളാന്‍ പറയും. പള്ളിയിലെ ഷൂട്ട് തന്നെ  മൂന്നോ നാലോ പള്ളികള്‍ ഒരു പള്ളിയായിട്ടൊക്കെ കാണിച്ചാണ് ഉപയോഗിച്ചത്. അതൊക്കെ മധു ചേട്ടന്റെ കഴിവാണ് പ്രേക്ഷകര്‍ തിരിച്ചറിയാതെ ചെയ്യുക എന്നത്.

വേറെ വലിയ ഒരു തമാശ, ചിത്രത്തിന്റെ ക്യാമറമാന്‍ ആയ സാലു ജോര്‍ജ് വലിയ ഒരു റോമന്‍ കാത്തലിക് വിശ്വാസിയാണ്. പുള്ളിയാണെങ്കില്‍ വളരെയധികം വൈകാരികമായി കാണുന്ന ആളാണ്. പുള്ളി ഒരു ദിവസം തലകറങ്ങി ക്രൈയിന്റെ മുകളില്‍ നിന്ന് വീണു. സാലുവിന് ഭയങ്കരമായ ഭയം.

ഞാന്‍ മുറിയില്‍ ഇരുന്നുകൊണ്ട് ഭാര്‍ഗവി നിലയത്തിലെ പോലെ സിസ്റ്റര്‍ അഭയയുമായിട്ട് സംസാരിക്കുന്ന രീതിയില്‍ തിരക്കഥ എഴുതുകയാണ്. ഇതിനിടെ സാലു വിളിച്ച് പറയുന്നു, ലൊക്കേഷനില്‍ വണ്ടി ആക്സിഡന്റ് ആയി, അങ്ങോട്ട് തട്ടി ഇങ്ങോട്ട് തട്ടി കാലൊടിഞ്ഞു, കയ്യൊടിഞ്ഞു എന്നൊക്കെ. ദിവസവും അപകടങ്ങളുടെ വാര്‍ത്തയേ കേള്‍ക്കുന്നുള്ളൂ. ലൊക്കേഷനില്‍ പണി നടക്കുന്നില്ല.

അതുകഴിഞ്ഞ് സാലു വിളിച്ചു പറയുന്നു എന്നും ക്യാമറയില്‍ നോക്കിയാല്‍ കാണുന്നത് അഭയയെയാണ് എന്ന്. ഞാന്‍ പുള്ളിക്കാരനെ ആശ്വസിപ്പിച്ചെങ്കിലും ശരിക്കും എനിക്കും ഭയമായി. കാരണം അമ്മയുടെ മരണം എന്നേയും തളര്‍ത്തിക്കളഞ്ഞു. യുക്തിവാദിയാണ് എന്നൊക്കെയാണ് ഞാന്‍ കരുതിയിരുന്നതെങ്കിലും ആ സമയത്ത് അതുകൊണ്ടൊന്നും കാര്യമില്ലാതായിപ്പോയി.

പിന്നെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന മറ്റൊരു സംഭവം ഇതാണ്. സിനിമയില്‍ അമലയെ കിണറ്റിന്‍ കരയിലുള്ള വാട്ടര്‍ടാങ്കില്‍ മുക്കിക്കൊല്ലുന്നതായിട്ടാണ് കാണിക്കുന്നത്. കിണറിന്റെ കരയില്‍ ഒരു ടാങ്ക് കെട്ടിയിരിക്കുകയാണ്. അതില്‍ ഒരു 500 ലിറ്റര്‍ വെള്ളം ഒഴിച്ച് നിറച്ച ശേഷമാണ് ആ സീന്‍ എടുക്കുന്നത്. എപ്പോള്‍ ഈ സീന്‍ എടുക്കാന്‍ പോയാലും ടാങ്ക് പൊട്ടിപ്പോകും. വെള്ളം നിറച്ചുകഴിയുമ്പോള്‍ ടാങ്ക് ഒരൊറ്റ പൊട്ടലാണ്. മൂന്നോ നാലോ പ്രാവശ്യം ആയപ്പോള്‍ എല്ലാവരും പറഞ്ഞു ഇതെന്തോ ബാധയുണ്ട്. എന്തോ പ്രശ്നമുണ്ട്, ഈ സീന്‍ വേണ്ട എന്നുപറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു, പിന്നെ എങ്ങനെയാണ് അഭയയെ കൊല്ലേണ്ടത്? അല്ല അത് നമുക്ക് വേറെ എന്തെങ്കിലും ചെയ്യാം, ഇതെന്തോ പ്രശ്നമുണ്ടെന്നായി അവര്‍. സെറ്റില്‍ എല്ലാവര്‍ക്കും ഭയമായി തുടങ്ങി. ഒരു മുള്‍മുനയില്‍ നിന്നുകൊണ്ടാണ് ഈ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്.

