| Monday, 25th December 2023, 3:21 pm

നേരുമായി ആ വിവാദത്തിന് യാതൊരു ബന്ധവുമില്ല; വലിയ ചിത്രങ്ങൾക്ക് അത് പതിവാണ് : ശാന്തി മായാദേവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് നേര്. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് പറഞ്ഞ് നേര് ഇറങ്ങിയതിന് പിന്നാലെ ഒരാൾ രംഗത്തുവന്നിരുന്നു. ഈ വിവാദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തിൽ ഒരാളും അഭിനേയതാവുമായ ശാന്തി മായാദേവി.

വലിയ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഇത്തരം വിവാദങ്ങൾ പതിവാണെന്ന് താൻ കേട്ടിട്ടുണ്ടെന്ന് മലയാള മനോരമയോട് ശാന്തി മായാദേവി പറഞ്ഞു. നേരിന്റെ കഥയാണെന്ന് അവകാശപ്പെട്ട് ഒരാൾ കേസ് കൊടുത്തിരുന്നെന്നും അത് നിയമപരമായി തെളിയിക്കാനുള്ള അവസരമുണ്ടെന്നും ശാന്തി മായാദേവി പറയുന്നുണ്ട്. അയാളുടെ സ്ക്രിപ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ താൻ കണ്ടിരുന്നെന്നും അതിന് നേരുമായി യാതൊരു ബന്ധവുമില്ലെന്നും ശാന്തി മായാദേവി കൂട്ടിച്ചേർത്തു.

‘വലിയ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഇത്തരം വിവാദങ്ങൾ പതിവാണെന്ന് കേട്ടിട്ടുണ്ട്. നേരിന്റെ തന്നെ കഥയാണെന്ന് അവകാശപ്പെട്ട് ഒരാൾ കേസുകൊടുത്തിരുന്നു. അദ്ദേഹത്തിന് നിയമപരമായി അത് തെളിയിക്കാനുള്ള അവസരമുണ്ട്. നേരിന്റെ കഥ എന്ന പേരിൽ പ്രചരിക്കുന്ന അദ്ദേഹത്തിന്റെ കഥയുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ ഞാനും കണ്ടിരുന്നു. ഞങ്ങളുടെ ചിത്രവുമായി അതിന് യാതൊരു ബന്ധവുമില്ല. നേരിപ്പോൾ പ്രേക്ഷകരുടെ മുന്നിലുണ്ട്. ചിത്രം കണ്ടാൽ എല്ലാവർക്കും അത് വ്യക്തമാകും,’ ശാന്തി മായാദേവി പറഞ്ഞു.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ അനശ്വര രാജന്റെ സാറ എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടിയിട്ടുണ്ട്. അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

അതേസമയം പ്രിയാ മണി, ശാന്തി മായാദേവി, ജഗദീഷ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരുമാണ് നേരിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേരിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്.

Content Highlight: Screenwriter Shanti Mayadevi on the Neru movie controversy

We use cookies to give you the best possible experience. Learn more