ജന ഗണ മന രാഷ്ട്രീയ സിനിമയല്ലെന്ന് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും ബഹുമാനിക്കുന്ന ആളാണ് താനെന്നും അണികള്‍ ഭക്തരായി പോവാതെ ചോദ്യം ചോദിക്കുകയാണ് വേണ്ടതെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഷാരിസ് മുഹമ്മദ് പറഞ്ഞു.
‘ചോദ്യം ചോദിക്കുകയെന്നതാണ് എന്റെ രാഷ്ട്രീയം. ഞാന്‍ നേരത്തെ പറഞ്ഞ ലെഫ്റ്റ് ഓഫ് സെന്റര്‍ സ്‌പേയ്‌സ് ആണത്. ‘ക്വീനി’ലാണെങ്കില്‍ സലീം കുമാറിന്റെ കഥാപാത്രം കോടതിയെ ചോദ്യം ചെയ്യുന്നുണ്ട്. എല്ലാം ശരിയാകും എന്ന ചിത്രത്തിലാണെങ്കില്‍ അതിലെ രണ്ട് മുന്നണികളിലെയും നേതാക്കന്മാര്‍ അതത് മുന്നണികളെയാണ് ചോദ്യം ചെയ്യുന്നത്. ഇവരാരും പുറത്തല്ല ചോദ്യം ചെയ്യുന്നത്.
ജന ഗണ മനയില്‍ ആണെങ്കില്‍ ഒരു വിദ്യാര്‍ഥി വിദ്യാലയത്തിന്റെ നാഥനായ വി.സിയെയാണ് ചോദ്യം ചെയ്യുന്നത്. കോടതി മുറിയില്‍ അരവിന്ദ് സ്വാമിനാഥന്‍ എന്ന വക്കീല്‍ നിയമത്തെയാണ് ചോദ്യം ചെയ്യുന്നത്. അവസാനത്തിലെ ഓം പ്രകാശ് എന്ന വലതുപക്ഷ വിദ്യാര്‍ഥി സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥി ആ പാര്‍ട്ടിക്കകത്താണ് ചോദ്യം ചെയ്യുന്നത്. അവന്‍ പാര്‍ട്ടിയോ രാഷ്ട്രീയമോ മാറുന്നില്ല അതുകൊണ്ടാണ് ജന ഗണ മന രാഷ്ട്രീയ സിനിമയല്ലായെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതും.
ജന ഗണ മന ഒരു മെക്‌സിക്കന്‍ അപാരതയല്ല, ജനഗണമന ഒരു സഖാവുമല്ല, അതായിരുന്നെങ്കില്‍ ഓം പ്രകാശ് എന്ന ആ വിദ്യാര്‍ഥി ചെങ്കൊടിയോ മൂവര്‍ണ കൊടിയോ എടുത്തേനേ. അതായിരുന്നെങ്കില്‍ സിനിമയില്‍ ഒളിച്ചുകടത്തുന്ന രാഷ്ട്രീയമുണ്ടെന്ന് പറയാമായിരുന്നു. ആ വിദ്യാര്‍ഥി അവന്റെ പ്രസ്ഥാനത്തിലാണ് ശബ്ദമുയര്‍ത്തുന്നത്. അവന് അവന്റെ രാഷ്ട്രീയം പാടില്ലേ, എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അതത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് ഇന്റേണലി ഒരു പൊളിറ്റിക്‌സുണ്ടാവും. ഇന്റേണല്‍ ജനാധിപത്യമുണ്ടാവും അവിടെ ഭക്തരായി പോവരുത്,’ ഷാരിസ് പറഞ്ഞു.
‘എനിക്ക് ജന ഗണ മനയില്‍ ഏറ്റവും ഇഷ്ടമുള്ള രണ്ട് ഡയലോഗുകളില്‍ ഒന്ന് ശാരി ചേച്ചി പറയുന്ന ഒരു ഡയലോഗാണ്. ‘മോന് ചെയ്തതിനുള്ളതൊക്കെ മോന് ദൈവം തരും’ എന്നുള്ളത്. സിംപിള്‍ ഡയലോഗാണ്. രണ്ടാമത് ഇഷ്ടപ്പെട്ട ഡയലോഗ് ‘രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് വികാരമാണ്’ എന്ന് വില്ലന്‍ പറയുന്ന ഡയലോഗാണ്. ആ ഭ്രാന്ത് പിടിപ്പെട്ടാല്‍ അവര്‍ അണികളല്ല, ഭക്തരാണ് എന്ന് പറയുന്നത്. നമ്മളിപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഭക്തരെയല്ലേ കാണുന്നത്. അത് അലോസരപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായ കാര്യമാണ്.
ഭക്തി വിട്ടിട്ട് ചോദ്യം ചോദിക്കുകയെന്നതിലേക്ക് കടക്കുന്നതാണ് ജന ഗണ മന. അത് കൊണ്ടാണ് ഞങ്ങള്‍ ധൈര്യമായി പറയുന്നത് ഇത് ഞങ്ങളുടെ രാഷ്ട്രീയമല്ലായെന്ന്. ഇത് ഒരു രാഷ്ട്രീയ സിനിമയുമല്ല. ജന ഗണ മന ഒരു എന്റര്‍ടെയിനറാണ്. അതുകൊണ്ടാണ് ഇത്രയും പ്രേക്ഷകര്‍ക്ക് അത് ഇഷ്ടമാകുന്നതും. അതല്ലെങ്കില്‍ വളരെ അടുത്ത് ഇറങ്ങിയ ഒരു സിനിമയുണ്ട് (പേര് പറയില്ല), എന്റര്‍ടെയിനറാകാത്തത് കൊണ്ട് കൃത്യമായ രാഷ്ട്രീയം മാത്രം പറഞ്ഞതുകൊണ്ട് പ്രേക്ഷകരിലേക്ക് ആ സിനിമ എത്തിയില്ല (ബ്രില്യന്റ് സിനിമയാണ്) ഞങ്ങള്‍ക്ക് അത് വേണ്ടായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Screenwriter Sharis Mohammad says Jana gana mana is not a political film