 

കുറേ പത്രവാര്‍ത്തകള്‍ മേശപ്പുറത്തുവെച്ചുകൊണ്ടാണ് ഞാന്‍ ഈ എഴുത്ത് പരിപാടിയൊക്കെ നടത്തുന്നത്. അന്ന് എന്താണ് നടന്നതെന്ന് ആരോടും പോയി ചോദിക്കാന്‍ പറ്റില്ലല്ലോ, ഇങ്ങനെയൊക്കെ ആയിരിക്കും എന്ന ധാരണയില്‍ എഴുതുകയാണല്ലോ. അങ്ങനെ അഞ്ചാമത്തെ തവണ ഞാന്‍ പറഞ്ഞു, ഇതും കൂടി നമുക്ക് നോക്കാമെന്ന്. നാല് ദിവസത്തിന് ശേഷം ഈ സീന്‍ വീണ്ടും ഷൂട്ട് ചെയ്യാം. ഇത്തവണ കൂടി നടന്നില്ലെങ്കില്‍ നമുക്കിത് മാറ്റിവെക്കാം എന്നു പറഞ്ഞു.

ആളുകള്‍ സെറ്റിന്റെ തൂക്കമൊക്കെ നോക്കി ഇഷ്ടികയും സിമന്റും ഒക്കെ വെച്ച് ഒരു ടാങ്ക് വീണ്ടും കെട്ടിപ്പൊക്കി. അങ്ങനെ അഞ്ചാമത്തെ ദിവസം
ടേക് ഓക്കെയായി. ഓരോ സ്വീകന്‍സ് എടുക്കുമ്പോഴും ഒരോ പരീക്ഷണങ്ങള്‍ ഉണ്ടായി. ഇന്നിപ്പോള്‍ അതാലോചിക്കുമ്പോള്‍ ഒരു കൗതുകമായിട്ടാണ് തോന്നുന്നത്. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഇതൊന്നും വലിയ കാര്യമല്ല.

അതിനേക്കാളൊക്കെ വലിയ കൗതുകം എന്നത് ഈ പടത്തിന്റെ സെന്‍സറിനായി ചെന്നപ്പോള്‍ വലിയ വെട്ടിമുറിക്കലും കീറിമുറിക്കലുമൊക്കെ നടന്നതാണ്. മാത്രമല്ല അച്ചനാണ്  പ്രതിയെന്ന് ഒരിക്കലും സ്ഥാപിക്കരുതെന്ന് നിയമ വിദഗ്ധരില്‍ ചിലര്‍ എന്നോട് പറഞ്ഞു. അവര്‍ കോടതിയില്‍ ചലഞ്ച് ചെയ്യുമെന്നൊക്കെ പറഞ്ഞു. അന്ന് കോടതിയില്‍ കേസ് നടക്കുകയാണല്ലോ. സി.ബി.ഐയ്ക്കും സഭയ്ക്കും ഇത് കോടതിയില്‍ ചലഞ്ച് ചെയ്യാമെന്നും പിന്നെ നിങ്ങള്‍ പെട്ടുപോകുമെന്നും പടം ഒരിക്കലും വെളിച്ചം കാണില്ലെന്നും പറഞ്ഞു.

നമ്മുടെ സ്‌ക്രിപ്റ്റ് പ്രകാരം ഇന്റര്‍വെല്ലില്‍ കാളിയാര്‍ അച്ചന്‍ അറസ്റ്റു ചെയ്യപ്പെടുന്നതും അതിന് മുമ്പ് വരെ നിഷ്‌കളങ്കമായി, കേസ് തെളിയണമെന്നൊക്കെ പറഞ്ഞ് നില്‍ക്കുന്ന അച്ചനെയാണ് കൊലയാളിയായി ആദ്യം കാണിക്കുന്നത്. ഒരു ടിപ്പിക്കല്‍ ട്വിസ്റ്റ് ആയിരുന്നു അത്. അങ്ങനെ ഒരു അച്ചനെ പ്രതിയാക്കി നിങ്ങള്‍ പടം അവസാനിപ്പിക്കരുതെന്നും നിങ്ങള്‍ക്ക് പണി കിട്ടുമെന്നും സുപ്രീം കോടതിയില്‍ പോയാല്‍ പോലും നിങ്ങള്‍ക്ക് പടം റിലീസ് ചെയ്യാന്‍ കഴിയില്ലെന്നും എല്ലാവരും പറഞ്ഞതോടെയാണ് ഞങ്ങള്‍ ഇത് ഷിഫ്റ്റ് ചെയ്യുന്നത്.

