| Friday, 5th February 2021, 7:41 pm

വാഹനം പൊളിക്കല്‍ പോളിസി, കേന്ദ്രത്തിന്റെ അടുത്ത എട്ടിന്റെ പണിയോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൈയ്യില്‍ വാഹനം ഉള്ളവരെല്ലാം ഒന്നു പേടിച്ചിരിക്കുകയാണ്. കേന്ദ്ര ബജറ്റിലെ ഒരു പ്രഖ്യാപനമാണ്, നിലവില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെയും സെക്കന്റ് ഹാന്റായിട്ടെങ്കിലും ഒരു വണ്ടി വാങ്ങാന്‍ കാത്തിരിക്കുന്നവരെയും സെക്കന്റ് വാഹന വിപണിയെ മൊത്തത്തിലും ഒന്നു വിറപ്പിച്ചിരിക്കുന്നത്.

2021ലെ കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ച നിരവധി പ്രഖ്യാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വാഹനങ്ങള്‍ക്കുള്ള സ്‌ക്രാപ്പിങ് പോളിസിയാണ് ഈ പേടിക്ക് കാരണം. ഒരു വാഹനം നിശ്ചിത കാലത്തിന് ശേഷം ഉപയോഗിക്കരുത്, അവ പൊളിച്ചുകളയണം എന്നതാണ് ഈ സ്‌ക്രാപ്പിങ് പോളിസിയില്‍ പറയുന്നത്.

ഈ പോളിസി എങ്ങനെയായിരിക്കും നടപ്പിലാക്കുക എന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സാധാരണക്കാരനുള്ള കേന്ദ്രത്തിന്റെ അടുത്ത എട്ടിന്റെ പണിയാകുമോ ഇതെന്നാണ് പലരും ചോദിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പരമാവധി കൂട്ടാനും മലിനീകരണം തടയാനുമാണ് പുതിയ പോളിസി എന്നാണ് കേന്ദ്രം പറയുന്നത്. ഇന്ത്യയില്‍ പുതിയ സ്‌ക്രാപ്പിങ്ങ് പോളിസി വരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

കേന്ദ്ര ബജറ്റ് 2021ല്‍ സ്വകാര്യ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും പരമാവധി ഉപയോഗകാലം നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗ കാലം. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 15 വര്‍ഷമാണ്. 2022 ഏപ്രില്‍ ഒന്നുമുതലാണ് സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുക.

പല വിദേശരാജ്യങ്ങളും വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ സ്‌ക്രാപ്പിങ് പോളിസി നടപ്പില്‍ വരുത്തിയിരുന്നു. പക്ഷെ ഈ പോളിസി ഇന്ത്യയിലെത്തുമ്പോള്‍ ചില വിഷയങ്ങള്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. അവയിലേക്ക് കടക്കും മുന്‍പ് എന്നു മുതലാണ് ഇന്ത്യയില്‍ സ്‌ക്രാപ്പിങ് പോളിസി വന്നതെന്ന് പരിശോധിക്കാം.

കേന്ദ്ര റോഡ് ഗതാഗത മന്ത്രിയായി നിതിന്‍ ഗഡ്കരി എത്തിയതിന് പിന്നാലെയാണ് സ്‌ക്രാപ്പിങ് പോളിസിയെ കുറിച്ചുള്ള കാര്യമായ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. മന്ത്രാലയത്തിന് മാത്രമായി ഈ പോളിസി നടപ്പില്‍ വരുത്തുകയും ചെയ്തിരുന്നു.

2022 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലവിലെ പോളിസി സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും ബാധകമാണ്. ഈ പോളിസി പ്രകാരം 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ വാഹനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതുമായ കാറുകളും ഡി-രജിസ്റ്റര്‍ ചെയ്യുകയും നശിപ്പിക്കുകയും ചെയ്യും.

സ്വാകാര്യവാഹനങ്ങളില്‍ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. അതു കഴിഞ്ഞാല്‍ ഇവ പൊളിച്ചു കളയണമെന്നതാണ് പോളിസി. ഈ പോളിസിക്കാണ് കേന്ദ്രം ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

കാലാവധി പൂര്‍ത്തിയായ വഹനങ്ങള്‍ ഓട്ടോമേറ്റഡ് ഫിറ്റ്നെസ് സെന്ററുകളില്‍ പരിശോധനക്ക് വിധേയമാക്കി ഉപയോഗക്ഷമമല്ലാത്തവ നശിപ്പിക്കും എന്നുപറയുന്ന ചില റിപ്പോര്‍ട്ടുകളല്ലാതെ ഈ പോളിസി എങ്ങനെയാണ് രാജ്യത്ത് നടപ്പില്‍ വരുത്തുക എന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഈ പോളിസി ഉയര്‍ത്തുന്ന പ്രധാന ആശങ്കള്‍ എന്തെല്ലാമാണ് ?

