| Sunday, 29th May 2022, 10:29 am

ഞാനൊരു ടിപ്പിക്കല്‍ ഫാന്‍ ബോയ്, മമ്മൂട്ടി സിനിമകള്‍ക്ക് ക്ഷീണമുള്ള കാലത്ത് പോലും അദ്ദേഹത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ആളായിരുന്നു: ശ്രീജിത്ത് ദിവാകരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനൊരു ടിപ്പിക്കല്‍ മമ്മൂട്ടി ഫാന്‍ ബോയ് ആണെന്ന് തിരക്കഥാകൃത്ത് ശ്രീജിത്ത് ദിവാകരന്‍. വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നതിനെക്കാള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും, എപ്പോഴാണ് അത് തുടങ്ങിയതെന്ന് പറയാനാവില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ശ്രീജിത്ത് ദിവാകരന്‍ തിരക്കഥ നിര്‍വഹിച്ച കുറ്റവും ശിക്ഷയും കഴിഞ്ഞ മെയ് 27നാണ് റിലീസ് ചെയ്തത്. സിബി തോമസിനൊപ്പമാണ് അദ്ദേഹം ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയോടുള്ള ആരാധനയെ പറ്റി ശ്രീജിത്ത് ദിവാകരന്‍ സംസാരിച്ചത്.

‘ഞാനൊരു ടിപ്പിക്കല്‍ മമ്മൂട്ടി ഫാന്‍ ബോയ് ആണ്. അത് ഏതോ കാലം മുതല്‍ ആരംഭിച്ചതാണ്. കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് മമ്മൂട്ടി സിനിമകള്‍ക്ക് കുറച്ച് ക്ഷീണമുള്ള കാലത്ത് പോലും അദ്ദേഹത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ആളുകളിലൊരാളായിരുന്നു ഞാനും. ആക്ടര്‍ എന്ന നിലയിലും മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ വിചാരിക്കുന്ന സ്വഭാവിക അഭിനയം മമ്മൂട്ടിയുടേതാണ്.

എഴുതാനാണെങ്കില്‍ കുറച്ച് കൂടി എഴുതാന്‍ പറ്റും. പറയാനാണെങ്കില്‍ എനിക്ക് വാക്ക് കിട്ടില്ല. അത്രക്കും ഫാന്‍ ബോയ് ആണ് ഞാന്‍. തനിയാവര്‍ത്തനത്തിന്റെ കാലം മുതലാണ് ഉള്ളില്‍ കുടുങ്ങിപ്പോയതെന്ന് തോന്നുന്നു.

വടക്കന്‍ വീരഗാഥയെക്കാളും ഇഷ്ടമുള്ള മമ്മൂട്ടിയുടെ സിനിമകളുണ്ട്. വടക്കന്‍ വീരഗാഥ ഒരു ഫാന്‍ബോയ് എന്ന നിലയില്‍ എനിക്ക് ഭയങ്കര സങ്കടം ഉണ്ടാക്കി. ഇങ്ങനെ ഒരു പെണ്ണിന്റെ പുറകെ നടക്കാന്‍ മാത്രം പുള്ളിക്ക് ഗതികേട് വന്നിട്ടില്ല എന്നൊരു വിഷമം തോന്നും. എന്തിനാണ് ഒരാളുടെ പുറകെ നടക്കുന്നത്, ഇയാള്‍ക്ക് വേറെ എന്തെങ്കിലും ആലോചിച്ച് കൂടെ എന്നൊക്കെ വിചാരിക്കും. എന്നെ സംബന്ധിച്ച് മമ്മൂട്ടി ആണ് പ്രധാനം. ആ രീതിയിലൊക്കെ ഇഷ്ടമുള്ള പെര്‍ഫോമന്‍സുണ്ട്,’ ശ്രീജിത്ത് ദിവാകരന്‍ പറഞ്ഞു.

‘മോഹന്‍ലാല്‍ സിനിമയും ആസ്വദിച്ച് കാണുന്ന ആളാണ് ഞാന്‍. വളരെ അടുത്ത കാലത്തെ സിനിമകളൊഴിച്ചാല്‍ മോഹന്‍ലാലിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്നാല്‍ ഫാന്‍ ബോയി എന്ന നിലയില്‍ മമ്മൂട്ടിയെ ആണ് ഇഷ്ടം. മമ്മൂട്ടിയുടെ ഏത് പെര്‍ഫോമന്‍സ് കണ്ടാലും കയ്യടിക്കും.

രാജമാണിക്യം ഭയങ്കരമായി ഇഷ്ടപ്പെട്ടു. കാരണം എന്റെ അടുത്ത സുഹൃത്തായ അന്‍വര്‍ റഷീദിന്റെ, ഞങ്ങളുടെ സംഘത്തില്‍ ഒരാളുടെ, ഇന്‍ഡിപെന്‍ഡന്റ് വര്‍ക്ക് ആയിരുന്നു. കോളേജ് കാലം മുതല്‍ ഞങ്ങളുടെയൊക്കെ സ്വപ്‌നമായിരുന്നു. ആ ഡ്രീം ആദ്യമായി പുറത്തേക്ക് വരുന്നത് അന്‍വറിക്കയിലൂടെയാണ്. അതിന് തൊട്ടുപുറകെയാണ് ബിഗ് ബി വരുന്നത്.

പിന്നെ അദ്ദേഹത്തിന്റെ സൗണ്ട് മോഡുലേഷന്‍, അമരം മുതല്‍ എല്ലാ സിനിമകളിലും അത് ഉണ്ട്. ശബ്ദം എന്ത് മനോഹരമായിട്ടാണ് ഈ മനുഷ്യന്‍ ഉപയോഗിക്കുന്നത് എന്ന് തോന്നും,’ ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

Content Highlight:  Sreejith Divakaran says that he is a typical Mammootty fan boy

We use cookies to give you the best possible experience. Learn more