കാളിയാര്‍ അച്ചന്റെ ചേട്ടനായ ജനാദര്‍ദ്ദനന്‍ ചേട്ടന്റെ ക്യാരക്ടറിനെകൊണ്ട് ചെയ്യിപ്പിക്കുന്നത്. അങ്ങനെ സെന്‍സറിന്റെ പ്രശ്നങ്ങള്‍ എല്ലാം കഴിഞ്ഞു. ഒരു ഡിസംബറില്‍ പടം റിലീസ് ചെയ്യാനായി തയ്യാറെടുക്കുമ്പോഴാണ് എനിക്കൊരു ഫോണ്‍ കോള്‍ വരുന്നത്. പടം സ്റ്റേ ചെയ്യാനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരു പാര്‍ട്ടി തയ്യാറെടുക്കുന്നതായിട്ട്. തൊട്ടടുത്ത ദിവസം തന്നെ പടം റിലീസ് ചെയ്തില്ലെങ്കില്‍ സ്റ്റേ വരുമെന്നും അതിനുള്ള വക്കീലന്‍മാരുമായി കോട്ടയത്ത് നിന്ന് വണ്ടി പുറപ്പെട്ടിട്ടുണ്ടെന്നും എറണാകുളത്ത് എത്തുന്ന താമസം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും പറഞ്ഞു.

കോടതി സ്റ്റേ കൊടുത്തുകഴിഞ്ഞാല്‍ പണി കിട്ടുമെന്നും ബുധനാഴ്ച തന്നെ പടം റിലീസ് ചെയ്യണമെന്നുമാണ് പറഞ്ഞത്. അങ്ങനെ റിലീസ് ചെയ്യാന്‍ ആയിട്ടില്ല. അങ്ങനെ സെന്‍സര്‍ ചെയ്ത ഒരു കോപ്പി, മോണോ കോപ്പി സെന്‍സര്‍ പ്രിന്റ് കോപ്പി എടുത്ത് എറണാകുളത്ത് കൊണ്ടുവന്നു ബുധനാഴ്ച മൂന്ന് മണിക്കാണ് പ്രിന്റ് വരുന്നത്. അവിടുന്ന് ഞങ്ങള്‍ കോട്ടയത്തെ അനുപമ തിയ്യേറ്ററിലേക്ക് രഹസ്യമായി പുറപ്പെടുകയാണ്. അവിടെ ചെല്ലുമ്പോള്‍ ആര്‍ക്കും അറിയില്ല.

ഏതെങ്കിലും ഒരു തിയേറ്ററില്‍ റിലീസ് ചെയ്താല്‍ മതി. പിന്നെ സ്റ്റേ എന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് നമുക്ക് വാദിക്കാനാവും. കാരണം പൊതുജനത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് കഴിഞ്ഞല്ലോ. ഞങ്ങള്‍ ഏഴ് മണിക്കാണ് കോട്ടയത്ത് എത്തുന്നത്. ആരും അറിയാതെ. അവിടെ അന്ന് വിജയകാന്തിന്റെ ഏതോ ഒരു തമിഴ് പടം കളിക്കുകയാണ്. അത് വ്യാഴാഴ്ച മാറ്റും. അങ്ങനെ ബുധനാഴ്ച രാത്രി ഫസ്റ്റ് ഷോ ടിക്കറ്റ് കൊടുത്ത് പടം തുടങ്ങിയപ്പോള്‍ സെഞ്ച്വറിയുടെ ഓഫീസില്‍ നിന്ന് ആറേഴ് പേര് ഒരു സൈക്കിളില്‍ കോട്ടയം, കഞ്ഞിക്കുഴി ഭാഗങ്ങളിലായി ക്രൈം ഫയലിന്റെ പോസ്റ്ററിന്റെ മുകളില്‍ ഒരു സ്ട്രിപ്പ് ഒട്ടിച്ചു. ഇന്ന് രാത്രി 9.30 ന് ക്രൈം ഫയല്‍ റിലീസ് ചെയ്യുമെന്ന്. അങ്ങനെ പടം ഓടുകയാണ്.