ഇന്ത്യ പോലൊരു രാജ്യത്തിലെ ജനങ്ങള്‍ക്ക് താങ്ങാനാകുന്നതാണോ ഈ പൊളിച്ചു കളയല്‍ നയം എന്നതാണ് പ്രധാന ചോദ്യം. ഇതുവരെ സ്‌ക്രാപ്പിങ് പോളിസി നടപ്പിലാക്കിയ രാജ്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കുകയാണെങ്കില്‍ ചൈനയൊഴികെ മറ്റെല്ലാം വികസിത രാജ്യങ്ങളാണ്. ലക്ഷം ഡോളറിന് മുകളില്‍ ശരാശരി വാര്‍ഷിക വരുമാനമുള്ള രാജ്യങ്ങളാണ് ഇവയെല്ലാം. അതായത് ആ രാജ്യത്തെ മിക്ക പൗരന്മാര്‍ക്കും ഒരു മാസത്തെ വരുമാനം കൊണ്ട് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. അവരെ സംബന്ധിച്ചിടത്തോളം പത്തോ ഇരുപതോ വര്‍ഷം ഉപയോഗിച്ച വാഹനങ്ങള്‍ ഉപേക്ഷിക്കുക എന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നില്ല.

മലിനീകരണം കുറക്കാനും പൗരന്മാരുടെ കൈയ്യിലെ പണം മാര്‍ക്കറ്റിലേക്കിറക്കാനുമായിരുന്നു ഈ രാജ്യങ്ങള്‍ വാഹനം പൊളിക്കല്‍ നടപടി കൊണ്ടുവന്നത് തന്നെ.

എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇതല്ല സ്ഥിതി. പലരും വര്‍ഷങ്ങളോളം അധ്വാനിച്ചും സമ്പാദിച്ചുമാണ് തങ്ങളുടെ ചിരകാല സ്വപ്നമായ വാഹനങ്ങള്‍ സ്വന്തമാക്കുന്നത്. ഇത് നഷ്ടപ്പെട്ടാല്‍ പുതിയൊന്ന് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയുള്ളവര്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും.

പഴയ വാഹനങ്ങള്‍ പൊളിച്ചു കളയുന്നത് കൂടുതല്‍ പുതിയ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ അവസരമൊരുക്കുമെന്ന വാഹന കമ്പനികളുടെ പ്രതീക്ഷ, നടപ്പിലാവാന്‍ സാധ്യതയുള്ള സാമ്പത്തികസ്ഥിതിയല്ല ഇന്ത്യയിലേതെന്നാണ് വിദഗ്ധരെല്ലാം ചൂണ്ടിക്കാണിക്കുന്നത്. കമ്പനികള്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ വാങ്ങാനുള്ള കാശ് കൂടി നാട്ടുകാരുടെ കയ്യില്‍ വേണ്ടെയെന്നാണ് ഇവര്‍ ഉന്നയിക്കുന്ന തികച്ചും ന്യായമായ ചോദ്യം.

നോട്ട് നിരോധനം പോലെ തന്നെയാകുമോ ഈ വാഹനം പൊളിക്കല്‍ പരിപാടിയുമെന്നാണ് നിരവധി പേര്‍ ചോദിക്കുന്നത്. രണ്ടിന്റെയും ഭാരം താങ്ങേണ്ടി വരുന്നത് സാധാരണക്കാര്‍ തന്നെയാവില്ലേയെന്നും ഇവര്‍ ചോദിക്കുന്നു. അതിസമ്പന്നര്‍ക്കും വന്‍കിട കമ്പനികള്‍ക്കും ലാഭമുണ്ടാക്കാന്‍ വേണ്ടി മാത്രമാണോ ഈ നയമെന്നും ചോദ്യമുയരുന്നുണ്ട്.

ഇതിനിടയില്‍ പഴയ വാഹനങ്ങളുടെ ഉപയോഗം കുറക്കാനായി ഗ്രീന്‍ ടാക്സ് എന്ന പുതിയ നികുതിയ്ക്കും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ് ഈടാക്കും. റോഡ് നികുതിയുടെ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലായിരിക്കും ഈ ഗ്രീന്‍ ടാക്സ് തുക. വാഹനത്തിന്റെ ടൈപ്പ്, ഉപയോഗിക്കുന്ന ഇന്ധനം, രജിസ്റ്റര്‍ ചെയ്യുന്ന നഗരത്തിലെ മലിനീകരണത്തിന്റെ തോത് ഇതെല്ലാമനുസരിച്ച് ഈ നികുതിയില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകും. ഗ്രീന്‍ ടാക്സിന്റെ പ്രാക്ടിക്കല്‍ വശങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.

പൊളിക്കല്‍ നയത്തെയും ഹരിത ടാക്സിനെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എങ്കിലും സാധാരണക്കാരന് ചെറുതല്ലാത്ത ആശങ്ക തന്നെയാണ് ഇവ രണ്ടും സൃഷ്ടിച്ചിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Scrappage Policy for Vehicles in India – Explained

ഡൂള്‍ന്യൂസ് ഡെസ്‌ക്