| Tuesday, 7th May 2024, 12:43 pm

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും: നിഷാദ് കോയക്കെതിരെ തിരക്കഥാമോഷണം ആരോപിച്ചുള്ള പോസ്റ്റ് വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് നിഷാദ് കോയയുടെ പ്രസ്താവനകളാണ് ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചാവിഷയം. 2021ല്‍ താന്‍ സിനിമയാക്കാന്‍ ശ്രമിച്ച ഇന്തോ പാക് എന്ന സിനിമയുടെ സ്‌ക്രിപ്റ്റാണ് ഡിജോ ജോസ് ഇപ്പോള്‍ സിനിമയാക്കിയതെന്നായിരുന്നു ആരോപണം. ഇതിനെ ശരിവെക്കുന്ന തെളിവുകളും നിഷാദ് വെളിപ്പെടുത്തി.

എന്നാല്‍ നിഷാദ് കോയയും സ്‌ക്രിപ്റ്റ് മോഷണം നടത്തി എന്ന ആരോപണമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. നിഷാദ് എഴുതിയ മധുരനാരങ്ങ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് 2012ല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ആര്‍പ്പ് എന്ന ടെലിഫിമിന്റെ കഥയെന്നാണ് ആരോപണം. മധുരനാരങ്ങ റിലീസായ സമയത്ത് ആര്‍പ്പിന്റെ സംവിധായകന്‍ പങ്കുവെച്ച കുറിപ്പും വര്‍ത്തമാനം പത്രത്തില്‍ വന്ന പത്രകട്ടിങും വെച്ച് മുജീബ് റഹ്‌മാന്‍ എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റിലാണ് നിഷാദിനെതിരെ ആരോപണങ്ങളുള്ളത്.

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന നിഷാദിന് ഇപ്പോള്‍ മനസിലായില്ലേ എന്ന് തുടങ്ങുന്ന പോസ്റ്റിന്റെ കമന്റില്‍ 2015ലെ പത്രകട്ടിങ് ഉള്‍പ്പെടുന്ന വിശദമായ പോസ്റ്റിന്റെ ലിങ്കും ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍പ്പിന്റെ കഥാകൃത്ത് സലാം കോട്ടക്കല്‍ തന്നെയാണ് മധുരനാരങ്ങയുടെയും കഥ എഴുതിയതെന്ന് പറഞ്ഞുകൊണ്ട് കമന്റ് ബോക്‌സില്‍ പലരും വരുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ നിഷാദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലയാളി ഫ്രം ഇന്ത്യയുടെ റിലീസിന്റെ തലേദിവസം നിഷാദ് കോയ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ‘നാളെ റിലീസാകാന്‍ പോകുന്ന മലയാളസിനിമയുടെ കഥ പ്രവചിച്ചാലോ’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിച്ചത്. എന്നാല്‍ അര മണിക്കൂറിനുള്ളില്‍ നിഷാദ് പോസ്റ്റ് പിന്‍വലിച്ചു.

നിഷാദിന്റെ പോസ്റ്റിനെതിരെ നിര്‍മാതാവ് ലിസ്റ്റിന്‍ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചതോടെയാണ് നിഷാദ് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ പേജില്‍ തന്റെ സിനിമയുടെ കഥ പോസ്റ്റ് ചെയ്തതില്‍ ലിസ്റ്റിനും ഡിജോയും എന്തിനാണ് വയലന്റാകുന്നതെന്നും നിഷാദ് ചോദിച്ചു. വിവാദത്തിന് പിന്നാലെ സംവിധായകന്‍ ഡിജോയുടെ ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്ക് താഴെ പലരും വിമര്‍ശനവുമായി വരുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡീയാക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

Content Highlight: Script theft allegation against writer Nishad Koya is viral in social media

We use cookies to give you the best possible experience. Learn more