പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക ആണ് നായിക.
ജ്യോതികയെ ചിത്രത്തിലേക്ക് നിര്‍ദേശിച്ചത് മമ്മൂട്ടി തന്നെയാണെന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ആദര്‍ശ് സുകുമാരന്‍. ജിയോ ബേബി വഴിയാണ് മമ്മൂക്ക ചിത്രത്തിലേക്ക് എത്തിയതെന്നും നായികാ സ്ഥാനത്തേക്ക് പലരേയും ചര്‍ച്ച ചെയ്തപ്പോള്‍ ജ്യോതികയുടെ പേര് നിര്‍ദേശിച്ചത് മമ്മൂട്ടി ആണെന്നും ബിഇറ്റ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ ആദര്‍ശ് പറഞ്ഞു.
‘ഒരു കുഞ്ഞു സിനിമ എന്ന നിലയിലാണ് ഞാനും പോള്‍സണും കാതല്‍ എഴുതി തുടങ്ങിയത്. എഴുത്തിന്റെ പല അവസരത്തിലും മമ്മൂക്കയിലൂടെ പോയിട്ടുണ്ടെങ്കിലും ഞങ്ങള്‍ തന്നെ ഞങ്ങളെ വലിച്ചിരുത്തുകയായിരുന്നു. മമ്മൂക്കയിലേക്ക് എത്തിപ്പെടാന്‍ സാധിക്കില്ല, ഇനി അഥവാ എത്തിപ്പെട്ടാല്‍ തന്നെ അദ്ദേഹം അത് സ്വീകരിക്കില്ല എന്ന് ഞങ്ങള്‍ തന്നെ ഒരു മിഥ്യാധാരണ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. പിന്നീട് അത് തെറ്റായിരുന്നു എന്ന് തോന്നി.
തുടക്കസമയത്ത് ജിയോ ചേട്ടന് എന്നൊരു ഓപ്ഷന് സംവിധായക സ്ഥാനത്ത് ഉണ്ടായിരുന്നു. പക്ഷേ ജിയോ ചേട്ടനിലേക്കും അന്ന് ഞങ്ങള്‍ പോയില്ല. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണൊക്കെ എടുത്ത് ഹിറ്റടിച്ച് നില്ക്കുന്ന സമയമാണ്. അത് നടക്കില്ല എന്നൊരു മുന്‍വിധി വെച്ചുകൊണ്ടിരുന്നു.
ജിയോ ചേട്ടന് അതെടുക്കാന്‍ സാധ്യതയില്ല എന്ന് പറഞ്ഞ് ഞങ്ങള്‍ കുറെ സംവിധായകരുടെ അടുത്ത് പോയി. എല്ലാവര്ക്കും കണ്ടന്റ് ഒക്കെ ഇഷ്ടപ്പെട്ടു. പിന്നെ അവരുടേതായ തിരക്കുകളും പ്രശ്നങ്ങളുമൊക്കെ കൊണ്ട് ഞങ്ങള്‍ക്ക് ഒന്ന് അയയേണ്ടതായി വന്നു.
അവസാനമാണ് ജിയോ ചേട്ടനോട് ഒന്ന് പറഞ്ഞുനോക്കാം, ട്രൈ ചെയ്ത് നോക്കാം, എന്ന് പറഞ്ഞ് പോകുന്നത്. അങ്ങനെ ജിയോ ചേട്ടന് ഇന്‍ ആയി. ജിയോ ചേട്ടന് എന്നൊരാള്‍ ഉള്ളതുകൊണ്ടാണ് മമ്മൂക്കയിലേക്ക് എത്താന്‍ പറ്റിയതെന്നാണ് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. പിന്നെ കണ്ടന്റ് ഇഷ്ടപ്പെട്ടു എന്ന് ജ്യോതിക മാമും സൂര്യ സാറുമൊക്കെ പറഞ്ഞിട്ടുണ്ട്. അത് ഞങ്ങളെ സംബന്ധിച്ച് ഒരു അംഗീകാരമാണ്.
ജ്യോതികയെ സജസ്റ്റ് ചെയ്തത് മമ്മൂക്ക ആണ്. പല ചര്‍ച്ചകളിലൂടെ പോയിട്ടുണ്ട്. മമ്മൂക്ക ഉള്‍പ്പെടെയുള്ളവരുമായുള്ള ചര്‍ച്ചകളില്‍ പല താരങ്ങളേയും ആലോചിച്ചിരുന്നു. മമ്മൂക്ക ഒരു ദിവസം അണ്എക്സ്പെക്റ്റഡായി വിളിച്ചു, ജ്യോതിക നല്ല ഓപ്ഷനല്ലേ എന്ന് ചോദിച്ചു. നമ്മള് നോക്കിയപ്പോള്‍ നല്ല ഓപ്ഷനാണ്. വളരെ ഗംഭീരമായി നമ്മുടെ കഥാപാത്രത്തെ ചെയ്തിട്ടുണ്ട്. ബാക്കി പ്രേക്ഷകര്‍ പറയട്ടെ,’ ആദര്‍ശ് പറഞ്ഞു.
Content Highlight: script writer adarsh sukumar says it was mammootty who suggests jyothika for kaathal