| Friday, 26th March 2021, 1:30 pm

മോഹന്‍ലാലിന്റെ തിയേറ്ററില്‍ നിന്ന് ബിരിയാണിയുടെ പ്രദര്‍ശനം അവസാന നിമിഷം മാറ്റി; സദാചാരപൊലീസ് കളിക്കരുതെന്ന് സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ദേശിയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ബിരിയാണി എന്ന ചിത്രത്തിന്റെ പ്രദര്‍ശനം സദാചാര പ്രശ്‌നം ചൂണ്ടിക്കാട്ടി മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് അവസാന നിമിഷം വേണ്ടെന്നുവെച്ചെന്ന് സംവിധായകന്‍ സജിന്‍ ബാബു.

രണ്ട് പ്രദര്‍ശനങ്ങള്‍ ചാര്‍ട്ട് ചെയ്യുകയും, പോസ്റ്റര്‍ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷമാണ് നടപടി എന്നും സജിന്‍ ബാബു ഫേസ്ബുക്കിലെഴുതി.

ദേശീയ,സംസ്ഥാന,അന്തര്‍ദേശിയ അംഗീകാരങ്ങള്‍ നേടിയ, രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റോടുകൂടി ക്ലിയര്‍ ചെയ്ത ഞങ്ങളുടെ ചിത്രം ‘ബിരിയാണി” കോഴിക്കോട് മോഹന്‍ലാല്‍ സാറിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് ആര്‍.പി മാളില്‍ രണ്ട് പ്രദര്‍ശനങ്ങള്‍ ചാര്‍ട്ട് ചെയ്യുകയും, പോസ്റ്റര്‍ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷം സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ്.

കാരണം അന്വേഷിച്ചപ്പോള്‍ മാനേജര്‍ പറയുന്നത് സദാചാര പ്രശ്‌നമാണ് (സെക്ഷ്വല്‍ സീനുകള്‍ കൂടുതലാണത്രെ). ഇതുതന്നെയാണോ യഥാര്‍ത്ഥ കാരണം, അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല.

തിയറ്ററുകള്‍ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ പടങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എങ്കില്‍ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാര പൊലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പര്‍ സെന്‍സര്‍ ബോര്‍ഡ് ആകാന്‍ തിയറ്ററുകള്‍ക്ക് എന്താണ് അധികാരം..? ഇത് ഒരുതരത്തില്‍ സാംസ്‌കാരിക ഫാസിസം തന്നെയാണ്., സജിന്‍ ബാബു ഫേസ്ബുക്കിലെഴുതി.

എന്തുതരം സമൂഹമാണിത് എന്ന് ചോദിച്ചുകൊണ്ട് സംവിധായകന്‍ ജിയോ ബേബി അടക്കം സജിന്റെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. സജിന് പിന്തുണയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Screening Of Biriyani Movie Stopped at Mohanlal Theatre

We use cookies to give you the best possible experience. Learn more