| Tuesday, 31st January 2023, 4:13 pm

താരങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ കൊതിച്ചിട്ടുണ്ട്, എന്നാല്‍ അഭിമുഖത്തില്‍ നിന്നും മാറ്റിനിര്‍ത്തി: ഷാരിസ് മുഹമ്മദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുടെ ഭാഗമായുള്ള അഭിമുഖങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എഴുത്തുകാരന്‍ ഇരിക്കാറില്ലെന്നാണ് പറയുന്നതെന്നും ഇത്തരം മാറ്റിനിര്‍ത്തലുകള്‍ക്കിടയിലും സിനിമ ചെയ്യുന്നത് അഭിനിവേശം കൊണ്ടാണെന്നും ഷാരിസ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന്റെ റൈറ്റേഴ്‌സ് റൗണ്ട് ടേബിളില്‍ സിനിമ നിരൂപണങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘സിനിമയുടെ ഭാഗമായുള്ള അഭിമുഖങ്ങളില്‍ ഒരു ആര്‍ട്ടിസ്റ്റിനൊപ്പം ഇരിക്കാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. റൈറ്റര്‍ ഇരിക്കില്ലെടാ എന്ന് പറഞ്ഞ് എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഇതൊക്കെ പറയുമ്പോള്‍ കൈ വിറക്കും. ഞാന്‍ നോക്കുമ്പോള്‍ പടത്തിന്റെ പ്രൊഡ്യൂസറും അവിടെ നില്‍ക്കുകയാണ്. പ്രഡ്യൂസറും ഇരിക്കില്ല എന്നാണ് പറയുക. അങ്ങനെ പല മാറ്റിനിര്‍ത്തലുകള്‍ക്കപ്പുറമാണ് ഒരു സിനിമ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് സിനിമയോടുള്ള അഭിനിവേശം കൊണ്ടാണ്. വേറെ ഏത് മേഖലയാണെങ്കിലും അച്ഛനും അമ്മയും പറഞ്ഞയച്ച് ഡോക്ടറും എഞ്ചിനീയറും ആയെന്ന് പറയാറുണ്ട്. പക്ഷേ സിനിമ എന്ന് പറയുന്നത് കൊതിച്ച് കൊതിച്ച് വരുന്നതാണ്.

ഒരാളും ഒരു സിനിമയും മോശമാവാന്‍ വേണ്ടി ചെയ്യില്ല. ഇന്നൊരു സിനിമയുടെ ലൈഫ് ടൈം വളരെ കുറവാണ്. അപ്പോള്‍ റിവ്യു വളരെ പ്രധാനപ്പെട്ടതാണ്. ഇന്നുള്ളതിനെക്കാള്‍ മൂന്നോ നാലോ ഇരട്ടി റിവ്യൂവേഴ്‌സ് നമുക്ക് വേണം. എനിക്ക് ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ല എന്ന് പറയാം. അതിനപ്പുറം മോശമായ പരാമര്‍ശങ്ങള്‍ പറയുമ്പോള്‍ വേദനിച്ചിട്ടുണ്ട്,’ ഷാരിസ് പറഞ്ഞു.

റൗണ്ട് ടേബിളില്‍ പങ്കെടുത്ത ആര്‍.ജെ. ഷാനും സിനിമ നിരൂപണങ്ങളെ പറ്റി സംസാരിച്ചു. ‘റിവ്യു ഏകപക്ഷീയമാണ്. നമ്മുടെ മാത്രം ചിന്തയാണ്. ചില റിവ്യൂകളില്‍ നിങ്ങളിത് കാണരുത് എന്നാണ് അവര്‍ പറയാന്‍ ശ്രമിക്കുന്നത്. അത് ജനാധിപത്യപരമാണെന്ന് എനിക്ക് തോന്നുന്നില്ല.

വലിയ തെറ്റുകളാണ് ചെയ്തുവെച്ചിരിക്കുന്നത് എന്ന രീതിയിലുള്ള പറച്ചിലുകള്‍ ഒഴിവാക്കണമെന്ന ഫീലിങ്ങാണ് എനിക്കുള്ളത്. എനിക്ക് കണക്റ്റ് ചെയ്യാത്ത ഒരുപാട് കാര്യങ്ങള്‍ അതിലുണ്ടാവും. അതിലേക്ക് എത്താന്‍ എനിക്ക് കുറച്ചൂടെ സമയം വേണമായിരിക്കും,’ ഷാന്‍ പറഞ്ഞു.

Content Highlight: Screenwriter Sharis Muhammad says he has been excluded from interviews as part of the film

We use cookies to give you the best possible experience. Learn more