|

ചാന്തുപൊട്ട് തമിഴില്‍ ചെയ്യാന്‍ റൈറ്റ്‌സ് വാങ്ങി; അഭിനയിച്ചാല്‍ ശരിയാകില്ലെന്ന് പറഞ്ഞ് ആ സൂപ്പര്‍സ്റ്റാര്‍ ഒഴിവായി: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ചാന്തുപൊട്ട്. ദിലീപ് രാധാകൃഷ്ണന്‍ എന്ന വേഷത്തിലെത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ദിലീപിനെ കൂടാതെ ഗോപിക, ലാല്‍, ഭാവന, ഇന്ദ്രജിത്, രാജന്‍ പി. ദേവ് തുടങ്ങിയ മികച്ച അഭിനേതാക്കള്‍ ചിത്രത്തിന് വേണ്ടി അണിനിരന്നിരുന്നു.

ചാന്തുപൊട്ട് എന്ന സിനിമ കണ്ടിട്ട് നടന്‍ വിക്രം അത് തമിഴില്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. പൊള്ളാച്ചിയിലെ ഒരു തിയേറ്ററിലായിരുന്നു വിക്രം ചാന്തുപൊട്ട് കണ്ടതെന്നും ചിത്രം ഇഷ്ടപ്പെട്ട അദ്ദേഹം തമിഴിലേക്ക് ചെയ്യാന്‍ വേണ്ടി റൈറ്റ്‌സ് വാങ്ങിച്ചെന്ന് ബെന്നി പി. നായരമ്പലം പറഞ്ഞു.

ചാന്തുപൊട്ട് കണ്ടിട്ട് തമിഴില്‍ ഒരു സിനിമയാക്കണമെന്ന് വിക്രത്തിന് ആഗ്രഹമുണ്ടായിരുന്നു

സംവിധായകന്‍ ഷാഫി ചാന്തുപൊട്ട് തമിഴിലേക്ക് ചെയ്യണമെന്ന രീതിയിലാണ് റൈറ്റ്‌സ് വാങ്ങിയതെന്നും എന്നാല്‍ താന്‍ ചെയ്താല്‍ ശരിയാകുമോ എന്ന സംശയമുള്ളതിനാല്‍ വിക്രം പിന്നീട് ചിത്രവുമായി മുന്നോട്ട് പോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്രം ആ കഥാപാത്രം ചെയ്താല്‍ ശരിയാകുമോയെന്ന് ഷാഫി ചോദിച്ചിട്ടുണ്ടെന്നും ബെന്നി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ബെന്നി പി. നായരമ്പലം പറയുന്നു.

‘ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് അറിഞ്ഞിട്ട് വിക്രം ആ സിനിമ കണ്ടു. പൊള്ളാച്ചിയില്‍ ഏതോ ഒരു തിയേറ്ററിലാണ് ആ സിനിമയിട്ടത്. അത് കണ്ടിട്ട് തമിഴില്‍ ഒരു സിനിമയാക്കണമെന്ന് വിക്രത്തിന് ആഗ്രഹമുണ്ടായിരുന്നു. അതിനായി അതിന്റെ റൈറ്റ്‌സ് എല്ലാം അദ്ദേഹം വാങ്ങി. ഷാഫി ആ ചിത്രം സംവിധാനം ചെയ്യും എന്ന ധാരണയിലാണ് അത് വാങ്ങിച്ചത്.

പിന്നീട് എന്തുകൊണ്ടോ ആ ചിത്രം മുന്നോട്ട് പോയില്ല. വിക്രം ആയിട്ട് പിന്നീടും നമുക്ക് കോണ്‍ടാക്ട് ഉണ്ടായിരുന്നു. റൈറ്റ്‌സ് വാങ്ങിച്ചെങ്കിലും പിന്നീട് ചെയ്താല്‍ ശരിയാകുമോ എന്നൊരു ഭയപ്പാട് അദ്ദേഹത്തിന് വന്നു. വിക്രം ഇത് ചെയ്താല്‍ ശരിയാകുമോയെന്ന് ഷാഫി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്,’ ബെന്നി കെ. നായരമ്പലം പറയുന്നു.

Content highlight: Screenwriter Benny P. Nayarambalam says that actor Vikram wanted to do the film Chanthupottu in Tamil after watching it

Video Stories