'ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട,' ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള മനോരോഗികളുടെ പോസ്റ്റിന് ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെയെന്ന് മനോജ് രാംസിങ്
Movie Day
'ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട,' ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള മനോരോഗികളുടെ പോസ്റ്റിന് ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെയെന്ന് മനോജ് രാംസിങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th April 2022, 6:07 pm

കോഴിക്കോട്: ചികിത്സയില്‍ കഴിയുന്ന തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് ശ്രീനിവാസന്‍ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചെന്ന് നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് ശ്രീനിവാസനോട് പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം പ്രതികരിച്ചതെന്നും മനോജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം’ മിനിറ്റുകള്‍ക്ക് മുമ്പ് ഐ.സി.യു.വില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍.

ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോഴുള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടുതന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല,’ എന്നാണ് മനോജ് ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മരുന്നുകളോടും ചികിത്സകളോടും അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞമാസം 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന്റെ ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി.

ഇത് നീക്കം ചെയ്യാനായി മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം ശ്രീനിവാസന്‍ വെന്റിലേറ്ററിലായിരുന്നു.

വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് ശേഷം അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനും അദ്ദേഹം മുമ്പും ചികിത്സ തേടിയിട്ടുണ്ട്.