| Friday, 11th December 2020, 11:43 pm

പ്രിയ കിം നന്ദി കാഴ്ച്ചയുടെ ചുറ്റതിരുകള്‍ക്ക് വ്യാപ്തി കൂട്ടിയതിന്; ആര്‍.രാമാനന്ദ് എഴുതുന്നു

ആർ രാമാനന്ദ്

2006ലാണ് കിം കി ഡുക്കിനെ പരിചയപ്പെടുന്നത് ‘ദ ബോ’ എന്ന ചിത്രമാണ് ആദ്യം കണ്ടത് . അവിസ്മരണീയമായ ഒരു കാഴ്ച്ചാനുഭവം ആയിരുന്നു ആ ചിത്രം. കടലിനു നടുവില്‍ ഒരു കുഞ്ഞി കപ്പലില്‍ മീന്‍പിടുത്തക്കാര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുന്ന ഒരു വൃദ്ധന്‍ , വൃദ്ധന്‍ എടുത്തുവളര്‍ത്തിയ മകള്‍, മീന്‍പിടുത്തക്കാരെ രസിപ്പിക്കാന്‍ കയ്യിലൊരു വില്ല്, ഞാണ്‍ വലിച്ചുകെട്ടി അതില്‍ അമ്പുകൊണ്ട് മീട്ടുമ്പോള്‍ ഉണ്ടാകുന്ന നേര്‍ത്ത ശ്രുതി കടലിരമ്പങ്ങള്‍ക്കൊപ്പം ഹൃദയത്തില്‍ നേര്‍ത്തിരമ്പുന്നു ഇന്നും.

വൃദ്ധന്‍ അതേ വില്ല് ആത്മരക്ഷാര്‍ത്ഥം ഉപയോഗിക്കുന്നത് കേവലം വില്ലുമമ്പും എന്നര്‍ത്ഥത്തില്‍ നിന്ന് രക്ഷയും ശിക്ഷയും ഒരേ ഉപാധിയിലൂടെ എന്ന താത്വികമായ അര്‍ത്ഥങ്ങളെ നമ്മിലേക്ക് കടത്തിവിടുന്നു. മനുഷ്യന്റെ സഹജമായ അസ്ഥിരത, അക്രമവാസന, അന്തര്‍ലീനമായി ഉറങ്ങിക്കിടക്കുന്ന ആശങ്കകള്‍ എല്ലാം ഒരു വില്ലില്‍ കൂടെ കിം വരച്ചു വെക്കുന്നു. കടലിലെ ഏകാന്തതയില്‍ പ്രഥമ കാഴ്ചയില്‍ മകള്‍ എന്ന് തോന്നിയവളെ പ്രായപൂര്‍ത്തിയാകുന്ന നേരം കല്യാണം കഴിക്കാന്‍ വെമ്പുന്ന വൃദ്ധനെ അറപ്പോടെ കൂടെ നാം നോക്കുമ്പോള്‍, കിം ചോദിക്കുന്നു ആ വൃദ്ധന്‍ നിങ്ങളാണോ?

കിമ്മിന്റെ ചിത്രങ്ങളിള്‍ എനിക്കേറ്റവും ഇഷ്ടമായ ചിത്രം ദ ബോ ആണ്, അത്ഭുതങ്ങളെ അത്ഭുതമില്ലാതെ അവതരിപ്പിക്കുന്ന പ്രതിഭ ദ ബോയുടെ ക്ലൈമാക്‌സില്‍ കാണാം. ഒരുപക്ഷേ ഇതുവരെ കണ്ട സിനിമാ കാഴ്ചകളില്‍ ദ ബോയുടെ ക്ലൈമാക്‌സ് എന്നെ ഇന്നും വിസ്മയിപ്പിക്കുന്നതാണ്. എന്നാലും എങ്ങനെ ചിന്തിച്ചു കിം അങ്ങനെ ?

സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ എന്ന ചിത്രം പോസ്റ്റ് ഗ്രാജുവേഷനു പഠിക്കുന്ന സമയത്ത് ഞാന്‍ മുന്‍കൈയ്യെടുത്ത് കോളേജില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അച്ഛന്മാര്‍ പ്രവര്‍ത്തിപ്പിക്കുന്ന കോളേജില്‍ സന്യസ്ത ജീവിതത്തിന്റെ അപഭ്രംശങ്ങള്‍ അവതരിപ്പിച്ച ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ ഞാന്‍ അനുഭവിച്ചത് കിമ്മിന് മറ്റൊരു ചിത്രം എടുക്കാനുള്ള കഥയുണ്ട്!

അദൃശ്യന്‍ ആവാന്‍ കൊതിക്കുന്ന ഒരു ബാല്യവും, കൗമാരവും നമ്മില്‍ ഭൂരിപക്ഷത്തിനും ഇല്ലേ? ത്രീ അയണ്‍ അദൃശ്യനായി നടക്കാന്‍ പഠിക്കുന്ന ഒരു കള്ളന്റെ കഥയാണ്. ഈ കഥ കിം പറയുമ്പോള്‍ നമ്മള്‍ അത് വിശ്വസിക്കുന്നു എന്നതാണ് കിമ്മിനെ ദക്ഷിണ കൊറിയക്ക് അപ്പുറത്തേക്ക് വളര്‍ത്തുന്നത് . കിംകി ഡുക്ക് ഈ വീടിന്റെ ഐശ്വര്യം എന്ന് പോലും കേരളത്തിലെ സംവിധായകര്‍ വീട്ടില്‍ എഴുതിവെച്ചിട്ടുണ്ട് എന്ന് തമാശയ്ക്ക് എങ്കിലും നമ്മള്‍ പറയാറുണ്ട് , കിംകി ഡുക്കിന് ഒരു പക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് മലയാളത്തില്‍ ആകുന്നതും ഫാന്റസിയെ യുക്തിയുടെ ജാഡ ഇല്ലാതെ ആവിഷ്‌കരിക്കാനുള്ള കഴിവുകൊണ്ട് കൂടിയല്ലേ ?

മനുഷ്യ ജീവിതത്തിന്റെ കടും കാഴ്ചകളെ ജീവിതത്തില്‍ ഇന്നുവരെ സിനിമ കണ്ടിട്ടില്ലാത്ത കിം പലപ്പോഴും ഭാഷ പോലും ഇല്ലാതെ അവതരിപ്പിക്കുന്നത് സിനിമ എന്ന മാധ്യമത്തിന്റെ ശക്തിക്കപ്പുറം കിം എന്ന ധ്യാനിയായ മനുഷ്യന്റെ തപസ്സിന് നിദര്‍ശനം എന്നല്ലാതെ ഈ വേര്‍പാടിന്റെ ഘട്ടത്തില്‍ മറ്റെന്തു പറയാന്‍!
കിമ്മിനെ നേരിട്ട് ഒന്ന് കാണണം എന്നുണ്ടായിരുന്നു, കിം കണ്ട കാഴ്ചകളില്‍ ഭൂരിപക്ഷവും കാണാന്‍ സാധിച്ചിട്ടുണ്ട്, ആ കണ്ണുകള്‍ ഒന്നു നേരില്‍ കാണാന്‍ സാധിച്ചില്ലല്ലോ എന്ന ദുഃഖം മരണം വരെ ബാക്കി നില്‍ക്കുന്നു…

പ്രിയ കിം വിട,
പ്രിയ കിം നന്ദി കാഴ്ച്ചയുടെ ചുറ്റതിരുകള്‍ക്ക് വ്യാപ്തി കൂട്ടിയതിന്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Script writer and writer R Ramanand write about the late famous filmmaker Kim Ki Dook

ആർ രാമാനന്ദ്

ഗവേഷകന്‍, എഴുത്തുകാരന്‍, തിരക്കഥാകൃത്ത്

We use cookies to give you the best possible experience. Learn more