ക്രൈംഫയലില്‍ കൊലയാളിയായി ആദ്യം നിശ്ചയിച്ചിരുന്നത് മറ്റൊരു കഥാപാത്രത്തെ; പടം റിലീസ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ മാറ്റേണ്ടി വന്നു; എ.കെ സാജന്‍
Malayalam Cinema
ക്രൈംഫയലില്‍ കൊലയാളിയായി ആദ്യം നിശ്ചയിച്ചിരുന്നത് മറ്റൊരു കഥാപാത്രത്തെ; പടം റിലീസ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ മാറ്റേണ്ടി വന്നു; എ.കെ സാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd December 2020, 12:28 pm

കൊച്ചി: സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ക്രൈംഫയല്‍. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ സംവിധാനം കെ മധുവായിരുന്നു.

എ.കെ സാജനും എ.കെ സന്തോഷും തിരക്കഥ എഴുതിയ ഈ ചിത്രത്തില്‍ ജനാര്‍ദ്ദനന്‍ അവതരിപ്പിച്ച കാളിയാര്‍ പത്രോസ് വൈദ്യര്‍ എന്ന കഥാപാത്രമായിരുന്നു കൊലപാതകിയായി എത്തിയത്.

എന്നാല്‍ ചിത്രത്തില്‍ ആദ്യം കൊലപാതകിയായി നിശ്ചയിച്ചിരുന്നത് മറ്റൊരാളെയായിരുന്നെന്ന് തിരക്കഥാകൃത്ത് എ.കെ സാജന്‍ പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എ.കെ സാജന്റെ ഈ വെളിപ്പെടുത്തല്‍.

ഒരു അച്ചനാണ് പ്രതിയെന്ന് ഒരിക്കലും സ്ഥാപിക്കരുതെന്ന് നിയമ വിദഗ്ധരില്‍ ചിലര്‍ തന്നോട് പറഞ്ഞിരുന്നെന്നാണ് എ.കെ സാജന്‍ പറഞ്ഞത്. അവര്‍ കോടതിയില്‍ ചലഞ്ച് ചെയ്യുമെന്നൊക്കെ പറഞ്ഞു. അന്ന് കോടതിയില്‍ കേസ് നടക്കുകയായിരുന്നു. സി.ബി.ഐയ്ക്കും സഭയ്ക്കും ഇത് കോടതിയില്‍ ചലഞ്ച് ചെയ്യാമെന്നും പിന്നെ നിങ്ങള്‍ പെട്ടുപോകുമെന്നും പടം ഒരിക്കലും വെളിച്ചം കാണില്ലെന്നും പറഞ്ഞെന്നും സാജന്‍ പറയുന്നു.

നമ്മുടെ സ്‌ക്രിപ്റ്റ് പ്രകാരം ഇന്റര്‍വെല്ലില്‍ കാളിയാര്‍ അച്ചന്‍ അറസ്റ്റു ചെയ്യപ്പെടുന്നതും അതിന് മുമ്പ് വരെ നിഷ്‌കളങ്കമായി, കേസ് തെളിയണമെന്നൊക്കെ പറഞ്ഞ് നില്‍ക്കുന്ന അച്ചനെയാണ് കൊലയാളിയായി ആദ്യം കാണിക്കുന്നത്. ഒരു ടിപ്പിക്കല്‍ ട്വിസ്റ്റ് ആയിരുന്നു അത്. അങ്ങനെ ഒരു അച്ചനെ പ്രതിയാക്കി നിങ്ങള്‍ പടം അവസാനിപ്പിക്കരുതെന്നും നിങ്ങള്‍ക്ക് പണി കിട്ടുമെന്നും സുപ്രീം കോടതിയില്‍ പോയാല്‍ പോലും നിങ്ങള്‍ക്ക് പടം റിലീസ് ചെയ്യാന്‍ കഴിയില്ലെന്നും എല്ലാവരും പറഞ്ഞതോടെയാണ് ഞങ്ങള്‍ ഇത് ഷിഫ്റ്റ് ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.

അങ്ങിനെയാണ്   കാളിയാര്‍ അച്ചന്റെ ചേട്ടനായ ജനാദര്‍ദ്ദനന്‍ ചേട്ടന്റെ ക്യാരക്ടറിനെകൊണ്ട്  കൊലപാതകം ചെയ്യിപ്പിക്കുന്നത്. അങ്ങനെ സെന്‍സറിന്റെ പ്രശ്‌നങ്ങള്‍ എല്ലാം കഴിഞ്ഞെന്നും എ.കെ സാജന്‍ പറഞ്ഞു.

1999 ല്‍ ആയിരുന്നു ക്രൈംഫയല്‍ റിലീസ് ചെയ്തത്. സുരേഷ്‌ഗോപിക്ക് പുറമെ സംഗീത, വിജയരാഘവന്‍, സിദ്ദീഖ്, രാജന്‍ പി ദേവ്, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Screenwriter AK Sajan talks about the characters in the crime file movie