ഞാനാണ് ഈ പെട്ടിയുമായി പോകുന്നത്. ഞാന്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് തിയേറ്ററിലേക്ക് ചെല്ലുമ്പോള്‍ ആകെ ഞെട്ടിപ്പോയി. ആ തിയേറ്ററില്‍ മണ്ണിട്ടാല്‍ കാണാത്തത്ര ജനങ്ങള്‍. ആ കാഴ്ച ഇപ്പോഴും എന്റെ കണ്ണിന്റെ മുന്നിലുണ്ട്. ഞാന്‍ വിചാരിച്ചു ഹോ തമിഴ് പടം ഹിറ്റാണല്ലോ അത് ഇവര്‍ മാറ്റുമോ എന്നൊക്കെ വിചാരിച്ചു നില്‍ക്കുമ്പോള്‍ അവര്‍ പറഞ്ഞു. ഇത് നമ്മുടെ പടം കാണാന്‍ വേണ്ടിയാണ് നില്‍ക്കുന്നത്.

നിയമപരമായി റിലീസ് ചെയ്തു എന്ന് കാണിക്കാന്‍ വേണ്ടിയാണല്ലോ  ശ്രമിച്ചത്. പക്ഷേ ഇതെങ്ങനെ സംഭവിച്ചു എന്ന് ആലോചിച്ചു, ഒന്നര രണ്ട് മണിക്കൂറിനുള്ളിലാണ് ഇവര്‍ സ്ട്രിപ്പ് ഒട്ടിച്ചുകഴിയുന്നത്. അപ്പോഴേക്കും ജനങ്ങള്‍ അറിഞ്ഞു, ഓട്ടോക്കാരും സാധാരണക്കാരും ജനങ്ങളും തിയേറ്ററില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ബാല്‍ക്കണിയും ഫസ്റ്റ്ക്ലാസും ഫുള്‍ ആണ്. ബാക്കിയെല്ലാം സാധാരണക്കാരാണ്. സെക്കന്റ് ഷോ കാണാന്‍ ആള്‍ക്കാര്‍ കേറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിയേറ്ററിലെ പള്‍സറിയാന്‍ പറ്റും എന്ന് പറഞ്ഞു. പക്ഷേ ബാല്‍ക്കണിയും ഫസ്റ്റ് ക്ലാസുമൊക്കെ വേറൊരു കൂട്ടര്‍ ആള്‍ക്കാരാണ് എന്ന് പറഞ്ഞു, ഏത് ഏത് കൂട്ടര്‍ ആള്‍ക്കാരാണെന്ന് ചോദിച്ചപ്പോള്‍ എല്ലാം പള്ളീലച്ചന്‍മാരാണ് എന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കുന്നത്. ഒരാള്‍ക്കും മീശയില്ല. എല്ലാവരും പാന്റും ഷര്‍ട്ടും ഒക്കെ ഇട്ട് വന്നിരിക്കുകയാണ്. ളോഹയൊന്നും അല്ല.

പടം തുടങ്ങുകയാണ്.   ഡയലോഗിനൊക്കെ സെക്കന്റ് ക്ലാസില്‍ നിന്നും തേര്‍ഡ് ക്ലാസില്‍ നിന്നും കയ്യടി വരും. എന്നാല്‍ ഇവര്‍ കയ്യടിക്കുന്നൊന്നുമില്ല. ബാല്‍ക്കണിയുടെ ജനലിനകരികെയൊക്കെ നിന്നാണ് ഞാന്‍ പടം കാണുന്നത്.

