| Wednesday, 23rd March 2022, 8:07 pm

അഞ്ഞൂറ്റി കുടുംബത്തിന് ഡീറ്റേയ്ല്‍ഡായ ഒരു ബാക്ക് സ്‌റ്റോറി അമല്‍ നീരദ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്, രണ്ടാം ഭാഗം ഉണ്ടായേക്കാം: ദേവദത്ത് ഷാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വത്തിന് രണ്ടാം ഭാഗമുണ്ടാകാനും ഇല്ലാതിരിക്കാനുമുള്ള സാധ്യതയുണ്ടെന്ന് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. ഡീറ്റേയ്ല്‍ഡായിട്ടുള്ള ബാക്ക് സ്റ്റോറി ക്രിയേറ്റ് ചെയ്തതിന് ശേഷമാണ് അമല്‍ നീരദ് ഭീഷ്മ പര്‍വ്വം സ്‌ക്രിപ്റ്റിലെത്തിയതെന്നും ദേവദത്ത് ഷാജി പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവദത്തിന്റെ പരാമര്‍ശം.

”വളരെ ഡീറ്റേയ്ല്‍ഡായ ഒരു ബാക്ക് സ്‌റ്റോറി ക്രിയേറ്റ് ചെയ്തതിന് ശേഷമാണ് ഭീഷ്മ പര്‍വ്വം സിനിമയുടെ സ്‌ക്രിപ്റ്റിലെത്തുന്നത്.

അതുകൊണ്ട് ഭീഷ്മ പര്‍വ്വത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടായേക്കാം, ചിലപ്പോള്‍ ഉണ്ടാവില്ല.
ഒരു ഡീറ്റേയ്ല്‍ഡായ ബാക്ക് സ്റ്റോറി ഉള്ളത് കൊണ്ട് തന്നെ ഭീഷ്മ പര്‍വ്വം സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് അമല്‍ സാറിനോട് ചോദിക്കണം. അതിനെ കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല,” ദേവദത്ത് പറഞ്ഞു.

അമല്‍ നീരദിനെ പരിചയപ്പെട്ടതിനെ പറ്റിയും ദേവദത്ത് പറഞ്ഞിരുന്നു. ‘ദിലീഷ് പോത്തന്‍ വഴിയാണ് ഞാന്‍ അമല്‍ സാറിനെ പരിചയപ്പെടുന്നത്. എന്റെ ഒരു ഷോട്ട് ഫിലിം കണ്ടാണ് ദിലീഷ് പോത്തന്‍ വിളിക്കുന്നത്. അദ്ദേഹമാണ് അത് അമല്‍സാറിനെ കാണിക്കുന്നത്.

അതിന് ശേഷം കുമ്പളങ്ങി നൈറ്റ്സിലാണ് ഞാന്‍ ആദ്യമായി ഡയറക്ഷന്‍ ഡിപ്പാര്‍ട്മെന്റില്‍ വര്‍ക്ക് ചെയ്യുന്നത്. പിന്നീട് വരത്തന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുമ്പോള്‍ ആണ് അമല്‍സാറിനെ കാണുന്നത്. അങ്ങനെയാണ് അദ്ദേഹവുമായി പരിചയമാകുന്നത്.

ബിലാല്‍ തുടങ്ങാന്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ അമല്‍നീരദിനൊപ്പം ഡയറക്ഷന്‍ ഡിപ്പാര്‍ട്മെന്റില്‍ ചേരുന്നത്. എന്നാല്‍ ബിലാല്‍ തീരുമാനിച്ചപ്പോഴേക്കും ലോക്ക് ഡൗണ്‍ വന്നു. അങ്ങനെ അത് നിര്‍ത്തിവെച്ചു. ആ സമയത്താണ് ഭീഷ്മയെന്ന ആലോചന അമല്‍ സാര്‍ മുന്നോട്ടു വെച്ചത്,’ ദേവദത്ത് കൂട്ടിച്ചേര്‍ത്തു.

അമല്‍ നീരദിനൊപ്പം ഭീഷ്മ പര്‍വ്വത്തിന്റെ തിരക്കഥയെഴുതിയത് 26കാരനായ ദേവദത്ത് ഷാജിയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മ പര്‍വ്വം നാലാം വാരത്തിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അബു സലിം, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാര്‍, മാലാ പാര്‍വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.


Content Highlight: Screenwriter Devadath Shaji says Bhishma Parvat may or may not have a sequel

Latest Stories

We use cookies to give you the best possible experience. Learn more