| Wednesday, 17th March 2021, 3:24 pm

ഇടപെടാതിരിക്കാനാകില്ല; മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്ത കേന്ദ്ര നടപടി ഗൗരവതരമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്ത കേന്ദ്ര നടപടി അതീവ ഗൗരവതരമാണെന്ന് സുപ്രീം കോടതി. കൊയിലി ദേവി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ വാദം കേള്‍ക്കെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും സുപ്രീം കോടതി പ്രതികരണം ആരാഞ്ഞു.

ഈ വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ ആകില്ല കാരണം ഇത് അതീവ ഗൗരവമായ കാര്യമാണെന്ന് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എ.എല്‍ ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ പറഞ്ഞു.

കൊയിലി ദേവി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിക്ക് വേണ്ടി അഡ്വക്കേറ്റ് കോളിന്‍ ഗോണ്‍സാല്‍വസാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

വിഷയം ഗൗരവതരമാണെന്നും ഇത്തരം പരാതികള്‍ അതത് ഹൈക്കോടതികളില്‍ ഫയല്‍ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം റേഷന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തുവെന്നത് തെറ്റായ പരാതിയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി പറഞ്ഞു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്തിട്ടുണ്ട് എന്ന വാദത്തില്‍ ഗോണ്‍സാല്‍വസ് ഉറച്ചു നിന്നു. ഇതോടെ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

2019 ഡിസംബര്‍ 9ന് ആധാര്‍കാര്‍ഡുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ല എന്ന കാരണത്താല്‍ റേഷന്‍ നിഷേധിച്ചു എന്ന പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇത്തരത്തില്‍ കേന്ദ്രം റേഷന്‍ നിഷേധിച്ചത് പട്ടിണി മരണങ്ങള്‍ക്ക് കാരണമായി എന്നും പരാതിയുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ റേഷന്‍ നിഷേധിച്ചതുമൂലം പട്ടിണി മരണം ഉണ്ടായിട്ടില്ല എന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Scrapping 3 Crore Ration Cards For Not Linking Aadhaar “Too Serious”: Supreme Court

We use cookies to give you the best possible experience. Learn more