Entertainment news
'ഷാരൂഖുമായുള്ള ഫോട്ടോ എഡിറ്റാണെന്ന് പറഞ്ഞവര്‍ എവിടെ?'; പഴയ കമന്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 12, 05:46 pm
Wednesday, 12th July 2023, 11:16 pm

കഴിഞ്ഞ ദിവസമാണ് ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ജവാന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത്. മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ട്രയ്‌ലറിന് ലഭിച്ചത്.

ജവാന്‍ സിനിമകയുടെ ഹൈപ്പ് വാനോളം ഉയര്‍ത്തിയ ട്രെയ്‌ലറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള നിരവധി ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഈ ചര്‍ച്ചകള്‍ക്കിടെ ചില പഴയ സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഷാരൂഖ് ഖാന് ഒപ്പം നില്‍ക്കുന്ന അറ്റ്‌ലിയുടെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച ചില കമെന്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇത്.

2013ല്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ആറ്റ്‌ലി തന്നെ പങ്കുവെച്ച ചിത്രത്തില്‍ ‘ഫോട്ടോഷോപ്പ് ചെയ്ത ചിത്രം’ എന്ന കമെന്റ് ഇട്ടിരിക്കുന്ന സ്‌ക്രീന്‍ഷോട്ട് ആണ് ജവാന്‍ ട്രെയ്‌ലറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മറ്റ് ചിലര്‍ കുത്തിപ്പൊക്കിയത്.

ഈ കമന്റ് ചെയ്തവര്‍ ജവാന്റെ ട്രെയ്‌ലര്‍ കണ്ടോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് പലരും ചോദിക്കുന്നത്.

‘ കാലം എല്ലാത്തിനും മറുപടി പറയും, 10 years challenge, ആറ്റ്‌ലിയുടെ വളര്‍ച്ച’ തുടങ്ങിയ അടിക്കുറുപ്പോടെയാണ് പലരും സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.


അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍ ഇരുപതിനാല് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി 112 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

നയന്‍താരയാണ് ജവാനില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി, പ്രിയാമണി, സന്ന്യാ മല്‍ഹോത്ര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്, കൂടാതെ അതിഥി വേഷത്തില്‍ ദീപിക പദുകോണ്‍ എത്തുന്നു എന്ന പ്രത്യേകതയും ജവാനുണ്ട്. മുമ്പ് ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് അതിഥി വേഷത്തില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ആക്ഷന്‍ സീക്വന്‍സുകളും ഗംഭീര ഗാനങ്ങളും ഷാരൂഖിന്റെ മിന്നും പ്രകടനങ്ങളും നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തമിഴകത്തിന്റെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുന്നത്. സെപ്റ്റംബര്‍ ഏഴിനാണ്.

വന്‍ വിജയമായ പത്താന്‍ ആയിരുന്നു ഷാരൂഖ് ഖാന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഡങ്കിയാണ് ഷാരൂഖ് ഖാന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Content Highlight:  screenshots of trolling atlee 10 years back is now viral on social media