പടം ഇങ്ങനെ ഒരു ആരവത്തിലേക്ക് പോകുകയാണ്. ഇന്റര്‍വെല്ലില്‍ കാളിയാര്‍ അച്ചനാണ് കൊലയാളിയെന്ന് അറിഞ്ഞ് അറസ്റ്റു ചെയ്യാന്‍ വേണ്ടി നില്‍ക്കുകയാണ്. ഇന്റര്‍വെല്ലില്‍ അച്ചന്‍മാര്‍ എല്ലാം പുറത്തേക്കിറങ്ങി. ഇവരുടെ മുഖം കാണാന്‍ വയ്യ. എന്റെ കൂടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ സെബാസ്റ്റിയന്‍ എന്നയാളുണ്ട്. ചേട്ടാ ഇത് നമ്മളാണെന്ന് അറിഞ്ഞാല്‍ ഇവിടെ ഇപ്പോള്‍ അടി തുടങ്ങും എന്ന് പറഞ്ഞു. ഒരു വിധത്തില്‍ ക്ലൈമാക്സ് ആയി. അന്ന് സെല്‍ഫോണ്‍ ഒന്നും ഇല്ല. 15 മിനുട്ടിനുള്ളില്‍ തിയേറ്റര്‍ കാലിയായി.

സാധാരണക്കാര്‍ അവിടെ നിന്ന് കയ്യടിക്കുകയും നല്ല രീതിയില്‍ ബഹളം വെക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അവിടെ നിന്നും തിരിച്ചു പോകുമ്പോള്‍ തന്നെ പടം ഹിറ്റായെന്ന് മനസ്സിലായി.

വ്യാഴാഴ്ചയാണ് ശരിക്കുള്ള പടം വന്നതുതന്നെ. പക്ഷെ ബുധനാഴ്ച റിലീസ് ചെയ്തതുകൊണ്ടാണ് പടം ഇറങ്ങിയത്. ഇല്ലെങ്കില്‍ ഞങ്ങള്‍ അറിഞ്ഞത് വ്യാഴാഴ്ച ആ പടത്തിന് സ്റ്റേ വരുമെന്നായിരുന്നു. കെ മധുവിനെയും എന്നെയും അറസ്റ്റ് ചെയ്യാനുള്ള ഓര്‍ഡറും വരുമെന്നാണ് അറിഞ്ഞത്. അതിന്റെ പിന്നിലുള്ള ആള്‍ക്കാരുടെ പേര് പറഞ്ഞാല്‍ ഞെട്ടിപ്പോകും. പക്ഷേ ഞാന്‍ അത് ഇപ്പോള്‍ പറയുന്നില്ല. സഭയിലെ വലിയ ആള്‍ക്കാരായിരുന്നു അതിന് പിന്നില്‍. ക്ലൈമാക്സ് നമ്മള്‍ മാറ്റിയതോടെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാതായി. പക്ഷെ ഇന്ന് ഓര്‍ക്കുമ്പോള്‍ അന്നു നടന്ന സംഭവങ്ങളൊക്കെ വലിയ കാര്യമായാണ് തോന്നുന്നത്.

ഇപ്പോള്‍ ഈ വിധി വന്നതില്‍ ഏതൊരു സാധാരണ പൗരനെ പോലെ എനിക്കും സന്തോഷമുണ്ട്. അന്ന് കുറെ സംഭവങ്ങള്‍ മാറ്റിമറിച്ചാണ് കഥയെഴുതിയത്. മാറ്റിയതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ലൈംഗികമായ കാഴ്ചയായിരുന്നു സിസ്റ്റര്‍ കണ്ടത് എന്നത്. അത് എന്റെ ഒരു കീഴടങ്ങലായിരുന്നു. ഒരു മഠത്തില്‍ കന്യാസ്ത്രീ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നു പറഞ്ഞാല്‍ അത് ഭീകരമായ സെന്‍സറിങ് നേരിടുമെന്ന് തോന്നി. ജീവിതത്തില്‍ അത് നടക്കും. പക്ഷെ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് സമ്മതിക്കില്ല. അങ്ങനെ വളരെ വിഷമത്തോടെ അക്കാര്യം മാറ്റിവെച്ചു. നമ്മുടെ സിനിമക്ക് സെന്‍സറിങില്‍ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയാമായിരുന്നു. കന്യാസ്ത്രീ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സിനിമയില്‍ കാണിച്ചാല്‍ അത് അന്നും ഇന്നും നടപടിയാകുന്ന കാര്യമല്ല.

ഇന്ന് സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നടന്ന കാര്യങ്ങളൊക്കെ ഡാര്‍ക് കോമഡിയായി തോന്നുന്നുണ്ട്. പക്ഷെ അന്ന് കോമഡിയൊന്നും തോന്നിയിരുന്നില്ല. എല്ലാം ഭയങ്കര ഡാര്‍ക് ആയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Script writer and Director AK Sajan shares his experiences during the Crime File Movie based on sister abhaya case

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.