| Wednesday, 10th February 2016, 12:40 pm

കാശ്മീരിനെകുറിച്ചുള്ള സിനിമാ പ്രദര്‍ശനം: ദല്‍ഹി ഐഐടിയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകാശ്മീരിനെ കുറിച്ചുള്ള സിനിമപ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ദല്‍ഹി ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

കഴിഞ്ഞ ആറുമാസമായി ദല്‍ഹി ഐ.ഐ.ടിയിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി സിനിമാപ്രദര്‍ശനം നടത്തിവരുന്നുണ്ട്. ആഴ്ചയിലൊരു ദിവസമാണ് പ്രദര്‍ശനം നടക്കുക.

സിനിമാ പ്രദര്‍ശനത്തിന് ശേഷം അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കാറുമുണ്ട്. ചില അവസരങ്ങളില്‍ ഡയരക്ടറുടെ സാന്നിധ്യത്തില്‍ തന്നെയായിരിക്കും ചര്‍ച്ചകള്‍ സംഘടിപ്പിക്കാറ്.

എന്നാല്‍ കഴിഞ്ഞ ജനുവരി 29 ഇഫാത് ഫാത്തിമയുടെ കൂന്‍ ദിയ് ബാറാവ് (On a Trail of Vanished Blood) എന്ന ചിത്രമായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്.

കാശ്മീരിനെ കുറിച്ചുള്ള ചിത്രമായിരുന്നു ഇത്. എന്നാല്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചതോടെ ഇതിനെതിരെ വിമര്‍ശനവുമായി ചില വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ദേശവിരുദ്ധമായ ഒരു സിനിമ പ്രദര്‍ശിപ്പിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ദേശവിരുദ്ധമായ സിനിമ പ്രദര്‍ശിപ്പിച്ചുവെന്ന് പറഞ്ഞ്  പ്രദര്‍ശനം പൂര്‍ത്തിയാക്കാനും മെക്കാനിക് ഡിപ്പാര്‍ട്‌മെന്റില്‍ ചില വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ല.

ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഡയരക്ടര്‍ പ്രൊഫസര്‍ കെ ത്യാഗരാജന് കത്തയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ട് ഡിപാര്‍ട്‌മെന്റില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഉന്നതകമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ പ്രതിഷേധക്കാരും സിനിമയെ അനുകൂലിക്കുന്നവരും തമ്മില്‍ വാദപ്രതിവാദങ്ങളും അരങ്ങേറി.

വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അതില്‍ ഡിബേറ്റുകള്‍ നടത്താനുമുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്നും ഒരു സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ളപ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സിനിമാ പ്രദര്‍ശനം തടസപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ നടപടി ശരിയായില്ലെന്നും എന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടായിരുന്നെങ്കില്‍ അത് നേരിട്ട് ഡയരക്ടറെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും അധ്യാപകര്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more