| Thursday, 14th September 2023, 9:13 am

'കോളനിയിലുള്ളവര്‍ ഒറ്റക്കെട്ടാണെന്നാണ് കാണിച്ചത്, വിമര്‍ശിക്കുന്നവര്‍ ചിന്തിക്കുന്നത് ഒരു വേര്‍ഷന്‍ മാത്രം'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സില്‍ കോളനിയെ ചിത്രീകരിച്ചതിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും. ആക്രമിക്കാന്‍ വരുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് കോളനി രംഗത്തില്‍ കാണിച്ചതെന്നും അവിടെയുള്ളവര്‍ മോശക്കാരാണെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും ആദര്‍ശ് സുകുമാരന്‍ പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ടാണ് ഒരു വേര്‍ഷന്‍ മാത്രം ചിന്തിക്കുന്നതെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ആദര്‍ശ് പറഞ്ഞു.

‘റോബര്‍ട്ടിന്റെയും ഡോണിയുടെയും കൂട്ടത്തിലേക്ക് കേറി കഴിഞ്ഞാല്‍ അവര്‍ തിരിച്ചടിക്കുമോ? അടിക്കും. ഇവന്മാര്‍ മൂന്നാണെങ്കില്‍ അവിടെ മുന്നൂറാണ്. കോളനിയുടെ ഉള്ളിലേക്ക് കേറികഴിഞ്ഞാല്‍ അവര്‍ ഒന്നാണ്, ഒറ്റക്കെട്ടാണ്. ആ പെര്‍സ്‌പെക്ടീവേ ഉദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ അവിടെയുള്ള ആളുകള്‍ മോശക്കാരാണെന് ഉദ്ദേശിച്ചിട്ടില്ല.

സംഘം കൂടുമ്പോള്‍ ഇവര്‍ വലിയൊരു ശക്തിയാണ്. വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കാത്തതെന്ന് മനസിലാവുന്നില്ല. എന്തുകൊണ്ടാണ് ഈ ഒരു വേര്‍ഷന്‍ മാത്രം ചിന്തിക്കുന്നത്. മനപ്പൂര്‍വം അങ്ങനെ ചെയ്തിട്ട് നമുക്ക് എന്താണ് കിട്ടുന്നത്,’ ആദര്‍ശ് പറഞ്ഞു.

കഴിഞ്ഞ ദിവസം അത്തരത്തിലുള്ള ഒരു എഴുത്ത് വായിച്ചതിനെ പറ്റി ഷബാസും പറഞ്ഞു. ‘കഴിഞ്ഞ ദിവസം ഒരു ദളിത് ആക്ടിവിസ്റ്റിന്റെ എഴുത്ത് കണ്ടു. അവര്‍ എഴുതിയിരിക്കുന്നതും ഇത് തന്നെയാണ്. ഒരാള്‍ അടിക്കാന്‍ കേറി കഴിഞ്ഞാല്‍ കോളനിയിലുള്ള ആളുകള്‍ ഒന്നാവുമെന്ന എഴുത്താണത്,’ ഷബാസ് കൂട്ടിച്ചേര്‍ത്തു.

കോളനിയിലെ മനുഷ്യരെ ക്രിമിനലുകളായി ചിത്രീകരിക്കുന്ന മലയാള സിനിമയുടെ പൊതുബോധത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ആര്‍.ഡി.എക്‌സ് എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ആര്‍.ഡി.എക്‌സ് വംശീയത പരത്തുകയാണെന്നാണ് സംവിധായകന്‍ രാംദാസ് കടവല്ലൂര്‍ പറഞ്ഞത്.

ഈ സിനിമ കണ്ട് സ്വയം അപമാനിതരായി തോന്നി തിയേറ്ററില്‍ നിന്നിറങ്ങി വന്ന രാജാജി നഗറിലെ ചെറുപ്പക്കാരെ നേരിട്ടറിയാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

Content Highlight: Screenwriters Adarsh ​​Sukumaran and Shabas Rasheed respond to criticism Against RDX

We use cookies to give you the best possible experience. Learn more