ആര്‍.ഡി.എക്‌സിനെതിരായ വിമര്‍ശനങ്ങളില്‍ മറുപടി പറയുകയാണ് തിരക്കഥാകൃത്തുക്കളായ ആദര്‍ശും ഷബാസും. നായകന്മാരും സിനിമയില്‍ പ്രശ്‌നക്കാര്‍ തന്നെയാണെന്നും വില്ലന്മാരുടെ ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ അവര്‍ നായകന്മാരാവുമെന്നും ആദര്‍ശ് പറഞ്ഞു.
വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ എഴുതുന്നത് തങ്ങളുടെ സ്വാതന്ത്ര്യമാണെന്നും ഷബാസും പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍.ഡി.എക്‌സില്‍ കോളനികളെ ചിത്രീകരിച്ചതിനെതിരായ വിമര്‍ശനത്തെ പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
‘മുകളില്‍ നില്‍ക്കുന്നവര്‍ താഴെ നില്‍ക്കുന്നവര്‍ എന്നില്ല. നമ്മുടെ നായകന്മാര്‍ പ്രശ്‌നക്കാര്‍ തന്നെയാണ്. വിഷ്ണു അഗസ്ത്യ ചെയ്ത കഥാപാത്രത്തിന്റെ ഭാഗത്ത് നിന്നും പറയുകയാണെങ്കില്‍ നായകന്മാര്‍ വില്ലന്മാരാവും.
വില്ലന്മാര്‍ ഏത് പോയിന്റിലാണ് പ്രശ്‌നക്കാരാവുന്നത്. നായകന്മാരുടെ വീട്ടില്‍ നടക്കുന്ന സംഭവത്തിന്റെ പേരിലാണ് വില്ലന്മാരെ തിരിച്ചടിക്കണമെന്ന തോന്നല്‍ പ്രേക്ഷകനും നായകന്മാര്‍ക്കും ഉണ്ടാകുന്നത്. വില്ലന്മാരുടെ സൈഡിലും ന്യായമുണ്ട്.
ആ കോളനി സീക്വന്‍സില്‍ ഇവര്‍ പെട്ടുപോവുന്ന സമയത്ത് നേരത്തെ കാര്‍ണിവലിന്റെ സമയത്ത് നായകന്മാരുടെ അടി കൊണ്ട പലരും ഈ കോളനിയിലുണ്ട്. അല്ലെങ്കില്‍ അന്ന് അടികൊണ്ട പലരുടെയും ബന്ധുകള്‍ ഇവിടെയുണ്ട്. ഇവരും പ്രതികാരം ചെയ്യുകയാണല്ലോ. പ്രതികാരത്തിന് ഉയര്‍ന്ന ജാതി താഴ്ന്ന ജാതി എന്നൊനും ഇല്ലല്ലോ,’ ഷബാസ് പറഞ്ഞു.
ഇമോഷന്‍സ് എല്ലാവര്‍ക്കും ഒരുപോലെയാണെന്നും റോബര്‍ട്ടും ഡോണിയും സേവ്യറും ചെയുന്നത് പുണ്യപ്രവൃത്തി അല്ലെന്നും ആദര്‍ശും കൂട്ടിച്ചേര്‍ത്തു. ‘ഇവരെ പുണ്യാളന്റെ രൂപകൂട്ടില്‍ കയറ്റി വെക്കണൊ എന്ന് അപ്പന്‍ ചോദിക്കുന്നത് അവര്‍ തെറ്റായിട്ടുള്ള കാര്യങ്ങള്‍ ചെയ്തിട്ടാണ്. എന്ന് കരുതി വില്ലന്മാര്‍ ചെയ്യുന്നത് ശരിയാണ് എന്നോ ഇവര്‍ പറയുന്നത് ശരിയാണെന്നോ അല്ല.
എഴുതുന്നവര്‍ എഴുതിക്കോട്ടെ. അത് അവരുടെ സ്വാതന്ത്ര്യം. നമ്മള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് നമ്മുടെ സ്വതന്ത്ര്യം. ആരേയും കോര്‍ണര്‍ ചെയ്ത് വേദനിപ്പിക്കണമെന്നോ അല്ലെങ്കില്‍ അങ്ങനെയുള്ള ആളുകളാണ് സമൂഹത്തിലുള്ളതെന്നോ ഞങ്ങള്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. പിന്നെ ഞങ്ങള്‍ക്ക് അതിനെല്ലാം ഉത്തരമുണ്ട്. ആ ഉത്തരമാണ് ഷബാസ് പറഞ്ഞത്,’ ആദര്‍ശ് പറഞ്ഞു.
Content Highlight: Screenwriters Adarsh and Shabas are responding to the criticism against RDX