| Wednesday, 9th December 2020, 6:05 pm

'പടം കണ്ടിറങ്ങുമ്പോ തീയേറ്ററിന്റെ പടിക്കല്‍ വച്ച് നാട്ടുകാരു നോക്കി നില്‍ക്കെ പെമ്പ്രന്നോത്തി തന്ന ഒരു ഉമ്മ ഉണ്ട്'; ബെസ്റ്റ് ആക്ടറിന്റെ പത്താം വര്‍ഷത്തില്‍ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത സിനിമയായിരുന്നു ബെസ്റ്റ് ആക്ടര്‍. അഭിനയ മോഹിയായ മമ്മൂട്ടിയുടെയും സംഘത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിനും അതിലെ സംഭാഷണങ്ങള്‍ക്കും ഇന്നും നിറയെ ആരാധകരുണ്ട്.

അധ്യാപകനും എഴുത്തുകാരനും ആയ ബിപിന്‍ ചന്ദ്രനായിരുന്നു ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ചിത്രത്തിന്റെ പത്താം വര്‍ഷത്തില്‍ സിനിമയുടെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബിപിന്‍ ചന്ദ്രന്‍.

‘ഓര്‍മ്മകള്‍ എല്ലാം കൂടി ഇരച്ചു കുത്തി വന്ന് ഐറ്റം ഡാന്‍സ് കളിക്കുന്നു. ഇത് ഉണ്ടായി വന്ന സമയത്തെ കഥകളെല്ലാം കൂടി ചേര്‍ത്തുവച്ചാല്‍ രസമുള്ള ഒരു പുസ്തകം ഉണ്ടാക്കാം’ എന്നാണ് ബിപിന്‍ പറയുന്നത്.

ഇതു വലിയ വിശ്വസിനിമയൊന്നുമല്ല എന്നറിയാം. ഒരുപാട് പേര്‍ക്ക് ഈ സിനിമയോട് എതിരഭിപ്രായം ഉണ്ട് താനും എന്നാലും ഈ പടം കണ്ടിറങ്ങുമ്പോ സവിത തീയേറ്ററിന്റെ പടിക്കല്‍ വച്ച് നാട്ടുകാരു മൊത്തം നോക്കി നില്‍ക്കുമ്പം പെമ്പ്രന്നോത്തി തന്ന ഒരു ഉമ്മ ഉണ്ട്. അതില്‍ കൂടിയ അവാര്‍ഡ് ഒന്നും ഇതിന്റെ എഴുത്തിന് കിട്ടാനില്ലായിരുന്നു.ഇപ്പോഴും ബെസ്റ്റ് ആക്ടര്‍ എഴുതിയതിന്റെ പേരിലുള്ള സ്‌നേഹം ഒരുപാട് സിനിമാപ്രേമികളില്‍ നിന്ന് പലിശയും കൂട്ടുപലിശയും ചേര്‍ത്ത് കിട്ടിക്കൊണ്ടേയിരിക്കുന്നു എനിക്ക്. ബിപിന്‍ പറയുന്നു.

2010 ല്‍ ഇറങ്ങിയ ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു, ലാല്‍, സലിം കുമാര്‍, വിനായകന്‍, ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ടായിരുന്നു.

ബിപിന്‍ ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ഐറ്റം പുറത്തു വന്നിട്ട് ഇന്ന് പത്തുവര്‍ഷമായി
ഓര്‍മ്മകള്‍ എല്ലാം കൂടി ഇരച്ചു കുത്തി വന്ന് ഐറ്റം ഡാന്‍സ് കളിക്കുന്നു. ഇത് ഉണ്ടായി വന്ന സമയത്തെ കഥകളെല്ലാം കൂടി ചേര്‍ത്തുവച്ചാല്‍ രസമുള്ള ഒരു പുസ്തകം ഉണ്ടാക്കാം. ഇതു വലിയ വിശ്വസിനിമയൊന്നുമല്ല എന്നറിയാം.ഒരുപാട് പേര്‍ക്ക് ഈ സിനിമയോട് എതിരഭിപ്രായം ഉണ്ട് താനും.

എന്നാലും ഈ പടം കണ്ടിറങ്ങുമ്പോ സവിത തീയേറ്ററിന്റെ പടിക്കല്‍ വച്ച് നാട്ടുകാരു മൊത്തം നോക്കി നില്‍ക്കുമ്പം പെമ്പ്രന്നോത്തി തന്ന ഒരു ഉമ്മ ഉണ്ട്. അതില്‍ കൂടിയ അവാര്‍ഡ് ഒന്നും ഇതിന്റെ എഴുത്തിന് കിട്ടാനില്ലായിരുന്നു.ഇപ്പോഴും ബെസ്റ്റ് ആക്ടര്‍ എഴുതിയതിന്റെ പേരിലുള്ള സ്‌നേഹം ഒരുപാട് സിനിമാപ്രേമികളില്‍ നിന്ന് പലിശയും കൂട്ടുപലിശയും ചേര്‍ത്ത് കിട്ടിക്കൊണ്ടേയിരിക്കുന്നു എനിക്ക്.

ഒത്തിരി ഒത്തിരി ഒത്തിരി നന്ദി. മമ്മൂക്കയ്ക്ക്, മാര്‍ട്ടിന്, കൂടെ നിന്ന മനസ്സുകള്‍ക്ക്, പടത്തെ നെഞ്ചേറ്റിയ മലയാളി പ്രേക്ഷകര്‍ക്ക്.
തല്‍ക്കാലം നന്ദി മാത്രമേ ഉള്ളൂ സാര്‍ കയ്യില്‍.
‘പുഞ്ചിരി ഹാ !കുലീനമാം കള്ളം
നെഞ്ചു കീറി ഞാന്‍ നേരിനെ കാട്ടാം.’
എന്ന് കവി പാടിയിട്ടുണ്ട്. ഇത് ആ സൈസ് നന്ദിയാണ് സാര്‍. നേരും നെറിവും നിറവുമുള്ള നന്ദി. എന്റെ ജീവിതത്തെ കളറാക്കിയതില്‍ വലിയൊരു പങ്കുണ്ട് ഈ പടത്തിന് . ഇത്തരം സൗഭാഗ്യങ്ങള്‍ക്ക് ചത്തു തീരുവോളം നന്ദിയുള്ളവനായിരിക്കുക എന്ന ഒറ്റ ആഗ്രഹമേ ഉള്ളൂ മനസ്സില്‍.

പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.
ചങ്കുകളായ മനുഷ്യരേ ,
ഒരിക്കല്‍ക്കൂടി നന്ദി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Screenwriter Bipin Chandran write about 10th year of Mammootty acted movie ‘Best Actor’

We use cookies to give you the best possible experience. Learn more