| Thursday, 27th October 2022, 1:01 pm

നോക്ക്, ഇതാണ് ലൂക്ക്, ആ വൈറല്‍ ഫോട്ടോ കാണിച്ചാണ് നായകന്‍ മമ്മൂക്കയാവണമെന്ന് നിസാമിനെ കണ്‍വിന്‍സ് ചെയ്തത്: സമീര്‍ അബ്ദുള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്കിന്റെ സ്‌ക്രിപ്റ്റിങ് സമയത്ത് മമ്മൂട്ടിയെ പറ്റി ചിന്തിച്ചില്ലായിരുന്നുവെന്ന് തിരക്കഥാകൃത്ത് സമീര്‍ അബ്ദുള്‍. ലോക്ക്ഡൗണില്‍ വൈറലായ അദ്ദേഹത്തിന്റെ ഫോട്ടോ കാണിച്ചാണ് ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ മമ്മൂട്ടി ആണ് അവതരിപ്പിക്കേണ്ടതെന്ന് നിസാം ബഷീറിനെ കണ്‍വിന്‍സ് ചെയ്തതതെന്നും എം3ഡിബി കഫേക്ക് നല്‍കിയ അഭിമുഖത്തില്‍ സമീര്‍ അബ്ദുള്‍ പറഞ്ഞു.

‘എന്റെ ആദ്യരണ്ട് തിരക്കഥകള്‍ അത്രയങ്ങ് വര്‍ക്കൗട്ട് ആവാതെ പോയതിനാല്‍, അതിന്റെ ഒരു ബാക്ഗ്രൗണ്ടില്‍ നിന്ന് കൊണ്ട്, ഇതിന്റെ സ്റ്റാര്‍ട്ടിങ്ങിലൊന്നും മമ്മൂക്കയെക്കൊറിച്ചൊന്നും ചിന്തിക്കുന്നേ ഇല്ല. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഒരു പോയിന്റില്‍ എത്തിയപ്പോഴാണ് മനസിലാവുന്നത് നമുക്ക് അങ്ങനെ ഒരു ആക്ടര്‍ ഈ വേഷത്തില്‍ വേണമെന്ന്. മുഖത്തെ അഭിനയത്തിലൂടെ മിസ്റ്ററികള്‍ തെളിയുന്ന ഒരാളെ തന്നെ വേണം.

ശരിക്കും പറഞ്ഞാല്‍ ഫസ്റ്റ് ലോക്ക്ഡൗണ്‍ കഴിഞ്ഞിട്ട് താടിയൊക്കെ ആയിട്ട് മമ്മൂക്ക പുറത്തിറങ്ങിയിരുന്നല്ലോ. ആ സമയത്ത് മമ്മൂക്ക കട്ടന്‍ കുടിക്കുന്ന ഒരു ഫോട്ടോ ഒക്കെ ഭയങ്കര വൈറല്‍ ആയിരുന്നില്ലേ. അത് കാണിച്ചിട്ട് ഞാന്‍ നിസാമിനെ കണ്‍വിന്‍സ് ചെയ്തു. ഞാന്‍ പറഞ്ഞു, നോക്ക്, ഇതാണ് ലൂക്ക്. നിസാമിന്റെ കെട്ട്യോള്‍ ആണെന്റെ മാലാഖ മമ്മൂക്കക്ക് ഇഷ്ടപ്പെട്ട പടമാണ് എന്നറിഞ്ഞു. അതുകൊണ്ട് മമ്മൂക്കയിലേക്ക് എത്താന്‍ ഈസിയായിരുന്നു. അങ്ങനെ നിസാം ഡയറക്ട് കോണ്‍ടാക്റ്റ് ചെയ്തു.

ആദ്യമായി മമ്മൂക്കയെ കാണാന്‍ പോകുകയാണ്. അപ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ മനസില്‍ ഉണ്ടായിരുന്നു. എന്തായാലും 400ല്‍ അധികം സിനിമകള്‍ മമ്മൂക്ക ചെയ്തിട്ടുണ്ടെങ്കില്‍ നാലായിരത്തില്‍ പരം സ്‌ക്രിപ്റ്റ് കേട്ടിരിക്കുമല്ലോ എന്നൊരു ചിന്തയില്‍ ധൈര്യത്തോടെ പോയി.

ഇതാണ് മമ്മൂക്കയുടെ ക്യാരക്ടര്‍, ഇങ്ങനെയാണ് ഈ ക്യാരക്ടര്‍ എന്നൊന്നും പറയാതെ, ഡയറക്റ്റ് സ്‌ക്രിപ്റ്റ് എങ്ങനെ ആണോ അങ്ങനെ വായിച്ചു കേള്‍പ്പിക്കുകയാണ് ചെയ്തത്. ലൂക്ക് ആന്റണി എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത് എന്ന് തുടങ്ങി, അതുപിടിച്ച് കഥ പറഞ്ഞു. അങ്ങനെയാണ് മമ്മൂക്കയുടെ അറ്റന്‍ഷന്‍ ഞങ്ങള്‍ക്ക് കിട്ടുന്നത്. പിന്നെ ഭയങ്കര സ്മൂത്തായിരുന്നു,’ സമീര്‍ അബ്ദുള്‍ പറഞ്ഞു.

Content Highlight: Screenwriter Sameer Abdul said that he did not think about Mammootty while scripting Roschach

We use cookies to give you the best possible experience. Learn more